കൊടുവള്ളി : രണ്ടുപേരുടെ ജീവൻ രക്ഷിച്ച യുവാവ്‌ നാടിന്റെ അഭിമാനമായി. പുനൂർപ്പുഴയിലെ വാവാട് സെന്റർ തനിയാംകണ്ടി കടവിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയ രണ്ടു പേരുടെ ജീവൻ പുഴയിലേക്കെടുത്തു ചാടി രക്ഷിച്ച വാവാട് തനിയാംകണ്ടി റഫീഖ് (31) ആണ് നാട്ടുകാരുടെ ആദരവ് നേടിയത്.

പൂനൂർ സ്വദേശി ഷുക്കൂറിന്റെ മകൻ ജഫിൻ (14), അമ്മാവൻ വാവാട് പുറായിൽ അഷ്റഫ് (48) എന്നിവരാണ് കഴിഞ്ഞദിവസം കുളിക്കുന്നതിനിടെ പൂനൂർപ്പുഴയിൽ മുങ്ങിത്താഴ്‌ന്നു പോയത്. ജഫിൻ വാവാടുള്ള ഉമ്മയുടെ വീട്ടിലേക്ക് വന്നതായിരുന്നു. ഉച്ചയ്ക്ക് അമ്മാവൻ അഷ്റഫിനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

പുഴയിൽ ഇവർ കുളിക്കാനിറങ്ങിയ ഭാഗത്ത് വെള്ളം കൂടുതലുണ്ടായിരുന്നു. കുളിക്കുന്നതിനിടെ ജഫിനാണ് ആദ്യം മുങ്ങിപ്പോയത്. ജഫിൻ മുങ്ങുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഷ്റഫും പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു.

ഈ സമയം കുളിക്കാനെത്തിയ റഫീഖ് ഇത് കണ്ട ഉടൻതന്നെ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. റഫീഖിന്റെ മനോധൈര്യം ഒന്നുകൊണ്ടു മാത്രമാണ് ജഫിനും അഷ്റഫിനും ജീവൻ തിരിച്ചു കിട്ടിയത്.