കൊയിലാണ്ടി: അമ്പത്തിമൂന്ന് ദിവസത്തെ അധ്വാനത്തിലൂടെ മനോഹരമായൊരു വീടു നിർമിച്ചതിന്റെ ആഹ്ലാദത്തിലാണ് പെൺകൂട്ടായ്മയായ കൊടക്കാട്ടുംമുറി സൃഷ്ടി കുടുംബശ്രീ കൺസ്ട്രക്‌ഷൻ ഗ്രൂപ്പ്. കൊയിലാണ്ടി നഗരസഭ ലൈഫ് ഭവനപദ്ധതിയിൽ കാവുംപുറത്ത് ബേബിക്കാണ് പെൺകരുത്തിൽ വീടൊരുങ്ങിയത്. വീടിന്റെ താക്കോൽ 10-ന് മന്ത്രി ടി.പി. രാമകൃഷ്ണൻ കൈമാറും.

ജൂലായ് ഏഴിന് നഗരസഭാ ചെയർമാൻ കെ. സത്യനാണ് വീടിന് തറക്കല്ലിട്ടത്. കനത്ത മഴയെത്തുടർ‌ന്ന് കല്ലും മണലും നിർമാണസാമഗ്രികളും കിട്ടാൻ താമസമെടുത്തു. എന്നിട്ടും വീടുനിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനായി. ചുമരുകെട്ടാനും വാർപ്പിനും തേപ്പിനും വയറിങ്ങിനും പെയിന്റിങ്ങിനുമെല്ലാം സ്ത്രീത്തൊഴിലാളികൾ മുന്നിട്ടിറങ്ങി. തൊഴിൽപരിശീലനസ്ഥാപനം ‘എക്സാറ്റി’ന്റെ വിദഗ്ധതൊഴിലാളികൾ വീടുപണിയിൽ വനിതകൾക്ക് പിന്തുണയേകി. എൻജിനിയർ നസീർ മേൽനോട്ടം വഹിച്ചു. 500 ചതുരശ്രയടി വിസ്തൃതിയുള്ള വീട്ടിൽ ഒരു കിടപ്പുമുറി, ഭക്ഷണമുറി, അടുക്കള, വരാന്ത, ബാത്ത് റൂം എന്നിവയുണ്ട്.

നഗരസഭയിലെ പൊതുമരാമത്ത് നിർമാണപ്രവൃത്തികൾ ടെൻഡർകൂടാതെ ഈ പെൺകൂട്ടായ്മയെ ഏൽപ്പിക്കുന്നത് പരിഗണിക്കുമെന്ന് നഗരസഭാ വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എൻ.കെ. ഭാസ്കരനും കൗൺസിലർ ബാവ കൊന്നേൻകണ്ടിയും പറഞ്ഞു.

കുടുംബശ്രീ എ.ഡി.എസ്. അധ്യക്ഷകൂടിയായ സി.പി. ശ്രീജിഷയാണ് സൃഷ്ടി കൺസ്ട്രക്‌ഷൻ ഗ്രൂപ്പിന്റെ ടീം ലീഡർ. ടി.പി. അജിത, കെ.എം.സജിത, ടി.പി.സ്മിത, ടി.സി.സുധ, എ.ടി.ചന്ദ്രിക, കെ.വി.രാധ, ടി.സി.ലീല, കെ.കെ.പ്രേമി, കെ.കെ.പുഷ്പ, പി.ടി.ശാന്ത, കെ.രാധ, സി.സജിന, കെ.കെ.പ്രസീന, കെ.എ.മാധവി എന്നിവരാണ് അംഗങ്ങൾ. പരിശീലനകാലത്ത് നൽകുന്ന 200 രൂപ സ്റ്റൈപ്പൻഡിനെ കൂടാതെ ഭക്ഷണത്തിന് 80 രൂപയും യാത്രച്ചെലവിന് 50 രൂപയും ലഭിക്കുന്നുണ്ട്. രാവിലെ എട്ടരമുതൽ അഞ്ചുവരെയാണ് ജോലി.