കൊടുവള്ളി : കളരാന്തിരിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ലഹരി മാഫിയാസംഘത്തിന്റെ അക്രമം. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ കളരാന്തിരി അങ്ങാടിയിലെ ഹോട്ടൽ വ്യാപാരിയായ ജാഫർ പട്ടിണിക്കരയെയാണ് മദ്യലഹരിയിലെത്തിയ സംഘം കടയിൽക്കയറി ആക്രമിച്ചത്. കളരാന്തിരി ലക്ഷംവീട്ടിൽ താമസിക്കുന്ന രണ്ട് യുവാക്കളാണ് അക്രമംനടത്തിയതെന്ന് ജാഫർ പറഞ്ഞു. പരിക്കേറ്റ ജാഫർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ജാഫറിന്റെ ഹോട്ടലിന് മുകളിലെ ടെറസിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിന്റെ പ്രതികാരമായാണ് കടയിൽ കയറി അക്രമം നടത്തിയത്. പോലീസിൽ പരാതി നൽകിയാൽ കട കത്തിച്ചുകളയുമെന്ന് ഭീഷണി മുഴക്കിയതായും ജാഫർ ആരോപിക്കുന്നു.
കളരാന്തിരി പ്രദേശത്ത് അടുത്തിടെ ലഹരിമാഫിയയുടെ ഗുണ്ടാവിളയാട്ടം രൂക്ഷമായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ലഹരിസംഘം വീടുകളിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തത്. സംഭവംനടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ ഇതുവരെ അറസ്റ്റുചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഇപ്പോൾ അങ്ങാടിയിലും പരിസരങ്ങളിലും ഇവരുടെ വിളയാട്ടം കൂടിയിരിക്കുകയാണ്. ഇതുമൂലം സന്ധ്യയ്ക്കുശേഷം പുറത്തിറങ്ങാൻ ആളുകൾക്ക് ഭയമാണ്. ഇവരുടെ ബഹളവും അസഭ്യവർഷവും കാരണം നാട്ടുകാരുടെ സ്വൈര്യജീവിതം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവിടെ പോലീസ് നൈറ്റ് പട്രോളിങ് കുറവായത് ലഹരി മാഫിയകൾക്ക് അനുഗ്രഹമാകുകയാണ്.
പ്രതികളെ ഉടൻ പിടികൂടി കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കളരാന്തിരി അങ്ങാടിയിൽ പ്രകടനംനടത്തി. തുടർന്ന് വി.സി. അബൂബക്കറുടെ അധ്യക്ഷയിൽ അങ്ങാടിയിൽ പ്രതിഷേധയോഗം ചേർന്നു. നഗരസഭാ കൗൺസിലർ പി. അനീസ്, കെ. സുരേന്ദ്രൻ, മജീദ് കോട്ടയിൽ, മജീദ് പുനത്തിൽ, കെ.എം.സി. റസാഖ്, പി. സലീം, യു.കെ. സുബൈർ, എം.വി. മുഹമ്മദലി, വി.പി. അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു.