കൊടുവള്ളി : കൊടുവള്ളിയിലും പരിസരപ്രദേശങ്ങളിലും വർധിച്ചുവരുന്ന മദ്യ-മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനത്തെ ശക്തമായി നേരിടാൻ സേവ് കൊടുവള്ളി ജാഗ്രതാസമിതി രൂപവത്കരിച്ചു.
കൊടുവള്ളി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ നടന്ന മദ്യ-മയക്കുമരുന്ന് മാഫിയകളുടെ അതിക്രമങ്ങളിൽ യോഗം പ്രതിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് എക്സൈസ്, പോലീസ് എന്നിവരെ നേരിൽക്കണ്ട് പരാതി ബോധിപ്പിക്കാനും ഉന്നത ഉദ്യോസ്ഥർക്കും വകുപ്പുമന്ത്രിക്കും നിവേദനം നൽകാനും തീരുമാനിച്ചു.
ലഹരിമുക്തഗ്രാമം എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് പ്രവർത്തനപദ്ധതികളുടെ മാർഗരേഖ തയ്യാറാക്കാനും, പ്രാഥമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും എം.പി.എ. ഖാദർ ചെയർമാനും, സലിം നെച്ചോളി കൺവീനറും സലാം സൗത്ത് കൊടുവള്ളി കോ-ഓർഡിനേറ്ററുമായി സേവ് കൊടുവള്ളി ജാഗ്രതാസമിതി രൂപവത്കരിച്ചു. ചെയർമാൻ സി.പി. ഫൈസൽ ഉദ്ഘാടനം ചെയ്തു. സലിം അണ്ടോണ അധ്യക്ഷനായി. ഒ.കെ. നജീബ്, റഫൂർ മുക്കിലങ്ങാടി, റഹീം, സി. ബഷീർ, സി.ടി. അബുൽഖാദർ, അഷ്റഫ് വാവാട്, റസാഖ് കൊടുവള്ളി എന്നിവർ സംസാരിച്ചു.