കൊടുവള്ളി : മോഷണം നടത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ കള്ളന്റെ മനസ്സുമാറി. തനിക്കെതിരേ പോലീസ് സ്റ്റേഷനിൽ പരാതിപോയതറിഞ്ഞാണ് മനംമാറ്റം. മോഷ്ടിച്ച അഞ്ചുപവന്റെ സ്വർണാഭരണം രാത്രി ആരുമറിയാതെ ഉടമസ്ഥന്റെ വീട്ടുമുറ്റത്തുകൊണ്ടിട്ട് തടിതപ്പി.

ഒരാഴ്ചമുമ്പ് കൊടുവള്ളി നഗരസഭയിലെ ഒരു വീട്ടിൽനിന്നാണ് അഞ്ച് പവന്റെ സ്വർണാഭരണം കാണാതായത്. വീട്ടിൽ അഴിച്ചുവെച്ച സ്വർണാഭരണം കാണാതായതോടെ വീട്ടുകാർ വീടുമുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. വീട്ടിൽ കള്ളൻ കയറിയ ലക്ഷണങ്ങളൊന്നും കണ്ടെത്താനും കഴിഞ്ഞില്ല. തുടർന്ന് ആ ദിവസം വീട്ടിൽ വന്നവരെക്കുറിച്ചായി അന്വേഷണം. വീട്ടുടമസ്ഥന്റെ മകന്റെ സുഹൃത്തല്ലാതെ മറ്റാരും ആ ദിവസം വീട്ടിൽ വന്നിട്ടില്ലെന്ന് മനസ്സിലായതോടെ വീട്ടുകാർ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. എന്നാൽ, സ്വർണാഭരണം മോഷ്ടിച്ചത് താനല്ലെന്ന് സുഹൃത്ത് തറപ്പിച്ചു പറഞ്ഞു. തുടർന്ന് കൊടുവള്ളി പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. പരാതിയിൽ ഒരാളെ സംശയിക്കുന്നതായും പറഞ്ഞിരുന്നു.

പോലീസ് ഇയാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു. ബുധനാഴ്ച വീണ്ടും സ്റ്റേഷനിൽ വരണമെന്ന് പറഞ്ഞ് വിട്ടയച്ചു. എന്തായാലും പിടിക്കപ്പെടുമെന്നുറപ്പായ കള്ളൻ സ്വർണാഭരണം ഉടമസ്ഥന്റെ വീട്ടിൽ തിരികെ കൊണ്ടുവെച്ചു. ബുധനാഴ്ച കാലത്ത് എഴുന്നേറ്റ വീട്ടുടമസ്ഥൻ മോഷണംപോയ സ്വർണാഭരണമാണ് കണികണ്ടത്. സ്വർണാഭരണം കിട്ടിയതോടെ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി വീട്ടുടമസ്ഥൻ പിൻവലിക്കുകയും ചെയ്തു.