കോഴിക്കോട് : സർക്കാരിനെതിരേ ആഞ്ഞടിച്ചും വിവാദങ്ങളിലും വികസന വിഷയങ്ങളിലും നിലപാട് വ്യക്തമാക്കിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജില്ലയിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ആവേശമായി. വിട്ടുവീഴ്ചയില്ലാതെ സർക്കാരിനെതിരേ യുദ്ധപ്രഖ്യാപനം നടത്തുന്ന പ്രതിപക്ഷനായകനെയാണ് പൊതുപരിപാടികളിൽ കണ്ടത്.

യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നാൽ കെ-റെയിൽ പദ്ധതി ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിടുമെന്ന് കെ-റെയിൽ പ്രതിരോധ സമിതി കാട്ടിലപീടികയിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷനേതാവ് പറഞ്ഞു. നിലവിലുള്ള റെയിൽപ്പാത ഉപയോഗപ്പെടുത്തി അതിവേഗ ട്രെയിൻ ഓടിക്കാമെന്ന നിർദേശങ്ങൾ മാറ്റിവെച്ചാണ് കുടുംബങ്ങളെ കുടിയിറക്കുന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

പദ്ധതി നടപ്പാകുമ്പോൾ ഇരുപതിനായിരത്തോളം കുടുംബങ്ങളാണ് വഴിയാധാരമാകുക. അമ്പതിനായിരം കടകളും അയ്യായിത്തിലധികം ആരാധനാലയങ്ങളും പൊളിച്ചുനീക്കേണ്ടി വരും. 145 ഹെക്ടർ കൃഷിഭൂമി മണ്ണിട്ടുനികത്തേണ്ടി വരും. ഒരു കാരണവശാലും പാവങ്ങളെ കുടിയിറക്കുന്ന പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല -പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തിലും കോർപ്പറേഷൻ സ്ഥാനാർഥിസംഗമത്തിലും സർക്കാരിനെ അദ്ദേഹം കടന്നാക്രമിച്ചു. ‘കോവിഡിനെക്കാൾ വലിയ മഹാമാരി’ എന്നാണ് സർക്കാരിനെ കായക്കൊടി പഞ്ചായത്ത് യു.ഡി.എഫ്. പ്രവർത്തകസംഗമത്തിൽ അദ്ദേഹം വിശേഷിപ്പിച്ചത്. റിവേഴ്സ് ഹവാലയിൽ ഉൾപ്പെട്ട ഉന്നതനാരെന്ന ചോദ്യം തുടർച്ചയായ മൂന്നാമത്തെ ദിവസവും അദ്ദേഹം ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇ.ഡി. വിളിക്കുമ്പോഴെല്ലാം അസുഖം വരുന്നതിനെയും രമേശ് ചെന്നിത്തല പരിഹസിച്ചു. അരിയാഹാരം കഴിക്കുന്നവർക്കെല്ലാം ഈ അസുഖത്തെക്കുറിച്ച് സംശയം തോന്നുമെന്നും എയിംസ് സംഘം അദ്ദേഹത്തെ പരിശോധിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ടി.ടി. ഇസ്മയിൽ അധ്യക്ഷനായി. കെ.പി.സി.സി. െവെസ് പ്രസിഡന്റ് ടി.സിദ്ദിഖ്,ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺകുമാർ, കെ.പി.സി.സി. സെക്രട്ടറി ഐ. മൂസ എന്നിവർ പ്രതിപക്ഷനേതാവിനൊപ്പം ജില്ലയിൽ വിവിധ യോഗങ്ങളിൽ സംസാരിച്ചു.