ബേപ്പൂർ: വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദ്വീപിൽ ഒറ്റപ്പെട്ടുകഴിയുന്ന കുടുംബത്തിന്റെ വോട്ടുതേടി സ്ഥാനാർഥികളെത്തി. ബേപ്പൂർ പോർട്ട് 47-ാം ഡിവിഷനിൽപ്പെട്ട കോഴിത്തുരുത്തി ദ്വീപിലെ ഏക താമസക്കാരായ മോഹൻദാസും ഭാര്യ രജനിയും മകൻ വിഷ്ണുവുമുൾപ്പെടുന്ന കുടുംബത്തെ കാണാൻ യു.ഡി.എഫ്. സ്ഥാനാർഥി ടി. രാജലക്ഷ്മിയും പ്രവർത്തകരുമാണ് ചൊവ്വാഴ്ച തോണിയിലെത്തിയത്.

സർക്കാർ‍ മുമ്പ്‌ അനുവദിച്ചിരുന്ന സൗരോർജ സംവിധാനം തകരാറിലായതോടെ ആറുദിവസമായി മെഴുകുതിരിയുടെയും മണ്ണെണ്ണവിളക്കിന്റെയും വെട്ടത്തിലാണ് ഇവർ കഴിയുന്നത്. 14 ഏക്കർ വരുന്ന കോഴിത്തുരുത്തി ദ്വീപ് ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉല്ലാസകേന്ദ്രമായിരുന്നു. നേരത്തേ പൂതേരി തറവാട്ടുകാരായിരുന്നു ഇതിന്റെ ഉടമകൾ. പിന്നീടിത് സ്വകാര്യവ്യക്തികൾക്ക് വിറ്റു. ദ്വീപിന്റെ നടത്തിപ്പ് ചുമതലക്കാരനായിരുന്ന പരേതനായ പി. കുട്ടിക്കൃഷ്ണൻ നായരുടെ മകനാണ് മോഹൻദാസ്.

ദ്വീപിന്റെ കര മിക്കവാറും പുഴയെടുത്തുകഴിഞ്ഞു. കണ്ടൽക്കാടിന്റെ സംരക്ഷണമാണ് ഇപ്പോൾ ആശ്രയം. നീർനായ്ക്കളുടെയും ഇഴജീവികളുടെയും ശല്യവും ഭീഷണിയാണ്. തോണിയിലെത്തിയാൽ മുട്ടോളം ചെളി ചവിട്ടിവേണം കരയിലെത്താൻ. ‘പാതിരാത്രി ആർക്കെങ്കിലും അസുഖം വന്നാൽ കരയിലെത്താനാണ് ഏറെപ്രയാസം. വെളിച്ചമില്ലാത്തതും പ്രശ്നമാണ്’- വോട്ടു ചോദിച്ചെത്തുന്നവരോട് മോഹൻദാസിന് പറയാനുള്ളത് ഇതാണ്.

ദ്വീപിൽ വൈദ്യുതി എത്തിക്കാനും അടിസ്ഥാനസൗകര്യം ഒരുക്കാനും മുൻകൈയെടുക്കുമെന്ന് രാജലക്ഷ്മി കുടുംബത്തിന് ഉറപ്പുനൽകി. യു.ഡി.എഫ്. പ്രവർത്തകരായ എം. ഷെറി, മനാഫ് മൂപ്പൻ, എം.കെ. അഫിയാഫ്, ഗംഗാദേവി, രവികൃഷ്ണൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. നേരത്തേ എൽ.ഡി.എഫ്. സ്ഥാനാർഥി എം. ഗിരിജയും എൻ.ഡി.എ.യുടെ വിന്ധ്യ സുനിലും ദ്വീപിലെത്തി വീട്ടുകാരെ കണ്ടിരുന്നു. ഇവരും പ്രശ്നപരിഹാരം വാഗ്ദാനം നൽകിയാണ് മടങ്ങിയത്.