കോഴിക്കോട്: നഗരത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ശബ്ദകോലാഹലം കുന്നിൻമുകളിൽനിന്ന് വ്യക്തമായി കേൾക്കാം. കുന്ന് കയറി വോട്ടുതേടി സ്ഥാനാർഥികൾ പൊറ്റമ്മൽ കേലാട്ട്കുന്ന് കോളനിയിലേക്കും ഒന്നിലേറെ തവണയെത്തി. പക്ഷേ, ഇത്തവണ വോട്ട് ചെയ്യണോയെന്ന ആലോചനയിലാണ് ഇവിടുത്തെ 19 കുടുംബങ്ങൾ. ഓരോ തിരഞ്ഞെടുപ്പിലും നൽകുന്ന വാഗ്ദാനം കടലാസിലുറങ്ങുന്നതല്ലാതെ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

‘‘രണ്ടു സെന്റ് സ്ഥലം തന്നാൽ മതി. അത് ഇവിടെ തന്നെ വേണമെന്നില്ല. വെള്ളവും വെളിച്ചവും കിട്ടുന്ന എവിടെയെങ്കിലും മതി. ഞങ്ങൾ പോയിക്കോളാം’’- കോളനിയിൽ താമസിക്കുന്ന എഴുപതുകാരൻ സുരേന്ദ്രൻ പറഞ്ഞു.കഴിഞ്ഞ വർഷമാണ് കോളനിയിലേക്ക് വെള്ളവും വെളിച്ചവുമെത്തിയത്. മുൻ കളക്ടർ യു.വി. ജോസും ഇപ്പോഴത്തെ കളക്ടർ സാംബശിവറാവുവും ഇടപെട്ടതിനൊടുവിൽ.

25 വർഷത്തിലേറെയായി കുടിയേറിപ്പാർത്തവരാണ് കേലാട്ട് കോളനിയിലുള്ളത്. പട്ടയം ലഭിക്കാത്തതിനാൽ ഇവർക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ല. വളച്ചുകെട്ടിയ കുടിലുകളിലാണ് ജീവിതം. ഇന്നും കോളനിയിലെ പലർക്കും വോട്ടില്ല.

കുടിയിറങ്ങേണ്ടി വരുമോ?

അടുത്ത ഭരണസമിതി വരുന്പോൾ പുതിയ താമസസ്ഥലത്തേക്ക് മാറേണ്ടി വരുമോയെന്ന ആശങ്കയിലാണ് കിഴക്കെ നടക്കാവ് കോർപ്പറേഷൻ കോളനിയിലെ താമസക്കാർ. വോട്ട് തേടിയെത്തിയ മൂന്ന് സ്ഥാനാർഥികളോടും പ്രശ്നങ്ങൾ പറഞ്ഞിട്ടുണ്ട്. കോർപ്പറേഷൻ കണ്ടിൻജന്റ് ജീവനക്കാരായ 19 കുടുംബങ്ങളാണ് ഇവിടെയുള്ളത്. കോളനി നിൽക്കുന്ന സ്ഥലം വികസന ആവശ്യത്തിനായി ഏറ്റെടുത്ത് താമസക്കാരെ കല്ലുത്താൻ കടവ് ഫ്ലാറ്റിലേക്ക് മാറ്റി താമസിപ്പിക്കാനാണ് കോർപ്പറേഷന്റെ ആലോചന. നിലവിൽ 2000 രൂപ വാടക നൽകിയാണ് കോളനിയിൽ താമസിക്കുന്നത്. ഫ്ലാറ്റിലേക്ക് മാറുമ്പോൾ അതേ വാടക നൽകേണ്ടി വരുമോയെന്ന ആശങ്ക ഇവർക്കുണ്ട്. കൂടാതെ മെയിന്റനൻസ് ചാർജും ഈടാക്കിയാൽ അത് താങ്ങാൻ പറ്റില്ലെന്ന് താമസക്കാരനായ ശേഖരൻ പറഞ്ഞു. വിരമിച്ച ശേഷം ഫ്ലാറ്റ് ഒഴിഞ്ഞുകൊടുക്കേണ്ടി വരും. അപ്പേൾ എങ്ങോട്ട് പോകുമെന്ന ചോദ്യവുമുണ്ട്.

ഞങ്ങളുടെ പ്രശ്നങ്ങളും കേൾക്കണം

‘‘വോട്ടുചോദിച്ച് പലരും ഞങ്ങളുടെ ഭാഗത്തേക്ക് വരാറില്ല. വലിയ വീടുകളിൽ കയറി അവര് മടങ്ങിപ്പോകും. ഇത്തിരി മണ്ണും ഒരു മേൽക്കൂരയും മാത്രമേ ഞങ്ങള് ചോദിക്കുന്നുള്ളൂ. അത് തരുന്നവർക്കാണ് എന്റെ വോട്ട്’’- കാട്ടുവയൽ കോളനിയിയിലെ മീനാക്ഷിഅമ്മ പറഞ്ഞു. വീടുകൾ തറനിരപ്പിൽനിന്നു താഴെയായതിനാൽ മഴക്കാലത്ത് വെള്ളം കയറുന്നത് പതിവാണ് കിഴക്കെ നടക്കാവിലെ അംബേദ്കർ കാട്ടുവയൽ കോളനിയിൽ. മീനാക്ഷിഅമ്മയുടെ കുടുംബം നാല്പത് വർഷത്തിലേറെയായി കോളനിയിൽ താമസിക്കുന്നു. വീടിന് ഒന്നിലധികം അവകാശികളുള്ളതിനാൽ വീട് മാറ്റി പണിയാനോ അറ്റകുറ്റപ്പണി നടത്താനോ ഒരു ആനുകൂല്യവും ഇവർക്ക് ലഭിക്കാറില്ല.

കോളനിയിലെ മിക്കവീടുകളും കോൺക്രീറ്റും ഓടുമായപ്പോൾ ഇവരുടെ വീടിന് ഇപ്പോഴും തകരഷീറ്റിന്റെ മേൽക്കൂരയാണ്. ഇത്തരത്തിൽ രണ്ടുവീടുകളാണ് കോളനിയിലുള്ളത്.

കോളനിയിലെ റോഡുകൾ ഇന്റർലോക്ക് ചെയ്യുകയും ഓട വൃത്തിയാക്കുകയും ചെയ്തതോടെ ഇക്കഴിഞ്ഞ മഴക്കാലത്ത് വെള്ളം ഇരച്ചെത്തിയില്ലെന്ന ആശ്വാസമുണ്ട്.