നാദാപുരം: ഫ്ളെക്സ് പ്രിന്റിങ് മേഖലയ്ക്ക് പ്രതീക്ഷയുമായാണ് തിരഞ്ഞെടുപ്പെത്തിയത്. നാദാപുരത്തെ അൽഫ ഫ്ളെക്സ് പ്രിന്റിങ് കടയുടമയായ റിനീഷും നല്ല പ്രതീക്ഷയിലായിരുന്നു. പക്ഷേ, നാദാപുരം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസ് റിനീഷിനെ നിയോഗിച്ചതോടെ കളി മാറി. വോട്ടുപിടിക്കാൻ പോയാൽ കാത്തിരുന്ന പണിപോകും. പണി നോക്കിയിരുന്നാൽ വോട്ടും പോകും... അങ്ങനെ റിനീഷ് ഒരേസമയം രണ്ട് പോരാട്ടവും ഏറ്റെടുത്തു- പകൽ മുഴുവൻ വോട്ടുപിടിത്തം... രാത്രിയിൽ ഫ്ളെക്സ് പ്രിന്റിങ്ങും...

ഫ്ളെക്സ് പ്രിന്റിങ്ങിൽ രാഷ്ട്രീയമൊന്നും തടസ്സമല്ല. എതിർസ്ഥാനാർഥികളുടെപോലും പ്രിന്റിങ് നടത്തുന്നത് റിനീഷാണ്. ഒപ്പം തന്റെയും. കോവിഡ് വ്യാപനം മൂലം മാസങ്ങളായി പണിയില്ലാത്ത മേഖലയാണ് ഫ്ളെക്സ് പ്രിന്റിങ് മേഖല.

തിരഞ്ഞെടുപ്പിൽ ആഞ്ഞൊന്ന് പിടിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അപ്പോഴാണ് എൽ.ഡി.എഫിന്റെ സിറ്റിങ്‌ സീറ്റ് പിടിച്ചെടുക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ വി.വി. റിനീഷ് തന്നെ വേണമെന്ന് പാർട്ടി തീരുമാനിച്ചത്. മറിച്ചൊന്നും പറയാൻ നിൽക്കാതെ റിനീഷ് സ്ഥാനാർഥിയായി. എൽ.ഡി.എഫിലെ എ. ദിലീപ്കുമാറാണ് എതിർസ്ഥാനാർഥി. ബി.ജെ.പി.യുടെ പി. മധുപ്രസാദും രംഗത്തുണ്ട്.

കല്ലാച്ചി കൈരളി കോംപ്ലക്സിലെ ‘അൽഫ ക്രിയേഷൻസി’ൽ പങ്കാളിയായി സി.പി. എമ്മിന്റെ പ്രാദേശിക നേതാവും സൈബർ പോരാളിയുമായ ദിലീപ് പെരുമുണ്ടച്ചേരിയുമുണ്ട്. 12 വർഷമായി ഇരുവരും ഒന്നിച്ചാണ് പ്രിന്റിങ്‌ മേഖലയിൽ പ്രവർത്തിക്കുന്നത്. രാഷ്ട്രീയവീക്ഷണം രണ്ട് വഴിയിലാണെങ്കിലും പ്രിന്റിങ്‌ മേഖലയിൽ ഒരു മനസ്സോടെയാണ് ഇവർ നീങ്ങുന്നത്. പകൽ സമയത്ത് വാർഡിലെ വോട്ടർമാരെ കാണാൻ റിനീഷ് പോകുമ്പോൾ കടയിൽ ദിലീപിന്റെ സജീവ സാനിധ്യമുണ്ടാകും.