കോഴിക്കോട്: കോർപ്പറേഷനിലെ കോവിഡ് രോഗികളെയും ക്വാറന്റീനിൽ കഴിയുന്നവരെയും പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പർ വഴി വോട്ടുചെയ്യിക്കാൻ തിങ്കളാഴ്ച പോളിങ് ഉദ്യോഗസ്ഥർ എത്തിത്തുടങ്ങും. ഞായറാഴ്ച കോർപ്പറേഷൻ ഓഫീസിൽ ഇതിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ് ഉദ്യോഗസ്ഥർക്ക് ധരിക്കാനുള്ള പി.പി.ഇ. കിറ്റ് ഉൾപ്പെടെയുള്ള സാധനങ്ങളടങ്ങിയ ബാഗും തയ്യാറായിക്കഴിഞ്ഞു. തിങ്കളാഴ്ച രാവിലെ കോർപ്പറേഷൻ ഓഫീസിൽ ഈ കിറ്റുകൾ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തുതുടങ്ങും.

ഇവ വാങ്ങിയശേഷം ഉദ്യോഗസ്ഥർക്ക് പി.പി.ഇ. കിറ്റും മറ്റും ധരിക്കാൻ ടാഗോർഹാളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. വോട്ടുചെയ്യിച്ചശേഷം ടാഗോർഹാളിൽ മടങ്ങിയെത്തി പി.പി.ഇ. കിറ്റ് ഉൾപ്പെടെയുള്ളവ ഇവിടെ ഒഴിവാക്കിവേണം ഉദ്യോഗസ്ഥർ പോകാൻ. രണ്ടുപേരടങ്ങിയ പോളിങ് ഉദ്യോഗസ്ഥരുടെ ടീമെത്തിയാണ് വോട്ടുചെയ്യിക്കുക. ഇങ്ങനെ 38 ടീമുകളാണ് കോർപ്പറേഷനിൽ ‘കോവിഡ് വോട്ട്’ ചെയ്യിക്കാനുള്ളത്. രണ്ട് വാർഡുകളുടെ ചുമതലയാണ് ഒരു ടീമിനുള്ളത്.

തിരഞ്ഞെടുപ്പിന് 10 ദിവസം മുൻപ് ആദ്യ ലിസ്റ്റ് തയ്യാറാകുമെന്നും തുടർന്ന് പോസ്റ്റൽ വോട്ട് ചെയ്യിച്ചുതുടങ്ങുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാൽ, ജില്ലയിൽ ചുരുക്കം ചില പഞ്ചായത്തുകളിൽ മാത്രമാണ് ഞായറാഴ്ച വോട്ടുചെയ്യിക്കൽ ആരംഭിച്ചത്. കോർപ്പറേഷനിലുൾപ്പെടെ മിക്കയിടത്തും തിങ്കളാഴ്ചയാണ് ആരംഭിക്കുന്നത്. ആദ്യമായി നടപ്പാക്കുകയായതിനാൽ മിക്ക ജില്ലകളിലും വോട്ടുചെയ്യിക്കൽ വൻ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കോഴിക്കോട്ട് തിങ്കളാഴ്ചയേ തുടങ്ങൂവെങ്കിലും വോട്ടുചെയ്യിച്ച് തീർക്കാനാവുമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തും മറ്റും ആരംഭിച്ചുകഴിഞ്ഞതിനാൽ അവിടങ്ങളിലുണ്ടായ പോരായ്മകൾ പരിഹരിച്ചാണ് കോഴിക്കോട്ട് ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.

പ്രത്യേക പോളിങ് ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാൻ 38 വണ്ടികളും ഒരുക്കിയിട്ടുണ്ട്. ഇവരുടെ രജിസ്‌ട്രേഷൻ ഞായറാഴ്ച കോർപ്പറേഷൻ ഓഫീസിൽ നടന്നു.

വോട്ടിന് നേരിട്ടുള്ള അപേക്ഷയും സ്വീകരിക്കും

ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരമുള്ള കോവിഡ് രോഗികളുടെയും ക്വാറന്റീനിലുള്ളവരുടെയും ഡി.എം.ഒ. സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് ഉപയോഗിച്ച് പോസ്റ്റൽ വോട്ട് ചെയ്യിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ചവന്ന അറിയിപ്പുപ്രകാരം ഇലക്‌ഷൻ കമ്മിഷന്റെ സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. കോവിഡ് രോഗിയാണെന്ന് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയശേഷം അപേക്ഷിക്കുന്നവർക്ക് പോസ്റ്റൽ ബാലറ്റ് അയച്ചുകൊടുക്കാനാണ് തീരുമാനം.

കിറ്റിൽ എന്തൊക്കെ

വോട്ടുചെയ്യിക്കാൻപോകുന്ന പോളിങ് ഉദ്യോഗസ്ഥർക്കായി ഒരുക്കിയ കിറ്റിൽ പി.പി.ഇ. കിറ്റ്, സാനിറ്റൈസർ തുടങ്ങി എല്ലാ സുരക്ഷാ ഉപകരണങ്ങളുമുണ്ടാകും. ഇതിനുപുറമേ വോട്ടർപ്പട്ടികയുടെ പകർപ്പ്, സാക്ഷ്യപ്പെടുത്തിയ ലിസ്റ്റിന്റെ പകർപ്പ്, തപാൽ ബാലറ്റ്, ഡിക്ലറേഷൻ ഫോം, കവറുകൾ എന്നിവയും ഉണ്ടാവും.

ആദ്യലിസ്റ്റിൽ 7900 പേർ

ഡിസംബർ അഞ്ചിന് തയ്യാറാക്കിയ പോസ്റ്റൽ വോട്ട് ചെയ്യേണ്ടവരുടെ ആദ്യ ലിസ്റ്റിൽ 7900-ഓളം പേരാണുള്ളത്. ഇതിൽ ഏകദേശം 2000-ഓളം പേർ കോവിഡ് പോസിറ്റീവായവരാണ്. 5000-ത്തിൽ കൂടുതൽപേരാണ് ക്വാറന്റീനിലുള്ളവർ. ഡി.എം.ഒ. നൽകുന്ന ലിസ്റ്റിൽനിന്ന് വോട്ടില്ലാത്തവർ, പ്രവാസികൾ, കുട്ടികൾ, ഇതരസംസ്ഥാനതൊഴിലാളികൾ എന്നിവരെ ഒഴിവാക്കിയാണ് അവസാന ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതിൽ ക്വാറന്റീനിലുള്ളവരുടെ ലിസ്റ്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കോവിഡ് രോഗികളും ക്വാറന്റീനിലുള്ളവരുമായി ജില്ലയിൽ 16,000-ഓളം പേരുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ ഏകദേശകണക്ക്.