വടകര: കൂടത്തായി കൊലപാതകപരമ്പരയിലെ നാലാമത്തെ കൊലപാതകമായ മാത്യു മഞ്ചാടിയിൽ വധക്കേസിൽ പ്രത്യേക അന്വേഷണസംഘം താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി.

ജോളി ഉൾപ്പെടെ മൂന്നുപേരാണ് പ്രതികൾ. 178 സാക്ഷികളുണ്ട്. 146 രേഖകൾ ഉൾപ്പെടെ 2016 പേജുള്ള കുറ്റപത്രമാണ് തിങ്കളാഴ്ച കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ചത്.

ജോളിയമ്മ എന്ന ജോളി (47), സയനൈഡ് എത്തിച്ചുനൽകിയ ജൂവലറി ജീവനക്കാരൻ കക്കാട് കക്കവയൽ മഞ്ചാടിയിൽ എം.എസ്. മാത്യു (44), സ്വർണപ്പണിക്കാരൻ താമരശ്ശേരി തച്ചംപൊയിലിലെ മുള്ളമ്പലത്തിൽ പ്രജികുമാർ (48) എന്നിവർക്കെതിരേയാണ് കുറ്റപത്രം. കൊലപാതകം, കുറ്റംചെയ്യാൻ പ്രേരിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, സംഘംചേർന്നുള്ള കുറ്റകൃത്യം ചെയ്യൽ, പോയിസണസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

സയനൈഡ് കലർത്തി ജോളി നൽകിയ മദ്യം കുടിച്ച് അവശനായ മാത്യു വെള്ളം ചോദിച്ചപ്പോൾ ആ വെള്ളത്തിലും സയനൈഡ് കലർത്തിയെന്നാണ് കേസ്. ഇത് തെളിയിക്കാനാവശ്യമായ സാക്ഷിമൊഴികളും മറ്റ് ശാസ്ത്രീയതെളിവുകളും ഉണ്ടെന്ന് റൂറൽ എസ്.പി. കെ.ജി. സൈമൺ പറഞ്ഞു.

ജോളിയുടെ രണ്ട് മക്കളും കേസിൽ സാക്ഷികളാണ്. ഇവർ മജിസ്‌ട്രേറ്റിനുമുമ്പാകെ നൽകിയ രഹസ്യമൊഴിയുമുണ്ട്. മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്, മാത്യുവിനെ ചികിത്സിച്ച ആശുപത്രികളിലെ രേഖകൾ എന്നിവയും നിർണായക തെളിവുകളാണ്. മെഡിക്കൽ ബോർഡിലെ മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ 10 ഡോക്ടർമാർ സാക്ഷികളാണ്. bb

കൊലയ്ക്ക് മൂന്ന് കാരണങ്ങൾbb

റോയി തോമസിന്റെ അമ്മാവനായ മാത്യു മഞ്ചാടിയിലിനെ വധിക്കാൻ ജോളിയെ പ്രേരിപ്പിച്ചത് മൂന്ന് കാരണങ്ങളാണെന്ന് കുറ്റപത്രം. ഒന്ന് റോയി തോമസ് മരിച്ചപ്പോൾ ആ മരണത്തിൽ ഏറെ സംശയം പ്രകടിപ്പിച്ചത് മാത്യുവാണ്. പലരോടും മരണത്തെക്കുറിച്ച് ഇദ്ദേഹം സംശയം പറഞ്ഞു. ഒരു കാരണവശാലും സ്വത്ത് ജോളിക്ക് നൽകരുതെന്ന് മാത്യു ചിലരോടൊക്കെ പറഞ്ഞിരുന്നു. ഇതാണ് രണ്ടാമത്തെ കാരണം.

മൂന്നാമത്, റോയിയുടെ മരണശേഷം രണ്ടാംപ്രതി എം.എസ്. മാത്യു ഉൾപ്പെടെ പലരും ജോളിയുടെ വീട്ടിൽ ഇടയ്ക്കിടെ വരുന്നത് മാത്യു ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മാത്യുവിനെ വധിക്കാൻ ജോളി തീരുമാനിക്കുന്നത്. bb

മരണം ഉറപ്പിക്കാൻ പോകുമ്പോൾ മകനെയും കൂട്ടിbb

2014 ഫെബ്രുവരി 24-നാണ് മാത്യു മരിക്കുന്നത്. അന്നേദിവസം ഭാര്യ അന്നമ്മ കട്ടപ്പനയിൽ ഒരു വിവാഹത്തിന് പോയിരുന്നു. മാത്യുവിനെ ഇല്ലാതാക്കാൻ ഈ ദിവസം തിരഞ്ഞെടുത്ത ജോളി അരക്കുപ്പി മദ്യത്തിൽ സയനൈഡ് കലർത്തിയ ശേഷം വാനിറ്റിബാഗിൽ വെച്ച് എൻ.ഐ.ടി.യിലേക്കെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങി.

ഉച്ചയ്ക്കുശേഷം തിരിച്ചെത്തി 3.30-ഓടെ മാത്യുവിന്റെ വീട്ടിലേക്ക് കയറി. സൗഹൃദഭാവത്തിൽ മദ്യം നൽകി. മാത്യു ഇത് കുടിച്ചശേഷം ജോളി സ്വന്തം വീട്ടിലേക്ക് മടങ്ങി. നാലുമണിയോടെ എന്തായെന്ന് അറിയാൻ വീണ്ടും മാത്യുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ ഇളയമകനെയും ഒപ്പം കൂട്ടി. ഇവർ വീട്ടിലെത്തുമ്പോൾ കിടപ്പുമുറിയിലെ ബക്കറ്റിൽ ഛർദിച്ചശേഷം അവശനിലയിൽ കിടക്കുകയായിരുന്നു മാത്യു. കൈകൊണ്ട് വെള്ളം വേണമെന്ന്‌ ആംഗ്യം കാട്ടി. ഉടൻതന്നെ ജോളി മകനെ വരാന്തയിൽ നിർത്തിയശേഷം ആരെങ്കിലും വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കാൻ പറഞ്ഞു. ഈ സമയം അടുക്കളയിൽപ്പോയി വെള്ളത്തിൽ കുറച്ച് സയനൈഡ് കൂടി കലർത്തി. ഇത് കുടിച്ചതോടെ മാത്യു വീണ്ടും അവശനിലയിലായി.

പിന്നീട് ജോളി തന്നെയാണ് അടുത്തുള്ളവരെ വിളിച്ചുവരുത്തുന്നതും ആശുപത്രിയിലെത്തിക്കാൻ നേതൃത്വം നൽകുന്നതും. ആറുമണിക്ക് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴുമണിയോടെ മരിച്ചു.