കൊടുവള്ളി : കിഴക്കോത്ത് വട്ടപ്പാറപ്പൊയിൽ ചെറുമലയിൽ പത്മിനിയുടെ വീട് പൊളിച്ചുമാറ്റാൻ താൻ നിർദേശിച്ചെന്ന പത്മിനിയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് കിഴക്കോത്ത് പഞ്ചായത്ത് വി.ഇ.ഒ. ടി.എസ്. ശ്രീജ അറിയിച്ചു.

ലൈഫ് ഭവനപദ്ധതിയുടെ അർഹതപരിശോധനയ്ക്കുവേണ്ടി പത്മിനിയുടെ വീട് താൻ സന്ദർശിച്ചിരുന്നു. ആ സമയത്ത് മൺകട്ടയും ഓടുംകൊണ്ട് നിർമിച്ച വീടാണ് ഉണ്ടായിരുന്നത്. ലൈഫിന്റെ മാനദണ്ഡം അനുസരിച്ച് ഇത്തരം വീടുകൾ പരിഗണിക്കാൻ നിർവാഹമില്ലെന്ന് പത്മിനിയെ അറിയിച്ചിരുന്നു. അല്ലാതെ, വീട് പൊളിച്ചുമാറ്റണമെന്ന് നിർദേശിച്ചിരുന്നില്ല. പത്മിനിയെ പി.എം.എ.വൈ. പദ്ധതിയിൽ ഉൾപ്പെടുത്താൻവേണ്ടി വീട് ജിയോ ടാഗ് ചെയ്തതും ലിസ്റ്റ് ഗ്രാമസഭ അംഗീകരിച്ചതുമാണ്. കേന്ദ്രത്തിൽനിന്നുള്ള അനുമതി കിട്ടുന്നമുറയ്ക്ക് മുൻഗണനാടിസ്ഥാനത്തിൽ പത്മിനിയെ പരിഗണിക്കുന്നതുമാണ്.

ഈ വിവരങ്ങൾ പരാതിക്കാരിയായ പത്മിനിയെ രേഖാമൂലം അറിയിച്ചതാണെന്നും വി.ഇ.ഒ. അറിയിച്ചു.