കൊടുവള്ളി : കൊടുവള്ളിയുടെ സ്വപ്നപദ്ധതിയായ സിറാജ് മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ഭൂ ഉടമകളുടെ നിലപാട് തെറ്റായ നടപടിയായിപ്പോയെന്ന് കാരാട്ട് റസാഖ് എം.എൽ.എ. പറഞ്ഞു. കൊടുവള്ളിയിലെ വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും ദേശീയപാത വഴിയുള്ള ഗതാഗതം സുഗമമാക്കുന്നതിനുമായാണ് മേൽപ്പാലം പദ്ധതി ആസൂത്രണം ചെയ്തത്. 2016-ൽതന്നെ ഇതിനായുള്ള ശ്രമം ആരംഭിക്കുകയും സർക്കാരിൽനിന്ന് മികച്ചപിന്തുണ ലഭിക്കുകയും ഇതിനുള്ള അനുമതി ലഭ്യമാക്കുകയും ചെയ്തു.
കൊടുവള്ളിയുടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശം എന്നനിലയ്ക്ക് മറ്റൊരു ബൈപ്പാസ് അപ്രായോഗികമാണ്. ഇതിനു പരിഹാരമായിട്ടാണ് നിലവിലെ റോഡിനെ പരമാവധി ഉപയോഗപ്പെടുത്തി, ജനങ്ങളുടെ പ്രയാസങ്ങൾ പരമാവധി ഉൾക്കൊണ്ടുകൊണ്ട് ആർ.ബി.ഡി.സി.ക്കുവേണ്ടി കിറ്റ്കോയുടെ നേതൃത്വത്തിൽ പദ്ധതി രൂപരേഖ തയ്യാറാക്കിയത്.
പദ്ധതി രൂപരേഖ തയ്യാറാവുന്ന ഘട്ടത്തിൽ ജനങ്ങൾ ഉന്നയിച്ച ആശങ്കകൾ പൂർണമായും പരിഗണിച്ചാണ് അന്തിമ അലൈൻമെൻറ്് തയ്യാറാക്കിയിരിക്കുന്നത് .
ഇപ്പോൾ പദ്ധതി ഏറെ മുന്നോട്ടുപോയിരിക്കുകയാണ്. പൊന്നുംവിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11 / 1 നോട്ടിഫിക്കേഷൻ പ്രകാരം ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി വിജ്ഞാപനം ഇറങ്ങിയിരിക്കുകയാണ്. പദ്ധതിയുടെ ഓരോ ഘട്ടത്തിലും ജനങ്ങളെ അറിയിച്ചുകൊണ്ടും പത്രമാധ്യമങ്ങളെ നേരിട്ട് അറിയിച്ചുമാണ് മുന്നോട്ടുപോകുന്നത്. പൊതുനന്മയ്ക്കായി വിലയ്ക്ക് ഭൂമി വിട്ടുനൽകുന്ന ഘട്ടത്തിൽ ഭൂ ഉടമകൾ വ്യക്തിതാത്‌പര്യങ്ങൾ മാറ്റിനിർത്തി പദ്ധതിക്ക് തടസ്സംനിൽക്കാതെ പൊതുനന്മയോടൊപ്പം നിൽക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.