കൊയിലാണ്ടി : കുറുവങ്ങാട് ഗവ.ഐ.ടി.ഐ.യുടെ വികസനപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കെ. ദാസൻ എം.എൽ.എ. അറിയിച്ചു. നാലുകോടിരൂപയാണ് തൊഴിൽ വകുപ്പ് ഐ.ടി.ഐ. യുടെ വികസനത്തിനായി അനുവദിച്ചത്. സംസ്ഥാനത്ത് തൊഴിൽവകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന 10 ഐ.ടി.ഐ.കളെ കിഫ്ബിയുടെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയിൽ കുറുവങ്ങാട് ഐ.ടി.ഐ.യും ഇടംപിടിച്ചിരിക്കയാണ്.

സംസ്ഥാനസർക്കാർ തൊഴിൽവകുപ്പിന് കീഴിൽത്തന്നെയുള്ള കേയ്‌സി (കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്) നാണ് പദ്ധതിയുടെ നിർവഹണച്ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് വികസനപദ്ധതി കരാറെടുത്തത്. കൊയിലാണ്ടി ഐ.ടി.ഐ. സ്ഥാപിതമായിട്ട് 34 വർഷമായി. ഐ.ടി.ഐ.യുടെ സമഗ്രവികസനത്തിനായി തയ്യാറാക്കിയ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലാണ് നിർമാണപ്രവൃത്തികൾ. പുതിയ അക്കാദമിക് ബ്ലോക്ക്, സെക്യൂരിറ്റി കാബിനോടുകൂടിയ പ്രവേശനകവാടം, ചുറ്റുമതിൽ, റോഡ്, വർക്ക്‌ഷോപ്പുകളുടെ നവീകരണം, ക്ലാസ്‌മുറികൾ ഹൈടെക് ആക്കൽ, കാമ്പസ് സൗന്ദര്യവത്കരണം, അക്കാദമിക് ബ്ലോക്കിലേക്കാവശ്യമായ ഫർണിച്ചറുകൾ തുടങ്ങിയ വികസനപ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്.

കൊയിലാണ്ടി നിയോജകമണ്ഡലം പരിധിയിൽ രണ്ട് ഗവ. ഐ.ടി.ഐ.കളാണ് പ്രവർത്തിച്ചുവരുന്നത്. കക്രാട്ട് കുന്നിലേത് സംസ്ഥാന പട്ടികജാതി വികസനവകുപ്പിന് കീഴിലും കുറുവങ്ങാട് വരകുന്നിലേത് തൊഴിൽവകുപ്പിന് കീഴിലുമാണ്. കക്രാട്ടുകുന്ന് ഐ.ടി.ഐ.യിൽ 1.95 കോടി ചെലവിൽ നിർമിച്ച പുതിയ കെട്ടിടം നേരത്തെ ഉദ്ഘാടനംചെയ്തിരുന്നു. 1986- ലാണ് വരകുന്നിൽ ഐ.ടി.ഐ. സ്ഥാപിതമാകുന്നത്. നിലവിൽ 10 ട്രേഡുകളിലായി 450 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. 22 ഇൻസ്‌ട്രെക്ടർമാരും 14 അനധ്യാപകരും ഉൾപ്പെടെ 36 പേർ ഇവിടെ ജീവനക്കാരായുണ്ട്. ഭൗതികസാഹചര്യങ്ങളിൽ മാറ്റങ്ങൾക്കനുസൃതമായി ആധുനിക തൊഴിലധിഷ്ഠിത കോഴ്‌സുകളും ഇവിടേക്ക് അനുവദിക്കുമെന്ന് തൊഴിൽമന്ത്രി ഉറപ്പുനൽകിയതായും എം.എൽ.എ. പറഞ്ഞു.