പന്തീരാങ്കാവ് : സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ വോട്ടർമാരുള്ള ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിൽ വോട്ടവകാശം വിനിയോഗിക്കാൻ കാത്തിരിക്കുന്നത് 52,330 പേർ. ജനസംഖ്യകൊണ്ടും ഒളവണ്ണയാണ് കേരളത്തിൽ ഒന്നാമത്. ഒരുലക്ഷത്തിനടുത്താണ് ജനസംഖ്യ. 23 വാർഡുകളാണ് ഒളവണ്ണയിലുള്ളത്. നാലുവാർഡുകളിൽ മാത്രമാണ് രണ്ടായിരത്തിന് തൊട്ടുതാഴെ വോട്ടർമാരുള്ളത്. മൂവായിരത്തിനടുത്ത് വോട്ടർമാരുള്ള ഏഴു വാർഡുകളുണ്ട്. ഇതരവാർഡുകളിൽ 2500-2800 വരെ വോട്ടർമാരാണുള്ളത്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒളവണ്ണയുടെ ജനസംഖ്യയും പഞ്ചായത്ത് വിഭജനവും ചർച്ചാവിഷയമാകുമെങ്കിലും പിന്നീട് തുടർനടപടിയൊന്നുമുണ്ടാകാറില്ല. 2005, 2010, 2015 വർഷങ്ങളിൽ വിഭജനത്തിനുള്ള തയ്യാറെടുപ്പ് ഏറെ പുരോഗമിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയകക്ഷികളുടെതന്നെ ചരടുവലികളെത്തുടർന്ന് ഇതെല്ലാം പാളി.

2015-ൽ യു.ഡി.എഫ്. ഒളവണ്ണയെ പന്തീരാങ്കാവ്, ഒളവണ്ണ പഞ്ചായത്തുകളായി വിഭജിക്കാൻ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, രണ്ടായി വിഭജിക്കുമ്പോൾ തനതുഫണ്ട് ലഭിക്കാനുള്ള ധനാഗമമാർഗം പന്തീരാങ്കാവ് പഞ്ചായത്തിൽ മാത്രമായി ഒതുങ്ങുമെന്നും ഒളവണ്ണയ്ക്ക് വരുമാനമാർഗമുണ്ടാവില്ല എന്നും എതിർപ്പുയർത്തി ഇതിന് സ്റ്റേ വാങ്ങി. 2020-ലെ തിരഞ്ഞെടുപ്പിനുമുമ്പായി എന്തായാലും വിഭജനമോ അല്ലെങ്കിൽ നഗരസഭയാക്കി മാറ്റുകയോ ചെയ്യുമെന്ന് നേരത്തേ പറഞ്ഞുകേട്ടതാണ്. നിലവിലുള്ള സംവിധാനത്തിൽ ഒരുമാറ്റവും ഇത്തവണ നടത്തില്ലെന്ന് സർക്കാർതീരുമാനം വന്നതോടെ വിഭജനപ്രതീക്ഷ വീണ്ടും അസ്തമിച്ചു. ഒളവണ്ണയുടെ വികസനപ്രശ്നങ്ങൾ പ്രതിപക്ഷം ആരോപിക്കുമ്പോൾ ജനസംഖ്യാപെരുപ്പവും ജീവനക്കാരുടെ പരിമിതിയും ഒരുകാരണമായി ഭരണപക്ഷം ചൂണ്ടിക്കാണിക്കുന്നു. ഒരു നഗരസഭയെക്കാൾ ജനസംഖ്യയുള്ള പഞ്ചായത്തിന്റെ ഭരണസാരഥ്യം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള കടുത്ത മത്സരത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും. ബൂത്തുകളിലെ സൗകര്യപരിമിതിയും വാർഡുകളിലെ വോട്ടർമാരുടെ എണ്ണക്കൂടുതലും തിരക്കുകൂടാനും വോട്ടെടുപ്പ് നീണ്ടുപോകാനും കാരണമായേക്കും. കോവിഡുമായി ബന്ധപ്പെട്ട സാമൂഹിക അകലം ഉൾപ്പെടെയുള്ള നിയന്ത്രണം കൂടിയാകുമ്പോൾ ഒളവണ്ണയിൽ പോളിങ് സമയം ഏറെ നീളുമെന്നുറപ്പ്.