Faisalകൊടുവള്ളി : കാരാട്ട് ഫൈസൽ മത്സരിച്ച കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് ‘പൂജ്യം’ വോട്ട് ലഭിക്കാനിടയായത് അണികൾക്ക് കാരാട്ട് ഫൈസലിനുവേണ്ടി വോട്ട് ചെയ്യണമെന്ന രഹസ്യ നിർദേശത്തെ തുടർന്നെന്ന് സൂചന. പരസ്യമായി പിന്തുണ നൽകണമെന്ന് പറയാൻ സാധിക്കാത്തതിനെ തുടർന്നായിരുന്നു ഇത്. ഇതുപ്രകാരം പ്രവർത്തകർ എൽ.ഡി.എഫ്. പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളിൽ കയറി വിവരം അറിയിക്കുകയായിരുന്നു. ഫൈസൽ വിജയിച്ചാൽ ഡിവിഷനിൽ വലിയ വികസനം വരുമെന്ന് അവരെ പറഞ്ഞ് ധരിപ്പിച്ചു.

കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ്. കൺവെൻഷനിൽ പി.ടി.എ. റഹീം എം.എൽ.എ. ആയിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം നടന്ന ശേഷം കാരാട്ട് ഫൈസലിനെയും കൊണ്ട് സി.പി.എം. ഉൾപ്പെടെയുള്ള എൽ.ഡി.എഫ്. പ്രവർത്തകർ രണ്ട് റൗണ്ട് വീടുകളിൽ കയറി വോട്ടഭ്യർഥനയും നടത്തി. ഇതിനു ശേഷമാണ് എൽ.ഡി.എഫ്. കാരാട്ട് ഫൈസലിനുള്ള പിന്തുണ പിൻവലിച്ച് ഐ.എൻ.എൽ. നേതാവും കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറുമായ ഒ.പി. റഷീദിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

ഡിവിഷനിൽ ഓരോ സ്ഥലത്തുമുള്ള ബുദ്ധിമുട്ടുകൾ എന്തൊക്കെയെന്ന് കണ്ടറിഞ്ഞ് ഇതിന് പരിഹാരം കാരാട്ട് ഫൈസൽ ഉണ്ടാക്കിത്തരുമെന്ന ഉറപ്പും പ്രവർത്തകർ നൽകിയിരുന്നു. ഇതിനിടെ ഡിവിഷനിൽ കുടിവെള്ളക്ഷാമം നേരിട്ട വീട്ടിൽ കുഴൽക്കിണർ നിർമിക്കുന്നതിന് സഹായിക്കുകയും യുവാക്കൾക്ക് കളിക്കുന്നതിന് കളിസ്ഥലം ഒരുക്കി നൽകുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പലർക്കും സഹായങ്ങൾ വാഗ്ദാനം ചെയ്തതായും അറിയുന്നു. ഇതെല്ലാം നാട്ടുകാരിൽ വലിയ പ്രതീക്ഷകളാണ് ഉണ്ടാക്കിയത്.

ഫൈസലിന്റെ സ്ഥാനാർഥിത്വം വിവാദമായ സാഹചര്യത്തിൽ മത്സരത്തിൽനിന്ന് പിന്മാറണമെന്ന പാർട്ടിയുടെ ആവശ്യം കാരാട്ട് ഫൈസൽ തള്ളിക്കളയുകയായിരുന്നു. മാത്രമല്ല, തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കണമെന്ന വാശിയും വർധിച്ചു.

എൽ.ഡി.എഫ്. നിർത്തിയ സ്ഥാനാർഥി ഒ.പി. റഷീദ് കാരാട്ട് ഫൈസലിന്റെ അടുത്ത സുഹൃത്തായതിനാൽ ഫൈസലിനോടുള്ള വിധേയത്വം റഷീദിന്റെ പ്രചാരണത്തിലും പ്രകടമായിരുന്നു. പ്രചാരണത്തിൽ സജീവമല്ലാതിരുന്ന റഷീദ് വോട്ടെടുപ്പ് ദിവസം പോലും പോളിങ് ബൂത്തിൽ എത്താതെ സ്വന്തം ഡിവിഷനിൽ (നരൂക്ക് ഡിവിഷൻ) പ്രവർത്തിക്കുകയാണ് ചെയ്തത്.

കാരാട്ട് ഫൈസലിനു വേണ്ടി രണ്ട് റൗണ്ട് വീടുകൾ കയറി വോട്ടഭ്യർഥിച്ച ശേഷം സ്ഥാനാർഥിയെ മാറ്റിയത് പ്രവർത്തകരിൽ വലിയ അതൃപ്തിക്കിടയാക്കിയതായി സി.പി.എം. ചുണ്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി നാസർ പറഞ്ഞു.

ചുണ്ടപ്പുറം ഡിവിഷനിലെ പൊതുവികാരം കാരാട്ട് ഫൈസലിന് അനുകൂലമായിരുന്നെന്ന് സി.പി.എം. കൊടുവള്ളി ബ്രാഞ്ച് സെക്രട്ടറി കെ. ഷറഫുദ്ദീൻ പറഞ്ഞു. കാരാട്ട് ഫൈസലിന് അനുകൂലമായ നിലപാട് മുന്നണിയിൽനിന്ന് ഉണ്ടായിട്ടില്ലെന്നും സംഘടനാപരമായ പരാജയം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. കാരാട്ട് ഫൈസലിന്റെ വിജയാഹ്ലാദ പ്രകടനത്തിൽ സി.പി.എം. പ്രവർത്തകർ പങ്കെടുത്തിട്ടില്ല. മറ്റാരോ ആണ് പാർട്ടി പതാക ഉപയോഗിച്ചതെന്നും ഷറഫുദ്ദീൻ പറഞ്ഞു.

കാരാട്ട് ഫൈസലിന് വോട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടില്ലെന്നും ചുണ്ടപ്പുറത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ ഉടൻതന്നെ യോഗം വിളിക്കുമെന്നും എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ്‌ കമ്മിറ്റി സെക്രട്ടറി വി. രവീന്ദ്രൻ പറഞ്ഞു.

ചുണ്ടപ്പുറത്തെ പരാജയ കാരണം അന്വേഷിക്കാൻ യോഗം വിളിക്കുമെന്നും കാരാട്ട് ഫൈസലിന് വോട്ടു ചെയ്യാൻ തീരുമാനമെടുത്തിരുന്നില്ലെന്നും ഐ.എൻ.എൽ. സംസ്ഥാന സെക്രട്ടറി സി.പി. നാസർകോയ തങ്ങൾ പറഞ്ഞു.

ബി.ജെ.പി.വോട്ടുകളും കിട്ടിയിട്ടുണ്ട്

എൽ.ഡി.എഫ്. വോട്ടുകൾ മാത്രമല്ല ബി.ജെ.പി. വോട്ടുകളും തനിക്ക് കിട്ടിയതായി കാരാട്ട് ഫൈസൽ പറഞ്ഞു. ബി.ജെ.പി. വോട്ടുകൾ വാങ്ങിയത് യു.ഡി.എഫ്. സ്ഥാനാർഥിയാണ്. എന്നാൽ, ബി.ജെ.പി.യിലെ ‘യൂത്ത്‌’ വോട്ടുകൾ മുഴുവനായും തനിക്കാണ് ലഭിച്ചത്. അഞ്ച് വർഷം കഴിഞ്ഞാൽ ചുണ്ടപ്പുറത്തിന് തൊട്ടടുത്തതും ഇപ്പോൾ യു.ഡി.എഫ്. വിജയിച്ചതുമായ പ്രാവിൽ ഡിവിഷനിൽ മത്സരിക്കുമെന്നും കാരാട്ട് ഫൈസൽ പറഞ്ഞു.