കോഴിക്കോട്: കാറ്റിൽ പാറിപ്പറക്കുന്ന പതാകകൾ ഉയർത്തിപ്പിടിച്ച് കൈയിലും തലയിലും റിബണുകൾ കെട്ടി ബൈക്കിൽ ചീറിപ്പായുന്ന ‘പ്രകടനങ്ങൾ’ ഇത്തവണ ഉണ്ടാവില്ല. കോവിഡ് എല്ലാ ആഘോഷങ്ങളുടെയും പൊലിമ കുറച്ചതുപോലെ പ്രചാരണ കൊട്ടിക്കലാശത്തിന്റെ നിറപ്പൊലിമയ്ക്കും നിയന്ത്രണങ്ങളുടെ മുഖാവരണമണിയിച്ചിരിക്കുകയാണ്. അനുമതിയില്ലാത്തതിനാൽ കേന്ദ്രീകൃതമായി നടത്താതെ സ്ഥാനാർഥികളുടെ റോഡ്‌ഷോയുൾപ്പെടെയുള്ള പരിപാടികളുമായി അതത് വാർഡുകളിൽത്തന്നെ കൊട്ടിക്കലാശമൊതുക്കാനാണ് രാഷ്ട്രീയപ്പാർട്ടികളുടെ ധാരണ.

ആളുകൾ കൂടിച്ചേരുന്ന അവസ്ഥയുണ്ടായാൽ എല്ലാനിയന്ത്രണങ്ങളും ലംഘിക്കപ്പെടും. അത് കോവിഡ് വ്യാപനത്തിന് വഴിവെക്കും. അതിനാൽ പഴയരീതിയിലുള്ള കൊട്ടിക്കലാശത്തെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് രാഷ്ട്രീയപ്പാർട്ടിനേതാക്കൾ പറയുന്നത്. ജില്ലാഭരണകൂടത്തിന്റെയും പോലീസിന്റെയും കർശന നിരീക്ഷണവുമുണ്ടാവും. മറ്റു ആവേശപ്രകടനങ്ങൾക്ക് നിയന്ത്രണങ്ങളുള്ളതിനാൽ അനൗൺസ്‌മെന്റ് വാഹനങ്ങളുടെ സാധ്യതതന്നെ പരമാവധി ഉപയോഗപ്പെടുത്തേണ്ടിവരും.

കോഴിക്കോട് കോർപ്പറേഷനിൽ പ്രചാരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി യു.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും റോഡ് ഷോകൾ നടത്തും.

രണ്ട് വാർഡുകളിലാണ് ഡോ. എം.കെ. മുനീറിന്റെ നേതൃത്വത്തിൽ റോഡ്‌ഷോ നടത്തുക. വൈകീട്ട് കുറ്റിച്ചിറയിൽ സമാപിക്കും. എൻ.ഡി.എ.യുടെ റോഡ്‌ഷോ വൈകീട്ട് പാളയത്ത് സമാപിക്കും. സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രനും പങ്കെടുക്കും. രാവിലെ 11-ന് മാനാഞ്ചിറ മൈതാനത്ത് നടക്കുന്ന എൻ.ഡി.എ.യുടെ സ്ഥാനാർഥി സംഗമത്തിൽ സുരേഷ്‌ഗോപി എം.പി. പങ്കെടുക്കുന്നുണ്ട്. പരസ്യപ്രചാരണം ശനിയാഴ്ചയാണ് സമാപിക്കുന്നതെങ്കിലും നേതാക്കളുടെ പര്യടനങ്ങൾ ഏറക്കുറെ വെള്ളിയാഴ്ചതന്നെ പൂർത്തിയായി. യു.ഡി.എഫിനുവേണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അവസാനഘട്ടത്തിൽ എത്തിയത്. കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രനും വിവിധയിടങ്ങളിൽ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തു. എളമരം കരീം എം.പി., എ. പ്രദീപ്കുമാർ എം.എൽ.എ. എന്നിവർ വെള്ളിയാഴ്ച നടന്ന പൊതുയോഗങ്ങളിൽ പങ്കെടുത്തു.

‘അമിതാവേശം’ വേണ്ടാ ക്യാമറയിൽ കുടുങ്ങും

കൊട്ടിക്കലാശത്തിന്റെ ഭാഗമായി നടക്കുന്ന ജാഥകൾക്കും മറ്റ് പ്രകടനങ്ങൾക്കുമൊന്നും അനുമതിനൽകില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ എ.വി. ജോർജ് പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ആളുകൾ ഒത്തുചേർന്നാൽ നപടിയുണ്ടാവും. എല്ലാം പോലീസ് ക്യാമറയിൽ പകർത്തും. അതുകൊണ്ട് മാസ്കിട്ട്, ഗ്യാപ്പിട്ട് നിന്നാൽ മതിയെന്നാണ് പോലീസ് രാഷ്ട്രീയപ്പാർട്ടികളെ ഓർമിപ്പിക്കുന്നത്.

കൂട്ടംചേർന്നുള്ള കൊട്ടിക്കലാശം പാടില്ല -കളക്ടർ

കോഴിക്കോട് : പരസ്യപ്രചാരണം ശനിയാഴ്ച അവസാനിക്കുന്നതിനാൽ കൂട്ടംചേർന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് കളക്ടർ സാംബശിവ റാവു അറിയിച്ചു. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊട്ടിക്കലാശം ഒഴിവാക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്‌ഷോയ്ക്കും വാഹനറാലിക്കും പരമാവധി മൂന്ന് വാഹനങ്ങളേ പാടുള്ളൂ.