പയ്യോളി: ജില്ലയിലെ പ്രധാന നെല്ലറകൾ ഇഴചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ് പയ്യോളി അങ്ങാടി, മേപ്പയ്യൂർ, മണിയൂർ എന്നിവ. ഈ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ നെൽക്കൃഷിയിലെ നൂറുമേനി വിളവെടുപ്പു പോലെയാണ് രാഷ്ട്രീയവും. ഉഴുതുമറിച്ചിട്ട പാടങ്ങൾപോലെ രാഷ്ട്രീയം സിരകളിൽ പടർന്നുകയറിയവരാണ് ഭൂരിഭാഗം വോട്ടർമാരും. അതിനാൽ രാഷ്ട്രീയത്തിനപ്പുറമുള്ള മറ്റുഘടകങ്ങൾ ഇവിടെ പ്രചാരണരംഗം വല്ലാതെ കൊഴുപ്പിക്കാറില്ല. ഇതിൽ മേപ്പയ്യൂരും പയ്യോളി അങ്ങാടിയും 2015-ൽ നിലവിൽവന്ന ഡിവിഷനുകളാണ്.

പയ്യോളി അങ്ങാടി

മൂന്ന് യുവനേതാക്കൾ പോരിനിറങ്ങിയതോടെ പയ്യോളി അങ്ങാടി ഡിവിഷൻ കൂടുതൽ ശ്രദ്ധനേടിയിരിക്കയാണ്. യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂരും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിലും കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. രജീഷുമാണ് ഇവർ.

കഴിഞ്ഞതവണ യു.ഡി.എഫ്. മുന്നണിയിലുള്ളപ്പോൾ എൽ.ജെ.ഡി.യിലെ എം.പി. അജിത 4442 വോട്ടിന് ജയിച്ച സ്ഥലമാണ്. ഇത്തവണ എൽ.ഡി.എഫിനുവേണ്ടിയാണ് എൽ.ജെ.ഡി. സീറ്റുപിടിക്കാൻ അങ്കത്തട്ടിലുള്ളത്. ഇരുവരുടെയും കന്നി അങ്കമാണ്. വിവാദ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തി ശ്രദ്ധേയനായ പരിവേഷവുമായാണ് സലീം മടവൂർ മത്സരിക്കുന്നത്.

യു.ഡി.എഫിൽ അവസാന മണിക്കൂറിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെങ്കിലും ദുൽഖിഫിലിന്റെ സാന്നിധ്യം പ്രവർത്തകരെ സക്രിയമാക്കിയിട്ടുണ്ട്. എൻ.ഡി.എ. സ്ഥാനാർഥിയായ കെ.കെ. രജീഷും സജീവമായി തന്നെ രംഗത്തുണ്ട്.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ തിരുവള്ളൂർ, വെള്ളൂക്കര ഡിവിഷനുകളും പേരാമ്പ്ര ബ്ലോക്കിലെ ചെറുവണ്ണൂർ ഡിവിഷനും പന്തലായനി ബ്ലോക്കിലെ കടലൂർ ഡിവിഷനും തിക്കോടി, തുറയൂർ പഞ്ചായത്തുകൾ മുഴുവനായും വിളയാട്ടൂർ ഡിവിഷനിൽവരുന്ന മേപ്പയ്യൂർ പഞ്ചായത്തിലെ രണ്ടു വാർഡുകളും ചേരുന്നതാണ് പയ്യോളി അങ്ങാടി ഡിവിഷൻ. 58 പഞ്ചായത്ത് വാർഡുകൾ ഈ ഡിവിഷന്റെ പരിധിയിൽവരും.

മേപ്പയ്യൂർ

ഇടതുകോട്ടയായി നിലയുറപ്പിച്ച പലവാർഡുകളുംപെടുന്ന ഡിവിഷനാണ് മേപ്പയ്യൂർ. കഴിഞ്ഞതവണ വനിതാസംവരണമായ ഡിവിഷൻ ഇത്തവണ പട്ടികജാതി സംവരണമാണ്.

ചെറുവണ്ണൂർ, നൊച്ചാട്, മേപ്പയ്യൂർ, പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, കായണ്ണ എന്നീ ഏഴുപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 46 വാർഡുകളാണ് മേപ്പയ്യൂർ ഡിവിഷനിലുള്ളത്. മേപ്പയ്യൂർ, ചങ്ങരോത്ത് പഞ്ചായത്തിലെ വാർഡുകളാണ് കൂടുതൽ. മേപ്പയ്യൂരിൽ 12 വാർഡുകളും ചങ്ങരോത്ത് 11 വാർഡുകളും ചെറുവണ്ണൂരും നൊച്ചാട് ഏഴുവീതം വാർഡുകളും പേരാമ്പ്ര നാലും കൂത്താളി മൂന്നും കായണ്ണ രണ്ടും വാർഡുകൾ ഡിവിഷനിൽ വരും. കഴിഞ്ഞ തിരഞ്ഞടുപ്പിൽ ചങ്ങരോത്ത് ഒഴികെയുള്ള പഞ്ചായത്തുകളെല്ലാം എൽ.ഡി.എഫ്. ഭരിക്കുന്നവയാണ്.

സർക്കാരിന്റെ ഭരണനേട്ടങ്ങളും ഡിവിഷനിൽ നടന്ന വികസനപ്രവർത്തനങ്ങളും ഉയർത്തിയാണ് എൽ.ഡി.എഫ്. പ്രചാരണം. സി.പി.എമ്മിലെ സുജാത മനയ്ക്കൽ 5027 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.

ഗ്രാമീണമേഖലകളിൽ വികസനമെത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിയും സർക്കാരിനെതിരായ അഴിമതികൾ ഉന്നയിച്ചുമാണ് യു.ഡി.എഫ്. ജനങ്ങളെ സമീപിക്കുന്നത്. വികസനമുരടിപ്പും കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങളും ബി.ജെ.പി. പ്രചാരണായുധമാക്കുന്നു.

മണിയൂർ

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ എട്ടുഡിവിഷനുകൾ ചേരുന്നതാണ് മണിയൂർ ഡിവിഷൻ. ഇതിൽ മണിയൂർ, വില്യാപ്പള്ളി പഞ്ചായത്തിലെ 19 വാർഡുകളും തിരുവള്ളൂരിലെ ഒമ്പത് വാർഡുകളും ഉൾപ്പെടെ 47 ഗ്രാമപ്പഞ്ചായത്ത്‌ വാർഡുകൾപെടും. ഈ മൂന്നുപഞ്ചായത്തിലും എൽ.ഡി.എഫ്. ഭരണമാണ്.

കഴിഞ്ഞതവണ എൽ.ഡി.എഫിലെ ആർ. ബാലറാം നേടിയ 6328 വോട്ടുകളുടെ ലീഡ് ഉയരുമെന്നാണ് എൽ.ഡി.എഫ്. പ്രതീക്ഷ. കാരണം, ഇത്തവണ എൽ.ജെ.ഡി. ഒപ്പമുണ്ട്. വില്യാപ്പള്ളി, മണിയൂർ, തിരുവള്ളൂർ പഞ്ചായത്തുകളിൽ എൽ.ജെ.ഡി.ക്ക് ശക്തിയുള്ള പോക്കറ്റുകളുണ്ട്. കൂടാതെ, 12 കോടിയുടെ വികസനം ഈ ഡിവിഷനിൽ നടത്തിയതും എടുത്തുകാട്ടുന്നു.

മറുവശത്ത് യു.ഡി.എഫ്. മുമ്പില്ലാത്തവിധം പ്രതീക്ഷയിലാണ്. കഴിഞ്ഞതവണ വെൽഫെയർ പാർട്ടി നേടിയ 1242 വോട്ട് ഇത്തവണ ലഭിക്കുമെന്നാണ് കണക്കുകൂട്ടുൽ. 1481 വോട്ടുനേടിയ എസ്.ഡി.പി.ഐ. ഇത്തവണ മത്സരിക്കുന്നില്ല. ഈ വോട്ട് എങ്ങോട്ടുമറിയുന്നുമെന്നതും നിർണായകമാണ്.

സ്ഥാനാർഥിനിർണയത്തിന് അവസാനംവരെ കാക്കേണ്ടിവന്നതിനാൽ പ്രചാരണരംഗത്ത് മുന്നേറാൻ കഠിനപ്രയത്നം നടത്തിവരുകയാണ് യു.ഡി.എഫ്. ബി.ജെ.പി. 2015-ൽ 5587 വോട്ടുനേടിയിരുന്നു. കരുത്തു വർധിപ്പിക്കാൻ ആവനാഴിയിലെ എല്ലാ അസ്ത്രവും എൻ.ഡി.എ.യും പുറത്തെടുത്തിട്ടുണ്ട്. മണിയൂർ കമല ആർ. പണിക്കർ (യു.ഡി.എഫ്. സ്വത.), ബീന എലിക്കോട്ട് (ബി.ജെ.പി.), , കെ.വി. റീന (സി.പി.എം.)

പയ്യോളി അങ്ങാടി വി.പി. ദുൽഖിഫിൽ (കോൺ.), സലീം മടവൂർ (എൽ.ജെ.ഡി.), കെ.കെ. രജീഷ് (ബി.ജെ.പി.)എ.പി. അജിത (എൽ.ജെ.ഡി.) -ഭൂരിപക്ഷം-4442ആർ. ബാലറാം (സി.പി.എം.) -ഭൂരിപക്ഷം-6328