മുക്കം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടേറിയതോടെ ജീപ്പ് അനൗൺസ്‌മെന്റുകൾ സജീവമായി. ഇതോടെ ജീപ്പ് ഡ്രൈവർമാരുടെ ജീവിതവും ഓടിത്തുടങ്ങി. കോവിഡ് വ്യാപനത്തെത്തുടർന്ന് മാസങ്ങളായി ഷെഡ്ഡിൽ കയറ്റിയിട്ടിരുന്ന ജീപ്പുകളാണ് സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിച്ചുള്ള ഉച്ച ഭാഷിണിയുമായി നാട് ചുറ്റുന്നത്. മലയോര മേഖലയിലെ വിവിധയിടങ്ങളിലായി നൂറോളം ജീപ്പുകളാണ് യാത്രാസർവീസ് നടത്തിയിരുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് സ്കൂളുകൾ അടയ്ക്കുകയും ആളുകൾ യാത്രകൾ ഒഴിവാക്കുകയും ചെയ്തതോടെ ജീപ്പ് - ടാക്സി ജീവനക്കാർ തീർത്തും ദുരിതത്തിലായി.

ഈ ദുരിതത്തിന് താത്കാലികമായെങ്കിലും വിരാമമിട്ടാണ് തിരഞ്ഞെടുപ്പ് എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറിയതോടെ, ജീപ്പ് കിട്ടാനില്ലാത്ത അവസ്ഥയായി. പ്രതിദിനം 3500 രൂപ മുതൽ നാലായിരം രൂപ വരെ വാടകയ്ക്കാണ് ജീപ്പുകൾ 'തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ' വിട്ടുകൊടുക്കുന്നത്.

ഒരാഴ്ച വരെ വോട്ടഭ്യർഥനയ്ക്ക് ജീപ്പ് ബുക്ക് ചെയ്തവരുണ്ട്. സ്ഥാനാർഥിയുടെ ചിത്രമടങ്ങിയ ഫ്ലെക്സും സ്പീക്കറും ജനറേറ്ററും കൊടിതോരണങ്ങളും കയറ്റിയാൽ, പ്രചാരണം കഴിയുന്നത് വരെ ഈ വാഹനങ്ങൾക്ക് മറ്റു ഓട്ടം പോകാനാവില്ല. ഈ കാരണത്താലാണ് വാടകനിരക്ക് കൂടുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ നിരക്കിൽ തന്നെയാണ് ജീപ്പുകൾ തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റിന് രംഗത്തിറങ്ങിയതെന്ന് ഡ്രൈവർമാർ പറയുന്നു. പ്രചാരണത്തിനായി ഓടുമ്പോഴും ഡീസൽ വിലയിലുണ്ടാവുന്ന വർധനയാണ് തിരച്ചടിയാകുന്നത്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും, പഴയപോലെ ആകുമോ എന്ന ആധിയും ഇവർക്കുണ്ട്.