കോഴിക്കോട്: ചെന്താമരപ്പൂ തേൻകുടിക്കണ വണ്ടേ... കരിവണ്ടേ... നീ ചാണകമുരുട്ടുന്നത് നമ്മള് കണ്ടു. പാടിയത് വേറെ ആരുമല്ല... രാഷ്ട്രീയക്കാരിലെ പാട്ടുകാരനായ പി.ജെ. ജോസഫ്. ബുധനാഴ്ച കോഴിക്കോട് പരപ്പിലിൽ യു.ഡി.എഫിന്റെ കോർപ്പറേഷൻ പ്രകടനപത്രിക പ്രകാശനംചെയ്യുന്ന ചടങ്ങിൽ സംസ്ഥാനസർക്കാരിന്റെ അഴിമതിയും സ്വർണക്കടത്ത് വിവാദവുമൊക്കെ ചൂണ്ടിക്കാട്ടിയാണ് കേരള കോൺഗ്രസ് ചെയർമാനായ പി.ജെ. ജോസഫ് ഈ വരികൾ മൂളിയത്. അതിൽ നിർത്തിയില്ല, എൽ.ഡി.എഫ്. വരും എല്ലാംശരിയാവും എന്ന പഴയ പ്രചാരണ വാചകത്തെ കളിയാക്കി ആറ്റിൻകരയിൽ വിമാനമിറക്കാൻ... താവളമുണ്ടാക്കും എന്ന ‘സ്ഥാനാർഥിസാറാമ്മ’ എന്ന സിനിമയിലെ പഴയ ഗാനത്തോടെയാണ് പി.ജെ. ജോസഫ് പ്രസംഗം അവസാനിപ്പിച്ചത്. പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങൾ തുടങ്ങിയ നേതാക്കളുടെ നിരയുണ്ടായിരുന്നു വേദിയിൽ.

സി.പി.ഐ. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനായിരുന്നു എൽ.ഡി.എഫ്. സ്ഥാനാർഥികൾക്കുവേണ്ടി ബുധനാഴ്ച ജില്ലയിൽ പ്രചാരണത്തിനെത്തിയത്. സ്വയം ചോദ്യംചോദിച്ചും അദ്ദേഹംതന്നെ ഉത്തരം പറഞ്ഞുമുള്ള പതിവ് പ്രസംഗശൈലി കേട്ടിരുന്നവരെ ആവേശത്തിലാഴ്ത്തി. കോഴിക്കോട് കോർപ്പറേഷനിൽ മൂന്നിടങ്ങളിലാണ് പന്ന്യൻ രവീന്ദ്രൻ എത്തിയത്. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ കോഴിക്കോട്ട് നിപയെ മന്ത്രവാദിയെപ്പോലെ പിടിച്ച് കുപ്പിയിലാക്കി അടച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാരിവട്ടത്ത് പൊളിയുന്ന പാലം പണിതതും ഇ.ഡി.യും സി.ബി.ഐയും സംസ്ഥാന സർക്കാരിന് മുകളിൽ വട്ടമിട്ട് പറക്കുന്നതും നർമംകലർത്തി അവതരിപ്പിച്ചു.

ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ്‌ എ.പി. അബ്ദുള്ളക്കുട്ടി കക്കോടി പഞ്ചായത്തിൽനിന്നാണ് പര്യടനത്തിന് തുടക്കമിട്ടത്. പിന്നെ നേരെ വടകരയിലേക്ക്. അവിടെ വില്യാപ്പള്ളിയിൽ എൻ.ഡി.എയുടെ പൊതുസമ്മേളനത്തിലും കുഞ്ഞിപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുത്തു. പ്രസംഗത്തിനിടയിൽ ഓരോ വാക്കുകളിലും സംസ്ഥാന സർക്കാരിനെതിരെ കൂരമ്പുകളയച്ചു.