കാരശ്ശേരി : തിരഞ്ഞെടുപ്പ് തീയതി തൊട്ടടുത്തെത്തിയപ്പോഴേക്കും നാട് ആവേശക്കൊടുമുടിയിൽ. ഗ്രാമ, ഗ്രാമാന്തരങ്ങളെല്ലാം അവസാനവട്ട തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ. ഉച്ചവരെ നാടാകെ ചീറിപ്പായുന്ന വാഹന അനൗൺസ്‌മെന്റും, പാട്ട് വാഹനങ്ങളും, ഉച്ച കഴിഞ്ഞാൽ ശക്തിപ്രകടനങ്ങൾ...

വനിതകൾ അങ്കം കുറിക്കുന്ന ജില്ലാ പഞ്ചായത്ത് തിരുവമ്പാടി ഡിവിഷനിൽ വ്യാഴാഴ്ച യു.ഡി.എഫിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പി. ബൾക്കീസ് , ബ്ലോക്ക്‌ കുമാരനെല്ലൂർ ഡിവിഷൻ സ്ഥാനാർഥി റീനാ പ്രകാശ്, ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് സ്ഥാനാർഥി ജംഷിദ് ഒളകര എന്നിവരുടെ പ്രകടന പര്യടനങ്ങൾ നടന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എൽ.ഡി.എഫിന്റെ ഊഴമായിരുന്നു. ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥി രാജിത മൂത്തേടത്ത്, ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ് സ്ഥാനാർഥി ശ്രുതി കമ്പളത്ത്, രണ്ടാം വാർഡ് സ്ഥാനാർഥി വിപിൻ ബാബു എന്നിവരുടെ പ്രകടന പര്യടനം നടന്നു. എൽ.ജെ.ഡി. സംസ്ഥാന വൈ. പ്രസിഡൻറ്്‌ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ്. സ്ഥാനാർഥി പി. ബൽക്കീസിന്റെയും ഡിവിഷൻ പരിധിയിലെ ബ്ലോക്ക്‌ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളായ റീനാ പ്രകാശ്, എം.എ. സൗദ, കെ.പി. സുഫിയാൻ, ബിജു എണ്ണാർ മണ്ണിൽ എന്നിവരുടെ പ്രചാരണ പര്യടന പരിപാടി പന്നിക്കോട്ട് തുടങ്ങി നോർത്ത് കാരശ്ശേരിയിൽ സമാപിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ മുന്നണി സ്ഥാനാർഥി വി.പി. ജമീലയുടെ രണ്ടാംഘട്ട പര്യടനം ചൊവ്വാഴ്ച തടപ്പറമ്പിൽ തുടങ്ങി നോർത്ത് കാരശ്ശേരിയിൽ സമാപിച്ചു. ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥികളായ സന്തോഷ് സെബാസ്റ്റ്യൻ ( പന്നിക്കോട്), രാജിത മൂത്തേടത്ത് (കുമാരനെല്ലൂർ), സുബൈദ മാളിയേക്കൽ (കാരശ്ശേരി) എന്നിവരും പങ്കെടുത്തു.

എൻ.ഡി.എ.ജില്ലാപഞ്ചായത്ത് തിരുവമ്പാടി ഡിവിഷൻ സ്ഥാനാർഥി ജോയ്‌സി മാത്യു തറപ്പേൽ, ബ്ലോക് പഞ്ചായത്ത് തിരുവമ്പാടി ഡിവിഷൻ സ്ഥാനാർഥി ബിന്ദു സുരേഷ്‌ ,കുമാരനെല്ലൂർ ഡിവിഷനിലെ സതി ശിവാനന്ദൻ കുയ്യൂളി, കാരശ്ശേരി ഡിവിഷനിലെ സുശീല താവൂരേടത്ത്, പന്നിക്കോട് ഡിവിഷനിലെ ബാബു മൂലയിൽ എന്നിവരുടെ പ്രചാരണ പര്യടനം ഇരുമ്പകത്ത് തുടങ്ങി പന്നിക്കോട് സമാപിച്ചു.

ജാഥയ്ക്ക് ബി.ജെ.പി. ജില്ലാ കമ്മറ്റി അംഗം പി. പ്രേമൻ മുക്കം നേതൃത്വം വഹിച്ചു.ന്യൂനപക്ഷ മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സൈമൺ തോനക്കര ഉദ്ഘാടനം ചെയ്തു. പന്നിക്കോട് സമാപനയോഗത്തിൽ ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, ജോണി കുമ്പളങ്ങിയിൽ, സെക്രട്ടറി മനു സുന്ദർ എന്നിവർ സംസാരിച്ചു.