കൊയിലാണ്ടി: വിദ്യാദേവതയെ ഉപാസിക്കുന്ന നവരാത്രിയാഘോഷത്തിന്റെ നിറവിലാണ് ദേവീക്ഷേത്രങ്ങൾ. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഞായറാഴ്ച നിരവധി ഭക്തരാണ് ദർശനത്തിനെത്തിയത്. കാഴ്ചശീവേലി, ക്ഷേത്രകലകളായ സോപാനസംഗീതം, തായമ്പക, കൊമ്പ്പറ്റ്, കുഴൽപറ്റ്, കേളികൈ എന്നിവയും കാർത്തിക സംഗീതസഭയുടെ മൃദുലയതരംഗം, കൊല്ലം കലാഞ്ജലിയുടെ നൃത്തനൃത്യങ്ങൾ, ശിവദം കലാസാംസ്കാരികകേന്ദ്രത്തിന്റെ നൃത്തസന്ധ്യ എന്നിവയും ഉണ്ടായിരുന്നു. പൊയിൽക്കാവ് ദുർഗാദേവീക്ഷേത്രത്തിൽ ഞായറാഴ്ച പ്രഭാഷണം, ഭജനാമൃതം, നൃത്തസന്ധ്യ തുടങ്ങിയ പരിപാടികൾ നടന്നു.

തിരുവങ്ങൂർ സജീഷ് ഉണ്ണി-ശ്രീജിത്ത് മണി സ്മാരക സേവാസമിതിയിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായിനടന്ന സാംസ്കാരികസദസ്സ് സിനിമാസംവിധായകൻ അലി അക്ബർ ഉദ്ഘാടനംചെയ്തു. കൈയെഴുത്ത് മാസികാപ്രകാശനവും നടന്നു. റാങ്ക്‌ ജേതാവ് നിമിഷ ബിന്നി, മികച്ച എൻ.എസ്.എസ്. വൊളന്റിയർ ടി.കെ. ബാസുരി എന്നിവരെ അനുമോദിച്ചു. ടി. നളിനി, ഡോ. അർച്ചന രാധാകൃഷ്ണൻ, ഭാസ്കരൻ കൊളോത്ത്, സാജൻ നന്ദനം എന്നിവർ സംസാരിച്ചു. ഗ്രന്ഥപൂജ, പ്രഭാഷണം തുടങ്ങിയ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും.