കക്കട്ടിൽ : വീരപഴശ്ശിയുടെ ചരിത്രമുറങ്ങുന്ന കുന്നുമ്മൽ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലും ഇത്തവണ കനത്ത പോരാട്ടം. നിലവിൽ കാവിലുംപാറ, മരുതോങ്കര, കായക്കൊടി, കുന്നുമ്മൽ, നരിപ്പറ്റ, കുറ്റ്യാടി പഞ്ചായത്തുകൾ എൽ.ഡി.എഫും വേളം പഞ്ചായത്ത് യു.ഡി. എഫുമാണ് ഭരിക്കുന്നത്. ആറ് പഞ്ചായത്തുകളും നിലനിർത്താനും യു.ഡി. എഫിന്റെ കൈയിലുള്ള വേളം പിടിച്ചെടുക്കാനുമുള്ള ശക്തമായ പ്രവർത്തനങ്ങൾ എൽ.ഡി.എഫ്. നടത്തുമ്പോൾ വേളത്തിന് പുറമേ ബാക്കി ആറ് പഞ്ചായത്തുകളിലും ആധിപത്യമുറപ്പിക്കാനുള്ള പോരാട്ടത്തിലാണ് യു.ഡി. എഫ്. പ്രചാരണപ്രവർത്തനങ്ങൾ അവസാനറൗണ്ടിലേക്ക് കടന്നതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ പ്രതീതിയാണ്. ഇരുപതിനടുത്ത് വാർഡുകളിൽ ബി.ജെ.പി. യും ഇരുമുന്നണികൾക്കും ഭീഷണി ഉയർത്തി മുന്നേറുന്നുണ്ട്. വെൽഫയർ പാർട്ടിയുമായുണ്ടാക്കിയ ചങ്ങാത്തം ചിലയിടങ്ങളിൽ യു.ഡി.എഫിനും. കേരള കോൺഗ്രസ് എം. ജോസ് വിഭാഗം, എൽ.ജെ.ഡി. എന്നിവയുടെ മുന്നണി പ്രവേശം എൽ.ഡി.എഫിനും നേട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. കേരളാ കോൺഗ്രസിലെ ജില്ലയിലെ പ്രമുഖ നേതാവ് ജോൺ പൂതക്കുഴി കോൺഗ്രസിലെത്തിയത് ഗുണകരമാകുമെന്ന് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നു.

നരിപ്പറ്റ

നാളിതുവരെ എൽ.ഡി.എഫ്. ഭരിച്ച പഞ്ചായത്താണിത്. 17 സീറ്റുകളിൽ കഴിഞ്ഞതവണ 11-6 എന്ന നിലയിലാണ് എൽ.ഡി.എഫ്. നേടിയത്. ഇത്തവണ എൽ.ഡി.എഫിന്റെ നാല് സിറ്റിങ് സീറ്റുകളിൽ കടുത്ത മത്സരമാണ്. ഇതിൽ സി.പി.എമ്മിലെ വി. നാണു, കോൺഗ്രസിലെ സി.കെ. നാണു, ബി.ജെ.പി.യിലെ പി.കെ. വിജുരാജ് എന്നിവർ ഏറ്റുമുട്ടുന്ന ചമ്പിലോറ വാർഡിൽ ശക്തമായ ത്രികോണ മത്സരമാണ്. മൂന്ന്, എട്ട്, 12 വാർഡുകളിലും മത്സരം ശക്തംതന്നെ.

ഇരുമുന്നണികളും ചങ്കിടിപ്പോടെ കാണുന്ന വാർഡുകളാണിത്. ഇതിൽ മൂന്ന് സ്വന്തമാക്കിയാൽ പഞ്ചായത്ത് ഭരണം കൈപ്പിടിയിലൊതുക്കാമെന്ന് യു.ഡി.എഫ്. കരുതുമ്പോൾ അതിന് തടയിടാനുള്ള പ്രതിരോധതന്ത്രങ്ങളാണ് എൽ.ഡി.എഫ്. പുറത്തെടുക്കുന്നത്.

കുന്നുമ്മൽ

എൽ.ഡി.എഫിന്റെ മറ്റൊരു ഉരുക്കുകോട്ടയാണ് കുന്നുമ്മൽ. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ 179 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ പ്രതീക്ഷയർപ്പിച്ച് കോട്ട തകർക്കാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. നിലവിലുള്ള 13 സീറ്റുകളിൽ കഴിഞ്ഞതവണ എൽ.ഡി.എഫ്. ഒമ്പതും യു.ഡി.എഫ്. നാലുമാണ് നേടിയത്. എൽ.ജെ.ഡി. എൽ.ഡി.എഫിലേക്ക് പോയതോടെ ഭരണപക്ഷത്തെ എണ്ണം പത്തായി. ഇത്തവണ എൽ.ജെ.ഡി.യും ഒപ്പമുള്ളതിനാൽ നിലവിലുള്ള മുഴുവൻ സീറ്റുകളും നിലനിർത്താൻ പ്രയാസമില്ലെന്ന് എൽ.ഡി.എഫ്. പറയുന്നു. എന്നാൽ, എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായ ഒന്ന്, ആറ്, ഏഴ്, പതിനൊന്ന് എന്നിവയിൽ കണ്ണുവെച്ചാണ് യു.ഡി.എഫ്. പോരാട്ടം.

കായക്കൊടി

പ്രവചനാതീതമായ മത്സരം നടക്കുന്ന പഞ്ചായത്തുകളിലൊന്നാണ് കായക്കൊടി. കഴിഞ്ഞ തവണ 16-ൽ പത്തുസീറ്റാണ് എൽ.ഡി.എഫിന് ലഭിച്ചത്. ഇത്തവണ ഏതുവിധേനയും ഭരണം പിടിച്ചെടുക്കാനുള്ള പടപ്പുറപ്പാടിലാണ് യു.ഡി.എഫ്. ഇതിന് തടയിടാൻ എൽ.ഡി.എഫും സജ്ജം. പടലപ്പിണക്കങ്ങളും വിമതശല്യവും ആദ്യഘട്ടത്തിൽ പ്രയാസമുണ്ടാക്കിയെങ്കിലും അവസാനഘട്ടത്തിൽ പ്രശ്നമില്ലെന്നാണ് യു.ഡി.എഫ്. നിലപാട്.

സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി എം.കെ. ശശിയും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് ഒ.പി. മനോജനും ഏറ്റുമുട്ടുന്ന ചങ്ങരംകുളം വാർഡിലാണ് തീപാറുന്ന പോരാട്ടം. ഇരു വിഭാഗത്തിന്റെയും പ്രസിഡന്റ് സ്ഥാനാർഥികളാണ് രണ്ടു പേരുമെന്നത് ശ്രദ്ധേയമാണ്. കരണ്ടോട് വാർഡിലും ഇരു മുന്നണികളും ജീവന്മരണ പോരാട്ടത്തിലാണ്.

കാവിലുംപാറ

വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന, കുറ്റ്യാടി ചുരത്തോടു ചേർന്ന് കിടക്കുന്ന കാവിലുംപാറയിലും ഇത്തവണ കാറ്റ് മാറിവീശുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. 16 സീറ്റുകളിൽ നിലവിൽ ഒൻപത് എൽ ഡി.എഫിനും ഏഴ് യു.ഡി.എഫിനുമാണ്. വട്ടിപ്പന, പുതുക്കാട്‌ സീറ്റുകൾ പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ശക്തമായ പോരാട്ടത്തിലാണ് യു.ഡി.എഫ്. എന്നാൽ, യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായ നാല്, 13 വാർഡുകൾകൂടി പിടിച്ചെടുക്കാൻ ശക്തരായ സ്ഥാനാർഥികളെത്തന്നെ എൽ.ഡി.എഫും രംഗത്തിറക്കി. കൊണ്ടും കൊടുത്തുമുള്ള ഇരുമുന്നണികളുടെയും പോരാട്ടം അവസാനഘട്ടത്തിൽ പ്രവചനാതീതമാവുകയാണ്.

മരുതോങ്കര

രണ്ട് സീറ്റുകളുടെ വ്യത്യാസത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ്. നിലനിർത്തിയ പഞ്ചായത്താണ് മരുതോങ്കര. 14-ൽ എട്ടുസീറ്റ് എൽ.ഡി.എഫ്. നേടിയപ്പോൾ ആറ് സീറ്റ് യു.ഡി.എഫിന് ലഭിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേദിവസം വരെ ഗ്രൂപ്പും ഗ്രൂപ്പിനകത്തെ ഗ്രൂപ്പുകളുമായി ചേരിതിരിഞ്ഞ് കലഹിച്ചിരുന്ന കോൺഗ്രസ് ഒറ്റക്കെട്ടായി മത്സരരംഗത്ത് എത്തിയതാണ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്. രണ്ട് സീറ്റുകൾ കൂടുതൽനേടി ഭരണം പിടിക്കാമെന്ന് യു.ഡി.എഫ്. കണക്കുകൂട്ടുമ്പോൾ അത്തരം ചർച്ചകൾക്കേ പ്രസക്തിയില്ലെന്നാണ് എൽ.ഡി.എഫിന്റെ വാദം.

കുറ്റ്യാടി

യു.ഡി എഫിനും എൽ.ഡി.എഫിനും ഒരുപോലെ സ്വാധീനമുള്ള പഞ്ചായത്താണ് കുറ്റ്യാടി. ഇവിടെയും രണ്ട് സീറ്റിന്റെ മുൻതൂക്കത്തിലാണ് കഴിഞ്ഞതവണ എൽ.ഡി.എഫ്. ഭരണംപിടിച്ചത്. 14 സീറ്റുകളിൽ എട്ട് എൽ.ഡി.എഫ്. നേടിയപ്പോൾ യു.ഡി.എഫിന് ആറെണ്ണം ലഭിച്ചു. കഴിഞ്ഞതവണ പടലപ്പിണക്കങ്ങളും സ്ഥാനാർഥിനിർണയത്തിലെ തർക്കങ്ങളുമാണ് ഭരണം നഷ്ടപ്പെടാനിടയാക്കിയതെന്ന തിരിച്ചറിവിലാണ് യു.ഡി.എഫിന്റെ മത്സരം. വെൽഫയർ പാർട്ടിയുടെ പിന്തുണ ഗുണം ചെയ്യുമെന്നും കണക്കുകൂട്ടുന്നു. രണ്ട്, നാല്, ഒൻപത്, വാർഡുകളിലാണ് തീപാറുന്ന പോരാട്ടം.

വേളം

യു.ഡി.എഫ്. കഴിഞ്ഞ രണ്ട് തവണയും നിലനിർത്തിയ കുന്നുമ്മൽ ബ്ലോക്കിലെ ഏക പഞ്ചായത്താണ് വേളം. കഴിഞ്ഞതവണ 17 സീറ്റിൽ പത്തെണ്ണം യു.ഡി.എഫും ഏഴ് എൽ.ഡി.എഫും നേടി. യു.ഡി. എഫിൽനിന്ന് ശക്തമായ അടിയൊഴുക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവസാന റൗണ്ടിലും എൽ.ഡി.എഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ. എന്നാൽ, വെൽഫെയർ പാർട്ടിക്ക് സ്വാധീനമുള്ള പഞ്ചായത്തുകളിലൊന്നായ വേളത്ത് ഇത്തവണ അവരുടെ പിന്തുണ കൂടിയുള്ളതിനാൽ വിജയം സുനിശ്ചിതമാണെന്നാണ് യു.ഡി എഫിന്റെ കണക്കുകൂട്ടൽ.