കൊടുവള്ളി : നഗരസഭയിൽ കളരാന്തിരി-കല്പള്ളിക്കടവ് റോഡിൽ യാത്രാദുരിതം അവസാനിക്കുന്നില്ല. താമരശ്ശേരി-വര്യട്ട്യാക്കിൽ റോഡ് പുനർനിർമാണപ്രവൃത്തി ആരംഭിച്ച് രണ്ടുവർഷം പിന്നിട്ടെങ്കിലും ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികൾ പൂർത്തിയാക്കാത്തതാണ് കളരാന്തിരി-കല്പള്ളിക്കടവ് റോഡിലെ യാത്രാദുരിതത്തിന് കാരണമായത്.
താമരശ്ശേരി-വര്യട്ട്യാക്കിൽ റോഡ് നിർമാണപ്രവൃത്തി സമയത്ത് കളരാന്തിരി-കല്പള്ളിക്കടവ് റോഡിൽ തുടക്കത്തിൽ കുറച്ചുഭാഗം ടാറിങ് പൊളിച്ചിട്ടിരുന്നു. താമരശ്ശേരി-വര്യട്ട്യാക്കിൽ റോഡിൽ മണ്ണെടുത്ത് ഉയരംകുറച്ചപ്പോൾ കളരാന്തിരി-കല്പള്ളിക്കടവ് റോഡ് ഉയരത്തിലായി. ഇതേത്തുടർന്നാണ് കല്പള്ളിക്കടവ് റോഡിന്റെ തുടക്കത്തിൽ കുറച്ചുഭാഗം ടാറിങ് പൊളിച്ച് ഉയരം കുറച്ച് താമരശ്ശേരി-വര്യട്ട്യാക്കിൽ റോഡിനോട് ചേർത്തത്. എന്നാൽ,
വര്യട്ട്യാക്കിൽ റോഡ് ടാറിങ് നടത്തിയപ്പോൾ കളരാന്തിരി- കല്പള്ളിക്കടവ് റോഡിലെ പൊളിച്ചിട്ടഭാഗം ടാറിങ് നടത്തിയില്ല. വര്യട്ട്യാക്കിൽ റോഡിൽ അഴുക്കുചാൽ നിർമാണവും പൂർത്തീകരിച്ചിട്ടില്ല. കളരാന്താരി അങ്ങാടിയിൽ ഉൾപ്പെടെയുള്ള അഴുക്കുചാൽനിർമാണത്തിലെ മെല്ലെപ്പോക്ക് വ്യാപാരികളെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണ്. പ്രധാന റോഡിൽനിന്ന് കയറിപ്പോവുന്ന ചെറിയ റോഡുകളെ ഇവർ പൂർണമായും അവഗണിച്ചതായി നാട്ടുകാർ പറയുന്നു. കൊടുവള്ളി നഗരസഭയെയും ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണ് കളരാന്തിരി-കല്പള്ളിക്കടവ് റോഡ്. മാസങ്ങളായി പൊളിച്ചിട്ടനിലയിൽ കിടക്കുന്ന റോഡ് മഴപെയ്തതോടെ ചെളിയായി കാൽനടയാത്രപോലും ദുരിതമായിരിക്കുകയുമാണ്.
വെളിമണ്ണ ഭാഗത്തേക്ക് ഇരുചക്രവാഹനക്കാരുടെ പ്രധാന യാത്രാമാർഗമാണ് ഈ റോഡ്. സൈക്കിളിൽ യാത്രചെയ്യുന്ന സ്ത്രീകളടക്കം ഇവിടെ വഴുതിവീഴുന്നു. റോഡ് തുടങ്ങുന്നിടത്ത് പ്രധാന റോഡിൽ ഇരുഭാഗങ്ങളിലേക്കും അഴുക്കുചാൽ നിർമിക്കാത്തതിനാൽ റോഡിൽ മഴവെള്ളം പരന്നൊഴുകുകയും റേഷൻകട ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ ദുരിതത്തിലാവുകയും ചെയ്യുന്നു. റോഡിലെ യാത്രാദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രശ്നം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ യാതൊരുപരിഹാരവും ഉണ്ടായിട്ടില്ലെന്ന് ഡിവിഷൻ കൗൺസിലർ പി. അനീസ് പറഞ്ഞു.