കോഴിക്കോട്: നാല്പത്തിയഞ്ച് വർഷത്തിലേറെയായുള്ള കോർപ്പറേഷൻ ഭരണം നിലനിർത്തുകയെന്ന അഗ്നിപരീക്ഷയാണ് ഇക്കുറി എൽ.ഡി.എഫ്. നേരിടുന്നത്. അനുകൂലമായ രാഷ്ട്രീയകാലാവസ്ഥ പ്രയോജനപ്പെടുത്തി ഭരണംപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. നഗരത്തിന്റെ മുക്കുംമൂലയും പ്രചാരണംകൊണ്ട് ഉഴുതുമറിച്ച് ഭരണത്തിലെത്താൻ എൻ.ഡി.എ.യും കച്ചമുറുക്കി.

അഴിമതിയും വികസനസ്തംഭനവും ഉയർത്തിയുള്ള എതിർപ്രചാരണമാണ് എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നത്. പ്രകടനപത്രികയിൽ പുതിയതൊന്നുമില്ലെന്നും നടപ്പാക്കാത്ത പദ്ധതികൾ വീണ്ടും വീണ്ടും പറയുകയാണെന്നുമാണ് കുറ്റപ്പെടുത്തൽ. എന്നാൽ, കല്ലുത്താൻകടവ് ഫ്ലാറ്റ്, എസ്കലേറ്റർ തുടങ്ങിയവ ഉൾപ്പെടെയുള്ള മാതൃകാപദ്ധതികൾ പലതും ചൂണ്ടിക്കാട്ടുന്നുണ്ട് ഇടതുപക്ഷം.

സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള അസ്വാരസ്യങ്ങളെല്ലാം പ്രചാരണം തുടങ്ങിയപ്പോൾ ഒഴിവാക്കാൻ മുന്നണികൾക്ക് കഴിഞ്ഞു. പ്രചാരണത്തിനായി ദേശീയസംസ്ഥാന നേതാക്കളെത്തിയതും പ്രതീക്ഷയേകുന്നു. 75 വാർഡുകളിൽ നിന്നായി 350 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. മൂന്ന് മുന്നണികളിൽ നിന്നുള്ളവർക്കുപുറമേ അപരരും വിമതരുമെല്ലാമുണ്ട്.

രാഷ്ട്രീയചിത്രം മാറുമോ

തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാനാകുമെന്നാണ് ഇടതുപക്ഷം പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പമായിരുന്ന എൽ.ജെ.ഡി. ഇടതിനൊപ്പമായത് അനുകൂലഘടകമായി വിലയിരുത്തുന്നു. ചില വാർഡുകളിലെ (കരുവിശ്ശേരി, കുണ്ടൂപ്പറമ്പ്) വിമതശബ്ദം തലവേദനയാണ്. യു.എ.പി.എ. ചുമത്തപ്പെട്ട അലന്റെ പിതാവ് ഷുഹൈബ് വലിയങ്ങാടിയിൽ ആർ.എം.പി. സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. ഇതൊന്നും വോട്ടുചോർച്ചയ്ക്ക് കാരണമാകില്ലെന്നാണ് എൽ.ഡി.എഫ്. നേതാക്കൾ പറയുന്നത്.

യു.ഡി.എഫിൽ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും അസ്വാരസ്യത്തിന് ഇടയാക്കിയിരുന്നു. മൂന്നുവട്ടം മത്സരിച്ചവരെ ഇത്തവണ മത്സരിപ്പിക്കേണ്ടെന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്. നേതാക്കളെപ്പോലും ഞെട്ടിച്ച് അപ്രതീക്ഷിത സ്ഥാനാർഥി നിർണയം നടത്തി കോൺഗ്രസ്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവരെ പുറത്താക്കാനും യു.ഡി.എഫ്. ശ്രദ്ധിച്ചു. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് നല്ല രീതിയിൽ പ്രചാരണം നടത്താൻ പറ്റിയെന്നാണ് വിലയിരുത്തൽ.

തുടക്കം മുതൽ ആത്മവിശ്വാസത്തോടെ രംഗത്തിറങ്ങിയിട്ടുണ്ട് എൻ.ഡി.എ. സ്ഥാനാർഥി നിർണയത്തിലും ഒരുപടി മുമ്പിലായിരുന്നു ബി.ജെ.പി. സീറ്റിനെ ചൊല്ലി ബി.ഡി.ജെ.എസുമായി ചില തർക്കങ്ങൾ തുടക്കത്തിലുണ്ടായിരുന്നു. കഴിഞ്ഞ തവണ 15 വാർഡുകളിൽ ആയിരത്തിലേറെ വോട്ടുകിട്ടിയെന്നും ഇവിടെ ഇത്തവണ വിജയിക്കുന്നതോടൊപ്പം മറ്റിടങ്ങളിൽ ഒന്നാമതെത്തുമെന്നാണ് ബി.ജെ.പി. അവകാശപ്പെടുന്നത്.

എൽ.ഡി.എഫിലെ മുൻ മേയർ ഒ. രാജഗോപാൽ, യു.ഡി.എഫിലെ നിലവിലെ കൗൺസിലറായ കെ. നിർമല, ബി.ജെ.പി. കൗൺസിൽപാർട്ടി ലീഡറായിരുന്ന നമ്പിടി നാരായണൻ എന്നിവർ രംഗത്തിറങ്ങിയ പന്നിങ്കരയിലും മറ്റ് ചില വാർഡുകളിലും ത്രികോണമത്സരം ശക്തമാകും. ഇവിടെ രാഷ്ട്രീയഘടകങ്ങൾ മാത്രമല്ല, വ്യക്തിപരമായ അടുപ്പവും വോട്ടിൽ പ്രതിഫലിക്കുമെന്നുറപ്പ്.

പ്രചാരണ വിഷയം

എൽ.ഡി.എഫ്...

ല്ലുത്താൻകടവ് ഫ്ലാറ്റ് യാഥാർഥ്യമാക്കി. എസ്‌കലേറ്റർ നടപ്പാലം. ഞെളിയൻപറമ്പിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി പ്ലാന്റിന് തുടക്കം. നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കി. എൽ.ഇ.ഡി. തെരുവുവിളക്ക്. തെരുവുനായ വന്ധ്യംകരണത്തിനുള്ള എ.ബി.സി. പദ്ധതി, നടപ്പാതകൾ, റോഡ്, ഷീ ലോഡ്ജ്, മിനി സ്റ്റേഡിയങ്ങൾ, നവീകരിച്ച ഹാളുകൾ.

യു.ഡി.എഫ്.

പ്പോഴും ഫലപ്രദമായി നടപ്പാകാത്ത മാലിന്യസംസ്‌കരണം. മലിനജലസംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് അഴിമതി. മഹിളാമാളിന്റെ പേരിൽ സ്ത്രീകളെ പറ്റിച്ചു. ആവശ്യത്തിന് പൊതുശൗചാലയങ്ങളില്ല. പാളയം, വലിയങ്ങാടി പോലുള്ള സ്ഥലത്ത് തൊഴിലാളികൾക്ക് സൗകര്യമില്ല. മാസ്റ്റർപ്ലാൻ നടപ്പാക്കാനായില്ല.

എൻ.ഡി.എ.

ഗരത്തിൽ നടപ്പാക്കിയ വികസനങ്ങൾ അമൃത് പദ്ധതിയിലുൾപ്പെട്ടതാണ്. 50 ശതമാനം കേന്ദ്രവിഹിതമാണ് ചെലവഴിച്ചത്. അഴുക്കുചാൽ, എസ്‌കലേറ്റർ എന്നിവയെല്ലാം ഇത്തരം പദ്ധതികൾ. പാർക്കിങ് പ്രശ്നത്തിന് പരിഹാരമായില്ല. ബീച്ചിലെ മലിനജല സംസ്കരണ പ്ലാന്റിന്റെ പേരിൽ തട്ടിപ്പ്. അഞ്ച് വർഷത്തിനിടെ നടന്നത് അഴിമതിമാത്രം.