മുടപ്പിലാവിൽ: വില്യാപ്പള്ളി പഞ്ചായത്തിലെ കീഴൽ ചെക്കോട്ടിബസാർ മുതൽ മണിയൂർ പഞ്ചായത്തിലെ ചൊവ്വാപ്പുഴ വരെയുള്ള തൂണൂറത്താഴ തോട് കർഷകസംഘം വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയപങ്കാളിത്തത്തോടെ ശുചീകരിച്ചു.

ഇരുപഞ്ചായത്തുകളിലെയും കലാ-സാംസ്‌കാരിക പ്രവർത്തകരും നാട്ടുകാരും മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെയും മണിയൂർ എൻജിനിയറിങ്‌ കോളേജിലെയും എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളും പങ്കാളികളായി. തിരുവള്ളൂർ പഞ്ചായത്തിലെ പനോള്ളതിൽതാഴനിന്ന് ചെക്കോട്ടി ബസാർവരെയുള്ള ഭാഗം കഴിഞ്ഞദിവസങ്ങളിൽ വീതികൂട്ടി ശുചീകരിച്ചിരുന്നു.

മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏഴുകിലോമീറ്ററോളം നീളമുള്ള ഈ പ്രധാന തോട്, തൂണൂറമലയുടെ താഴ്വരയിലൂടെ കടന്നുപോകുന്ന കുറ്റ്യാടി ജലസേചനപദ്ധതിയുടെ മണിയൂർ ബ്രാഞ്ച് കനാൽ തുറന്നാൽ വേനൽക്കാലത്തും ജലസമൃദ്ധമാണ്. നടയ്ക്കൽതാഴ വയലിലെ ജലനിധി ജലസംഭരണിയിലെ ജലവിതാനം നിലനിർത്തുന്നതും ചൊവ്വാപ്പുഴയിലെ ജലവിതാനമുയർത്തുന്നതും ഈ തോടാണ്.

വില്യാപ്പള്ളി ഭാഗത്തെ പ്രവർത്തനങ്ങൾക്ക് വാർഡ് അംഗം പുത്തൂർ പ്രദീപൻ, പി.പി. കുഞ്ഞബ്ദുള്ള ഹാജി, കെ.കെ. ബിജുള, കാലമ്മാട്ടിൽ ബാലൻ, സി.പി. ബിജു പ്രസാദ് തുടങ്ങിയവരും മണിയൂർഭാഗത്ത് പി.കെ. അശോകൻ, കെ.എം. മനോജൻ, ടി.ടി. രവിദാസ്, കെ. ശശിധരൻ, സി.പി. മുകുന്ദൻ എന്നിവരും നേതൃത്വം നൽകി. മനത്താനത്തുതാഴ ഭാഗത്തെ ശുചീകരണം 29- ന് നടത്തും.