കൊടുവള്ളി : അല്പമെങ്കിലും ധാർമികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ലീഡർ സ്റ്റഡി സെന്റർ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നക്സൽ കേസിൽ അറസ്റ്റിലായ രാജൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് 1977-ൽ ലീഡർ കെ. കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞത്. അന്ന് ധാർമികത പ്രസംഗിച്ച ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസാണ് കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടുനിൽക്കുന്നത്. ഈ സാഹചര്യത്തിൽ പിണറായി വിജയൻ പദവി രാജിവെച്ച് ധാർമികത തെളിയിക്കണമെന്ന് ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.
ഡി.സി.സി. ജനറൽ സെക്രട്ടറി എം.എം. വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ടി.കെ.പി. അബൂബക്കർ അധ്യക്ഷനായി. വി.ജെ. ചാക്കോ, എം.ആർ. ആലിക്കോയ, മുജീബ് പുറായിൽ, ടി.കെ. പുരുഷോത്തമൻ, പുളിയാറ അബൂബക്കർ ഹാജി, കെ.പി. മൊയ്‌തീൻ, എം.കെ. കേളുക്കുട്ടി, പി.എ. റസാഖ് എന്നിവർ സംസാരിച്ചു.
ആർട്ട് ഓഫ് ലിവിങ് ഓൺലൈൻ ബലിതർപ്പണം
കോഴിക്കോട് : ആർട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തിൽ ബെംഗളൂരു വൈദിക് ധർമ സൻസ്ഥാൻ ജൂലായ് 20-ന് രാവിലെ 7.30-ന് ആരംഭിക്കുന്ന ഓൺലൈൻ ബലിതർപ്പണത്തിന് സ്വാമി അദ്വൈതാനന്ദ മുഖ്യകാർമികത്വം വഹിക്കും. പങ്കെടുക്കുന്നവർ സ്വന്തം ഭവനങ്ങളിൽ ഇരുന്നുവേണം ബലികർമം നടത്തേണ്ടത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് 9995124798, 9746995389.