കോഴിക്കോട് : കുടിവെള്ളം സൗജന്യമായെത്തിക്കുന്ന, പണമീടാക്കാതെ മാലിന്യം ശേഖരിക്കുന്ന നഗരമാണ് യു.ഡി.എഫ്. കോഴിക്കോട് കോർപ്പറേഷന്റെ പ്രകടനപത്രികയിൽ വാഗ്ദാനംചെയ്യുന്നത്. 50 വർഷം മുന്നിൽക്കണ്ടുള്ള മാസ്റ്റർപ്ലാൻ, നൂതന സാങ്കേതിക വിദ്യകളോടെ നഗരത്തിന്റെ പലയിടങ്ങളിയായി പാർക്കിങ് സൗകര്യം, മുഴുവൻ വാർഡുകളിലും ടെലിമെഡിസിൻ തുടങ്ങി സേവനത്തിനും വികസനത്തിനും ഒരുപോലെ ഇതിൽ പ്രാധാന്യം നൽകുന്നുണ്ട്. കോർപ്പറേഷനോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിലെ പുഴകൾ ഉൾപ്പെടെ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തിയാണ് സൗജന്യമായി കുടിവെള്ളമെത്തിക്കുക. പൊതുഇടങ്ങളെ മാലിന്യമുക്തമാക്കി അഞ്ചുവർഷംകൊണ്ട് സുന്ദരനഗരമെന്ന ഖ്യാതി കോഴിക്കോടിന് നേടിക്കൊടുക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

സേവനം വീടുകളിലേക്ക്

അപേക്ഷകളിൽ സമയബന്ധിതമായി പരിഹാരം കാണാനും നിരീക്ഷിക്കാനുമായി കൗൺസിലർമാർ, വകുപ്പ് മേധാവികൾ, വ്യാപാരി, വ്യവസായി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ‘ഫോറം’ രൂപവത്കരിക്കും. ഇതിനുപുറമേ കോർപ്പറേഷനിലെ മുഴുവൻ വാർഡുകളിലും ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കും. അറുപത് വയസ്സ് കഴിഞ്ഞവർക്ക് വീടുകളിൽ ചെന്ന് സേവനം നൽകുന്ന പദ്ധതി നടപ്പാക്കും. ബിസിനസ് പരാജയപ്പെട്ടവർ, മടങ്ങിയെത്തിയ പ്രവാസികൾ എന്നിവരുടെ മാനസിക ശാക്തീകരണത്തിനായി കോൾ സെന്ററുകൾ സ്ഥാപിക്കും. മാനസിക വെല്ലുവിളിനേരിടുന്ന കുട്ടികളുടെ വിദ്യഭ്യാസം, തൊഴിൽ എന്നിവ ഉറപ്പാക്കും. തീരദേശത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കും.

ഡ്രൈവർമാർക്ക് വിശ്രമിക്കാൻ ഇടം

നഗരത്തിലെ ഓട്ടോ-ടാക്സി ഡ്രൈവർമാർ, സ്വകാര്യബസ് തൊഴിലാളികൾ എന്നിവർക്ക് രാത്രിയും പകലും വിശ്രമിക്കാനുള്ള കേന്ദ്രമൊരുക്കും. യുവാക്കൾക്ക് യോഗ്യതയ്ക്കനുസരിച്ച് നിശ്ചിത തൊഴിൽദിനങ്ങൾ ഉറപ്പാക്കും. പരീക്ഷകളിൽ മാർക്ക് കുറഞ്ഞുപോയ വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗജന്യ പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് സൗജന്യയാത്രയും പ്രഭാത-ഉച്ച ഭക്ഷണവും. ഉന്തുവണ്ടികച്ചവടക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കായി ഇൻഷുറൻസും പെൻഷൻ പദ്ധതിയും.

വിനോദസഞ്ചാരികളേ ഇതിലേ

കനോലി കനാൽ, കോഴിക്കോട് ബീച്ച് എന്നിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കും. നഗരത്തിൽ പ്രാദേ ശിക കളിസ്ഥലങ്ങൾക്കൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള സ്‌പോർട്‌സ് കോംപ്ലക്‌സുകൾ. തെരുവ് വിളക്ക് പ്രശ്നത്തിന് പരിഹാരമായി ഹൈമാസ്റ്റ് വിളക്കുകൾ. നഗരത്തിന്റെ തിരക്കുകളിൽനിന്ന് മാറി എല്ലാവർക്കും സ്വീകാര്യമായ ഒരിടത്ത് മികച്ച സാങ്കേതിക സൗകര്യങ്ങളോടെ പൊതുശ്മശാനം. നഗരത്തിൽ നൂതന ശൗചാലയങ്ങൾ .

പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റംമാത്രം -ചെന്നിത്തല

കോഴിക്കോട് : സംസ്ഥാനസർക്കാർ അഞ്ചുവർഷംകൊണ്ട് ചെയ്തുകൂട്ടിയ ക്രമക്കേടുകളിൽ മഞ്ഞുമലയുടെ അറ്റംമാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വാർത്തകൾ വരാനിരിക്കുന്നതേയുള്ളൂ. കോഴിക്കോട് കോർപ്പറേഷനിലെ യു.ഡി.എഫിന്റെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ സ്ഥാനാർഥി സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങൾ ഉദ്ഘാടനംചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷനായി.

കേരള കോൺഗ്രസ് (എം) ചെയർമാൻ പി.ജെ. ജോസഫ്, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.എ. മജീദ്, സി.എം.പി. ജനറൽ സെക്രട്ടറി സി.പി. ജോൺ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ്, ജനറൽസെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺകുമാർ, ശൂരനാട് രാജശേഖരൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, എം.എ. റസാഖ്, കെ.സി. അബു, പി. ഉഷാദേവി, കെ. മൊയ്തീൻകോയ എന്നിവർ പങ്കെടുത്തു.