കക്കട്ടിൽ ‍(കോഴിക്കോട്): പഠിപ്പും ജോലിയുമൊക്കെയുണ്ടായിട്ടും പെണ്ണുകിട്ടാതെവന്നാൽ എന്തുചെയ്യും? ജാതിയും ഭാഷയും നാടുമൊക്കെ അപ്പോൾ മറക്കുകതന്നെ. ജീവിതപങ്കാളിയെത്തേടി ഗ്രാമീണമേഖലയിലെ യുവാക്കൾ അയൽസംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. ഈയിടെ, കോഴിക്കോട്ടെ ഗ്രാമങ്ങളിൽ ഇത്തരത്തിൽ മുപ്പതോളം വിവാഹങ്ങൾ നടന്നു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ കുന്നുമ്മൽ, നരിപ്പറ്റ, കായക്കൊടി, നാദാപുരം പഞ്ചായത്തുകളിലാണ് ഇത്രയും വിവാഹം നടന്നത്. കർണാടകത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമാണ് പെൺകുട്ടികൾ. കാസർകോട്, വയനാട് ജില്ലാ അതിർത്തികളിലുള്ള ചില ഏജന്റുമാരാണ് ‘ബ്രോക്കർമാർ’. ഇരുപത്തയ്യായിരംമുതൽ ഒരു ലക്ഷം രൂപവരെയാണ് ഇവരുടെ പ്രതിഫലം. കൂടാതെ, പെൺകുട്ടിയുടെ വീട്ടുകാർക്ക് സ്വർണവും വിവാഹച്ചെലവിനുള്ള പണവും നൽകണം.

കുടക്, ബാവലി, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്നാണ് വധുക്കളിലേറെയും. കാസർകോട്ടുള്ള ഏജന്റ് മുഖേനെയാണ് കർണാടക മേഖലയിലെ പല വിവാഹാലോചനകളും എത്തിയത്. അതിർത്തിക്കടുത്ത് ഉപ്പളയിലെ ഒരു ക്ഷേത്രത്തിൽ പെൺകുട്ടിയും വീട്ടുകാരും എത്തും. അവിടെച്ചെന്ന് കണ്ട് ഇഷ്ടപ്പെട്ടാൽ അടുത്തനടപടികളിലേക്കുകടക്കും. കർഷകകുടുംബങ്ങളിലെ കുട്ടികളാണ് ഇങ്ങനെയെത്തുന്നവരിലേറെയും.

പെൺകുട്ടിയുടെ വീട്ടുകാർ വരന്റെ നാട്ടിൽവന്ന് വിവാഹം നടത്തിക്കൊടുക്കും. ഈയിടെനടന്ന മുപ്പതുവിവാഹങ്ങളിൽ ഇരുപതിലും ഈഴവയുവാക്കളാണ് വരന്മാർ. വാണിയ, ബ്രാഹ്മണ വിഭാഗങ്ങളിലെ യുവാക്കളും വിവാഹം കഴിച്ചിട്ടുണ്ട്. വധുവിന്റെ ജാതിയൊന്നും പരിഗണിക്കാതെയാണ് മിക്കവിവാഹങ്ങളും. കല്യാണത്തിനുശേഷം സ്വജാതിയിൽ ചേർത്തവരുമുണ്ട്. വിവാഹം കഴിച്ചെത്തിയ പെൺകുട്ടികളുടെ പരിചയക്കാരുടെ പുതിയ കല്യാണങ്ങളും നടക്കുന്നുണ്ട്. ഇടനിലക്കാരെ ഒഴിവാക്കാമെന്നതാണ് ഇതിന്റെ മെച്ചം.

ഭാഷാപ്രശ്നങ്ങൾ ബാധിക്കുന്നില്ല

വിവാഹാന്വേഷണവുമായി ഒട്ടേറെപ്പേർ എത്തുന്നുണ്ട്. അവർക്കെല്ലാം കുട്ടികളെ കിട്ടാറില്ല. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള പെൺകുട്ടികൾ അതനുസരിച്ച് യോഗ്യതയുള്ളവരെയേ സ്വീകരിക്കുന്നുള്ളൂ. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലുമാണ് ഞാൻ ഇടപെട്ട് കൂടുതൽ വിവാഹങ്ങൾ നടത്തിയത്.

-അഞ്ജലി (ഇടനിലക്കാരിയായ വയനാട് സ്വദേശി)

Content highlights: Kerala youth seeking brides from other states