കോടഞ്ചേരി : നൂറാംതോട് ഭഗവതിക്ഷേത്ര​ത്തോട് ചേർന്നുള്ള അമ്പലക്കുന്നിൽ ഭീമൻ ഉറവ പ്രത്യക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെയോടെയാണ് പാറയ്ക്കടിയിൽനിന്ന് വെള്ളം പൊങ്ങിവരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. മഴയില്ലാത്തപ്പോഴും ഇവിടെയുണ്ടാകുന്ന ശക്തമായ നീരൊഴുക്ക് ഇവർക്കിടയിൽ ഭീതി പടർത്തിയിട്ടുണ്ട്. കലങ്ങിയും തെളിഞ്ഞും ഉറവയിൽനിന്ന് വെള്ളം പുറത്തുവരുന്നുണ്ട്.

പുതിയമ്പലത്ത് മാധവിയുടെ വീടിനടുത്താണ് ഉറവ കണ്ടത്. മുപ്പത് വർഷങ്ങൾക്കുമുമ്പ് ഉരുൾപൊട്ടി മണ്ണ് നീങ്ങിയ ചാലിന്റെ മധ്യഭാഗത്തായാണ് ഇപ്പോൾ വെള്ളം ഉയർന്നു വരുന്നത്. കഴിഞ്ഞവർഷം ഇതിന് മുകളിലായി വൃത്താകൃതിയിൽ മണ്ണിടിഞ്ഞു താഴ്ന്നിരുന്നു. പ്രദേശത്തെ മുപ്പതോളം കുടുംബങ്ങൾ ആശങ്കയിലാണിപ്പോൾ. വിവരമറിഞ്ഞ് കോടഞ്ചേരി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുവർഷംമുമ്പും ഇതിന് സമീപത്ത് ഉരുൾപൊട്ടിയിരുന്നു. മലയോരത്ത് മഴകനക്കുമ്പോൾ മനംനിറയെ ആശങ്കയാണ് ഇവിടത്തുകാർത്ത്‌.