കൊടുവള്ളി : ചാരിറ്റി സംഘടനകളിൽനിന്ന് വ്യത്യസ്തമായി പൊതുറോഡുകൾ ഗതാഗതയോഗ്യമാക്കി സേവ് പന്നൂർ സേവനത്തിന് പുതിയ മുഖംനൽകുകയാണ്. സേവ് പന്നൂരിന്റെ ത്വരീഖ്റഹ്മ പദ്ധതിയിലൂടെയാണ് പൊതുറോഡുകൾ ഗ്രാമപ്പഞ്ചായത്തിന്റെ അനുമതിയോടുകൂടി ഗതാഗതയോഗ്യമാക്കുന്നത്.
പന്നൂർപ്രദേശത്തെ റോഡുകളാണ് പദ്ധതിയിലൂടെ ടാറിങ് നടത്തിയും കോൺക്രീറ്റ് ചെയ്തും ഗതാഗതയോഗ്യമാക്കുന്നത്. ഇതുപ്രകാരം കൊഴപ്പഞ്ചാലിൽ-പുതിയോട്ടിൽ റോഡ് ഗതാഗതയോഗ്യമാക്കിക്കഴിഞ്ഞു. മാണിക്കാറമ്പ്മുക്ക്-വാദിഹുസ്‌ന റോഡ്, ചുണ്ടിപനത്തിൽ- പുതിയേടത്ത് റോഡ് എന്നിവ ഉടൻതന്നെ ഗതാഗതയോഗ്യമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. നേരത്തേ ഉണ്ടായിരുന്ന റോഡുകൾക്ക് പുറമേ പുതിയ റോഡുകൾ നിർമിക്കാനും സേവ് പന്നൂരിന് പദ്ധതിയുണ്ട്. അൻവാറുൽ ഇസ്‌ലാം മദ്രസ-കൈപേങ്ങണ്ടിയിൽ റോഡ് നിർമാണം പൂർത്തിയാക്കി ടാറിങ് നടത്താനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.
സേവ് പന്നൂർ ലോക്ഡൗൺകാലത്ത് തുടങ്ങിയ മരുന്നുവിതരണം ഇപ്പോഴും തുടരുന്നു. മാണിക്കാറമ്പ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഉസ്സയിൻ നിർവഹിച്ചു.
ആർ.കെ. ഫാറൂഖ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം എം.എ. ഗഫൂർ മുഖ്യാതിഥിയായിരുന്നു. വാർഡ് അംഗം ഒ.കെ. അബ്ദുറഹ്മാൻ, പാട്ടത്തിൽ അബൂബക്കർ ഹാജി, സി. മുഹമ്മദലി, അഷ്‌റഫ് കയ്യൽശ്ശേരി, പത്രാത്ത് ബാബു, കെ.സി. മുഹമ്മദ്, ഓങ്ങിലാട്ട് ബാബു, സേവ് പന്നൂർ ഡയറക്‌ടർമാരായ ഇസ്മായിൽ കോട്ടക്കൽ, വി.പി. അഷ്‌റഫ്, പട്ടനിൽ നാസർ, നൗഷാദ് കരിമ്പയിൽ എന്നിവർ പങ്കെടുത്തു.