കൊയിലാണ്ടി: ഒള്ളൂർ കടവിൽ പാലം നിർമാണത്തിന് സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം. സ്ഥലമേറ്റെടുത്ത് കിട്ടിയാൽ പാലംപണി ഉടൻ തുടങ്ങാൻ കഴിയും. ചേലിയഭാഗത്ത് പാലം സമീപന റോഡ് നിർമാണത്തിന് സ്ഥലം വിട്ടുനൽകാൻ ഭൂവുടമകൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കെ. ദാസൻ എം.എൽ.എ. അറിയിച്ചു. എന്നാൽ ബാലുശ്ശേരി മണ്ഡലത്തിൽ വരുന്ന ഒള്ളൂർ ഭാഗത്ത് സ്ഥലമേറ്റെടുപ്പ് നടപടികൾ അനിശ്ചിതത്വത്തിലാണ്. പ്രദേശത്തെ ഏതാനും പേർ സ്ഥലം വിട്ടുനൽകുന്നതിൽ വിമുഖത കാട്ടിയിട്ടുണ്ട്. ഇവരെ പ്രത്യേകം വിളിച്ച് കളക്ടർ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

രണ്ടര ഏക്രയോളം സ്ഥലമാണ് പാലത്തിനായി ഒള്ളൂർക്കടവ് ഭാഗത്ത് ഏറ്റെടുക്കേണ്ടത്. ചേലിയ ഭാഗത്തും രണ്ട് ഏക്കറോളം സ്ഥലവും വേണം. മതിയായ നഷ്ടപരിഹാരം നൽകിയാൽ ചേലിയയിൽ സ്ഥലം വിട്ടുനൽകാൻ പ്രദേശവാസികൾ നേരത്തെ തന്നെ തയ്യാറാണ്. ചേലിയ ഭാഗത്ത് ഭൂമി എറ്റെടുക്കലുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങൾ ഒന്നും ഉടലെടുത്തിരുന്നില്ല. സ്ഥലം ഏറ്റെടുത്ത് കിട്ടിയാൽ ഫാസ്റ്റ് ട്രാക്ക് പദ്ധതിയിൽപ്പെടുത്തി പാലം നിർമിക്കാൻ കഴിയും. ഭൂമി ഏറ്റെടുക്കുന്നതിന് കാലതാമസം വന്നാൽ പാലം നിർമാണം ഇനിയും അനന്തമായി നീളും.

ഉള്ളൂർ കടവ് പാലത്തിന് 2009 ഓഗസ്റ്റ് 14-ന് എട്ടര കോടി രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതി നൽകിയിരുന്നെങ്കിലും ആവശ്യമായ ഭൂമി ഏറ്റെടുത്ത് കിട്ടാത്തതിനാലാണ് പണി ആരംഭിക്കുവാൻ കഴിയാത്തത്. പാലത്തിന്റെ രൂപകല്പനയ്ക്ക് നേരത്തെ തന്നെ ചീഫ് എൻജിനീയറുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.