കൊയിലാണ്ടി : നടുവത്തൂർ നടേരി ഇസ്സത്ത് മൻസിൽ സാജിദിന്റെ വീടിനുനേരെ പാതിരാത്രിയിൽ ആക്രമണം. വീടിന്റെ ചുറ്റുമതിൽ 15 മീറ്റർ നീളത്തിൽ തകർത്തു. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്ന് ടോർച്ചടിച്ചപ്പോൾ വീടിന് നേരെയും അക്രമികൾ കല്ലേറ് നടത്തി. കല്ലേറിൽ ജനൽച്ചില്ലുകൾ തകർന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അക്രമം.

മുഖം മൂടിയണിഞ്ഞാണ് അക്രമിസംഘം എത്തിയത്. വിവരമറിഞ്ഞ് രാത്രിതന്നെ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി. അക്രമം നടന്നസമയത്ത് പ്രദേശത്ത് വൈദ്യുതിയില്ലായിരുന്നു. അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്ന് വീട്ടുടമ സാജിദ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കൊയിലാണ്ടി പോലീസ് അറിയിച്ചു.