കൊടുവള്ളി : കൊടുവള്ളി സിറാജ് മേൽപ്പാലത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധന ഭൂവുടമകൾ തടസ്സപ്പെടുത്തി. ചൊവ്വാഴ്ചരാവിലെ പത്തരയോടെയായിരുന്നു സംഭവം.
റവന്യൂ ഇൻസ്പെകടർമാരായ ദിനേശൻ, അനസ്, സർവേയർമാരായ ജിഷ രാജ്, ശ്യാംലാൽ, അബ്ദുൽ സലാം, കാറ്റ്കോ പ്രോജക്ട് എൻജിനീയർ സൻജോ കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സർവേയിൽ മാർക്ക് ചെയ്തഭാഗങ്ങൾ ഏതെല്ലാമെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഉദ്യോഗസ്ഥർ വീണ്ടും കൊടുവള്ളിയിലെത്തിയത്. ഭൂമിഏറ്റെടുക്കൽ സംബന്ധിച്ചുള്ള 11/1 നോട്ടിഫിക്കേഷൻ ഗസറ്റ് വിജ്ഞാപനം കഴിഞ്ഞദിവസം സർക്കാർ പ്രസിദ്ധപ്പെടുത്തിയിരുന്നു 27-ഓളം സർവേ നമ്പരുകളിൽ ഉൾപ്പെട്ട 0.2810 ഹെക്ടർ ഭൂമി ഏറ്റെടുക്കലിനാണ് സർക്കാർ വിജ്ഞാപനമായത്.