കോഴിക്കോട്: “പി.പി.ഇ. കിറ്റും ഫെയ്‌സ് ഷീൽഡുമെല്ലാം ധരിക്കുന്നതേ ആദ്യം. പരിചയമില്ലാത്തതിനാൽ ഇതെല്ലാമിട്ട് ഒരു ഒപ്പിടാൻതന്നെ എടുത്തു കുറച്ചുസമയം. വോട്ടറുടെ ഐ.ഡി.യെല്ലാം നോക്കിയിട്ട് ശരിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അത് ഉറപ്പുവരുത്താനും നല്ല ബുദ്ധിമുട്ടുണ്ടായി. പിന്നെ ഡിക്ലറേഷൻ ഫോം ഒപ്പിട്ട് വാങ്ങലും വോട്ടുചെയ്യിക്കലുമെല്ലാം കഴിഞ്ഞപ്പോഴേക്കും ഒരു വീട്ടിൽത്തന്നെ മുക്കാൽ മണിക്കൂറോളമെടുത്തു” -ജില്ലയിൽ ആദ്യമായി കോവിഡ് രോഗികളെ വോട്ടുചെയ്യിച്ചവരിലൊരാളായ ചാത്തമംഗലം പഞ്ചായത്തിലെ സ്പെഷ്യൽ പോളിങ് ഓഫീസർ വിഷ്ണു എസ്. ഷാജി പറയുന്നു. ഭക്ഷ്യസുരക്ഷാവകുപ്പിൽ ഉദ്യോഗസ്ഥനായ വിഷ്ണുവിനൊപ്പം മായനാട് എ.യു.പി.സ്കൂൾ സംസ്കൃതാധ്യാപകനായ സുരേഷ് ബാബുവാണ് അസിസ്റ്റന്റ് പോളിങ് ഓഫീസറായി ഉണ്ടായിരുന്നത്.

തിങ്കളാഴ്ച ഉച്ചയായപ്പോഴേക്കും പി.പി.ഇ. കിറ്റ് ഉൾപ്പെടെയുള്ളവയും സാക്ഷ്യപ്പെടുത്തിയ ലിസ്റ്റും കിട്ടി. വണ്ടിയും ഡ്രൈവറും അപ്പോഴേക്കും തയ്യാറായിരുന്നു. ഉച്ചകഴിഞ്ഞാണ് ഇരുവരും ലിസ്റ്റ് പ്രകാരമുള്ള കോവിഡ് വോട്ടർമാരെ തേടിയിറങ്ങിയത്. സ്ഥലം പരിചയമില്ലാത്തതിനാൽ വീട് കണ്ടുപിടിക്കാനും കുറച്ച്‌ ബുദ്ധിമുട്ടി. പഞ്ചായത്തുകളിലെ വോട്ടർമാർക്ക് മൂന്നുവോട്ടുള്ളതിനാൽ മൂന്ന് ബാലറ്റുകളിലായി അത് ചെയ്യിച്ചെടുക്കാനും കുറച്ച് സമയം അധികമെടുത്തു. നാലുവീടുകളിലാണ് പോയത്. നാലുപേരും അപ്പോൾത്തന്നെ വോട്ടുരേഖപ്പെടുത്തി ബാലറ്റ് പേപ്പർ തിരിച്ചുതന്നു. അകത്തുകയറിയിരുന്നാണ് നടപടികൾ പൂർത്തിയാക്കിയത്. പോയവീടുകളിലെല്ലാം നല്ല സഹകരണമാണ് ലഭിച്ചതെന്നും പോളിങ് ഉദ്യോഗസ്ഥർ പറയുന്നു.

ജില്ലയിലെ ചുരുക്കംചില പഞ്ചായത്തുകളിൽമാത്രമാണ് കോവിഡ് രോഗികൾക്കുള്ള പ്രത്യേക ബാലറ്റ് വിതരണം തിങ്കളാഴ്ച തുടങ്ങിയത്. ചാത്തമംഗലം, കടലുണ്ടി പഞ്ചായത്തുകളിൽ ബാലറ്റ് വിതരണം ആരംഭിച്ചു. രണ്ടുടീമിന്റെ നേതൃത്വത്തിലായിരുന്നു ചാത്തമംഗലത്ത് ബാലറ്റ് വിതരണം.

ആദ്യനാൾആശയക്കുഴപ്പം

കോവിഡ് രോഗികളുടെ സാക്ഷ്യപ്പെടുത്തിയ ലിസ്റ്റാകാൻ വൈകിയതുകാരണം കോഴിക്കോട് കോർപ്പറേഷൻ ഉൾപ്പെടെ ജില്ലയിൽ പലയിടത്തും തിങ്കളാഴ്ച ബാലറ്റ് വിതരണം നടന്നില്ല.

തിങ്കളാഴ്ച രാവിലെ പത്തോടെതന്നെ ഉദ്യോഗസ്ഥരെത്തി പി.പി.ഇ. കിറ്റും മറ്റും വാങ്ങിയെങ്കിലും ലിസ്റ്റ് കിട്ടിയത് വൈകീട്ടാണ്. പി.പി.ഇ. കിറ്റ് വാങ്ങിയശേഷം ഉദ്യോഗസ്ഥർക്ക് ധരിക്കേണ്ടതിനെക്കുറിച്ച് ക്ലാസുണ്ടായിരുന്നു. ഇതുകഴിഞ്ഞ് ലിസ്റ്റിനായി പലയിടത്തും ഏറെനേരം കാത്തുനിൽക്കേണ്ടിവന്നു. വൈകീട്ടോടെയാണ് പലർക്കും ലിസ്റ്റ് കിട്ടിയത്. അപ്പോഴേക്കും പലയിടത്തും നല്ല മഴയും ആരംഭിച്ചിരുന്നു. ഇതോടെ വോട്ടർമാരെത്തേടിയുള്ള യാത്ര പലരും ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ, തിങ്കളാഴ്ച വൈകീട്ടോടെ എല്ലാവർക്കും ലിസ്റ്റ് നൽകി. പി.പി.ഇ. കിറ്റ് ഉൾപ്പെടെയുള്ളവയും വിതരണംചെയ്തുകഴിഞ്ഞു. ചൊവ്വാഴ്ച രാവിലെമുതൽ സ്പെഷ്യൽ പോളിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ ബാലറ്റ് വിതരണം നടക്കും.

ഡി.എം.ഒ. നൽകുന്ന ലിസ്റ്റിൽ രോഗിയുടെ പേരും വിലാസവും മാത്രമാണുണ്ടാവുക. ഇതിൽ ഫോൺനമ്പർമുതൽ എല്ലാം ശരിയാണോയെന്ന് ആദ്യം ഉറപ്പിക്കണം. ഇദ്ദേഹംതന്നെയാണോ വോട്ടർ എന്നും പരിശോധിക്കണം. വാർഡ് നമ്പർ, വോട്ടേഴ്‌സ് ഐ.ഡി നമ്പർ, വോട്ടർ പട്ടികയിലെ ക്രമനമ്പർ, അച്ഛന്റെ പേര് എന്നിവയെല്ലാം പുതുതായി ചേർക്കുകയും വേണം. ചിലരെ ഫോണിലുംമറ്റും കിട്ടാത്തതിനാൽ അതതുസ്ഥലത്തെ കൗൺസിലർമാരെ ചുമതലപ്പെടുത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതാണ് ലിസ്റ്റ് വൈകാൻ കാരണമെന്ന് തിരഞ്ഞെടുപ്പ് അധികൃതർ പറഞ്ഞു. ചില പഞ്ചായത്തിൽ ലിസ്റ്റ് കിട്ടിക്കഴിഞ്ഞപ്പോൾ വോട്ടർമാരുടെ ഫോൺ നമ്പറില്ലാത്തതും പ്രശ്നമായി.

ആദ്യലിസ്റ്റിൽ 1065 പേർ

ആദ്യലിസ്റ്റിൽ ഏകദേശം 1065 കോവിഡ് വോട്ടർമാരാണ് കോഴിക്കോട് കോർപ്പറേഷനിലുള്ളത്. ഇതിൽ 205 പേരുടെ പോസ്റ്റൽ ബാലറ്റിന്റെ പ്രക്രിയകൾ പൂർത്തിയായി. ക്വാറന്റീനിലുള്ളവരുടെ ലിസ്റ്റിൽ 557 പേരാണുള്ളത് .