കൊയിലാണ്ടി : നഗരത്തിലെ ഹോട്ടലുകളിൽ പാചകവാതക സിലിൻഡർ വിതരണം ചെയ്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇയാളുമായി സമ്പർക്ക സാധ്യതയുള്ള ഹോട്ടലുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ കളക്ടർ ഉത്തരവിട്ടു. ഹോട്ടലുകളിൽ അണുനശീകരണം നടത്തണം.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച കൊയിലാണ്ടി നടേലക്കണ്ടി വാർഡ് (32) അടച്ചു. ബപ്പൻകാട് ജങ്‌ഷൻ മുതൽ വടക്ക് കെ.ഡി.സി. ബാങ്ക് വരെയുള്ള സ്ഥലത്താണ് നിയന്ത്രണം. കൊയിലാണ്ടി മാർക്കറ്റും, ഹാർബറും അടച്ചിട്ടിരിക്കുകയാണ്. ഈ വാർഡിൽ വരുന്ന പുതിയ ബസ് സ്റ്റാൻഡിലും കടകൾ തുറക്കില്ല.

ബസ് സർവീസിൽ ക്രമീകരണം

നഗരമധ്യം കണ്ടെയ്‌ൻമെന്റ് സോണായതിനാൽ കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന ബസുകൾ പോസ്റ്റോഫിസിന് സമീപം നിർത്തിയാണ് യാത്രക്കാരെ കയറ്റുക. കോഴിക്കോട്ട്നിന്ന് കണ്ണൂരിലേക്ക് പോകുമ്പോൾ പഴയ സ്റ്റാൻഡിൽ നിർത്തും. താമരശ്ശേരി, അരിക്കുളം ഭാഗത്ത്നിന്ന് വരുന്ന ബസുകളും പുതിയ സ്റ്റാൻഡിൽനിന്ന് യാത്രക്കാരെ കയറ്റില്ല.

പടിഞ്ഞാറുഭാഗത്ത് നിയന്ത്രണമില്ല

കണ്ടെയ്ൻമെന്റ് സോണിലേക്ക് മറ്റ് വാർഡുകളിൽനിന്ന് ആളുകൾ വരുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടി നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് ഇപ്പോൾ നിയന്ത്രണമുള്ളത്. എന്നാൽ ഇതോടനുബന്ധിച്ച് പടിഞ്ഞാറ്് ഭാഗത്ത് നിയന്ത്രണമൊന്നുമില്ല. ഈ ഭാഗത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാലും കൊയിലാണ്ടി നഗരത്തിൽ ആളുകൾ പൊതുവേ കുറവാണ്. ഓട്ടോറിക്ഷകൾ പലതും ഓട്ടം നിർത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും ചിലർ ഇപ്പോഴും ഇരുചക്ര വാഹനത്തിൽ ഒരു കാര്യവുമില്ലാതെ നഗരത്തിൽ ചുറ്റിക്കറങ്ങുന്നുണ്ട്. ഇത്തരക്കാരുടെ പേരിൽ കർശന നടപടിയെടുക്കാനാണ് പോലീസ് തീരുമാനം.