കോഴിക്കോട്: കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലുമുള്ളവർക്ക് ശരിക്കു മനസ്സിലാവില്ല, പഞ്ചായത്ത് വോട്ടർമാരുടെ പങ്കപ്പാടുകൾ. ഒരു തിരഞ്ഞെടുപ്പിന് ഒരുവോട്ട് ചെയ്യുന്ന നാഗരികർ മൂന്നുവോട്ട് ചെയ്യേണ്ട ഗ്രാമീണരുടെ ആശയക്കുഴപ്പം എങ്ങനെ അറിയാനാണ്?..

വളയം പഞ്ചായത്തിലെ ചാമയുള്ളതിൽ ചീരുവേടത്തിയോട് ചോദിച്ചുനോക്കൂ, സ്ഥാനാർഥികളെക്കുറിച്ച്. ‘‘അരിവാളുകാരും കൈപ്പത്തിക്കാരും താമരക്കാരുമൊക്കെ വീട്ടില് വന്നിന് മോനേ...’’ എന്ന് മറുപടി. ഗ്രാമപ്പഞ്ചായത്തിലേക്കാര്, ബ്ലോക്കിലേക്കാര്, ജില്ലയിലേക്കാര് എന്നൊക്കെ ചോദിച്ചാൽ എഴുപതുകഴിഞ്ഞ ഈ അമ്മ കുഴങ്ങിപ്പോകുകയേ ഉള്ളൂ.

ചങ്ങരോത്ത് പഞ്ചായത്തിലെ കൂലിപ്പണിക്കാരനായ രാജന് മൂന്നു സ്ഥാനാർഥികൾക്ക് വോട്ടുചെയ്യണമെന്നറിയാം. എന്നാൽ, ഏതൊക്കെയാണ് സ്ഥാനങ്ങൾ, ആരൊക്കെയാണ് മത്സരിക്കുന്നത് -അതേക്കുറിച്ച് വ്യക്തതയില്ല. കക്കോടിയിലെ വീട്ടമ്മയായ രമണിയുടെ ചോദ്യം ഇങ്ങനെയാണ്: ‘‘മൂന്നു വോട്ട് ചെയ്യുന്നതെന്തിനാ, ഒരു വോട്ടല്ലേ നമുക്കുള്ളൂ?’’

അതേ, ഗ്രാമങ്ങളിൽ വോട്ടർമാർ കൺഫ്യൂഷനിലാണ്. ആരൊക്കെയാണ് സ്ഥാനാർഥികൾ, ഏതൊക്കെയാണ് ചിഹ്നങ്ങൾ എന്നൊക്കെ സജീവരാഷ്ട്രീയമുള്ളവർക്കേ കൃത്യമായി അറിയൂ. അല്ലാത്തവരെ പഠിപ്പിക്കുകയെന്നത് പ്രവർത്തകർക്ക് ഇക്കുറി നല്ല പണിയാവും. ചിലേടത്തൊക്കെ ആ പഠിപ്പിക്കൽ തുടങ്ങിയിട്ടുണ്ട്. മിക്കയിടത്തും ഇനിയും ആ ഘട്ടം എത്തിയിട്ടില്ല.

ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥികൾ ഓരോ വീട്ടിലും മൂന്നുതവണയെങ്കിലും എത്തിക്കഴിഞ്ഞു. പലേടത്തും സ്വന്തം പേരും ചിഹ്നവുമുള്ള നോട്ടീസ് മാത്രം നൽകിയാണ് അവർ മടങ്ങുന്നത്. തന്റെ മുന്നണിയിലെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളാരെന്നും അവരുടെ ചിഹ്നമെന്തെന്നും പരിചയപ്പെടുത്തുന്ന നോട്ടീസോ ലഘുലേഖയോ നൽകാത്തതിനാൽ, മൂന്നുവോട്ടു ചെയ്യണമെന്നറിയാവുന്ന വോട്ടർമാർതന്നെ ആശയക്കുഴപ്പത്തിലാണ്.

കവലയോഗങ്ങളില്ല, മൈക്കിൽ വിളിച്ചുപറഞ്ഞുപോക്കില്ല. എല്ലാ ബഹളങ്ങളും സോഷ്യൽമീഡിയയിലാണ്. അങ്ങോട്ടേക്ക് എത്തിനോക്കാനറിയാത്തവർക്ക് സ്ഥാനാർഥികളെ എങ്ങനെ പരിചയമുണ്ടാവും?

പ്രചാരണത്തിന്റെ അവസാനനാളുകളിലേക്കെത്തുമ്പോൾ പ്രവർത്തകർ വീടുകളിലെത്തി വിശദമായി എല്ലാം പഠിപ്പിക്കുമായിരിക്കും, എല്ലാവർക്കും എല്ലാ സ്ഥാനാർഥികളെയും മനസ്സിലാവുമായിരിക്കും എന്നാശ്വസിക്കാനേ കഴിയൂ...

മൂന്നുസ്ഥാനാർഥികളെയും ചിഹ്നങ്ങളെയും ഒരേ നോട്ടീസിൽ അവതരിപ്പിച്ച്, ചിട്ടയായി വീടുകയറി പ്രചാരണം നടത്തുന്ന സംവിധാനവും ജില്ലയിൽ ചിലേടങ്ങളിലുണ്ട്. പഞ്ചായത്തുകളെ പകുത്തുകൊണ്ടാണ് പലേടങ്ങളിലും ബ്ലോക്ക്, ജില്ലാ ഡിവിഷനുകൾ. അവിടെയൊക്കെ സ്ഥാനാർഥികളെയും ചിഹ്നങ്ങളെയും കൃത്യമായി പരിചയപ്പെടുത്തിയില്ലെങ്കിൽ ബൂത്തിലെത്തുമ്പോൾ ഫലം വിപരീതമാകും. അത്തരം കാര്യങ്ങളൊക്കെ ശ്രദ്ധയോടെ പഠിപ്പിക്കുന്ന പ്രവർത്തകരും മൂന്നുമുന്നണികൾക്കുമുണ്ട്.

കുത്തകവിജയം നേടുന്ന പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള ശ്രദ്ധക്കുറവ്. അങ്ങനെയൊരിടത്ത് വോട്ടഭ്യർഥനയുമായി വന്നവരോട് സ്ഥാനാർഥികളുടെ വിശദാംശം ചോദിച്ചു ഒരു വീട്ടമ്മ. ‘‘മൂന്നു വോട്ടുചെയ്യണം, മൂന്നും ഒരു ചിഹ്നത്തിൽ ചെയ്താൽ മതി’’ എന്നായി പ്രവർത്തകർ. ‘‘അങ്ങനെ പറഞ്ഞാൽ ശരിയാവില്ലല്ലോ, ആരാണ് മത്സരിക്കുന്നതെന്നറിയാതെ എങ്ങനെ വോട്ടു ചെയ്യും?’’ എന്നു തിരിച്ചുചോദിച്ചതോടെ, ‘‘വിശദാംശങ്ങൾ സഹിതം പിന്നെ വരാം’’ എന്നുപറഞ്ഞ് സ്ഥലംകാലിയാക്കുകയായിരുന്നു വോട്ടുറപ്പാക്കാൻ ചെന്നവർ.