കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ മത്സ്യ-മാംസ മാർക്കറ്റ് നിർമാണപദ്ധതിയുമായി ബദ്ധപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി സി.പി.എം. രംഗത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ്

നിയമവിരുദ്ധകരാർ ഉണ്ടാക്കിയെന്നും സംഭവം വിജിലൻസ് അന്വേഷിക്കണമെന്നും സി.പി.എം. കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

മുൻപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയുടെ ഭരണകാലത്ത് എൽ.ഡി.ഫ്. അംഗങ്ങളുടെ എതിർപ്പിനെ വകവെക്കാതെ പദ്ധതിക്കായി സ്വകാര്യവ്യക്തിയുമായി കരാർ ഉണ്ടാക്കി.

കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നമുറയ്ക്ക് കച്ചവടക്കാരെ പഞ്ചായത്തിന്റെ അധികാരമുപയോഗിച്ച് പുതിയ കെട്ടിടത്തിലേക്ക് എത്തിക്കാം എന്ന് സ്വകാര്യവ്യക്തിയുമായി ധാരണയിലെത്തി. ഇതിനായി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി 500 രൂപയുടെ മുദ്രപത്രത്തിൽ ഉടമ്പടിയും തയ്യാറാക്കി. കച്ചവടക്കാരെ പുതിയ കെട്ടിടത്തിലെത്തിക്കാൻവേണ്ടി പഞ്ചായത്ത് പലർക്കും അവരുടെ നിലവിലെ സ്ഥലത്തെ കടകൾക്ക് ലൈസൻസ് പുതുക്കിനൽകിയില്ല. എന്നാൽ പിന്നീട് സ്വകാര്യവ്യക്തിയുമായി ഉണ്ടാക്കിയ കരാറിൽനിന്ന് കോൺഗ്രസ് പിന്മാറുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാറിൽനിന്ന് പിൻമാറിയ നടപടിക്കെതിരേ കെട്ടിട ഉടമ കോടതിയെ സമീപിച്ചു. കേസുനടത്താൻ ഭരണസമിതി പഞ്ചായത്തിലെ പല പദ്ധതികളും വകമാറ്റി തുക കണ്ടെത്തി -സി.പി.എം. ആരോപിക്കുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും കോൺഗ്രസ ഭരണസമിതി രാജിവെക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു.

ഷിജി ആൻറണി അധ്യക്ഷനായി. കെ.പി. ചാക്കോച്ചൻ, ജോർജ്കുട്ടി വിളക്കുന്നേൽ, രഞ്ജിത്ത് ജോസ്, കെ.എ. ജോൺ, പി.ജെ. ഷിബു, ഷാജി തോമസ്, റൂബി തമ്പി, യു.ടി. ഷാജു, പുഷ്പാ സുരേന്ദ്രൻ, സി.കെ. ജോയി എന്നിവർ സംസാരിച്ചു.