നന്മണ്ട : പ്രധാന രാഷ്ട്രീയകക്ഷികൾക്കും മുന്നണികൾക്കും എന്നും ഭീഷണിയാണ് സ്ഥാനാർഥികളുടെ പേരിന് സമാനമായ പേരുമായി രംഗത്തെത്തുന്ന അപരന്മാർ. ചിഹ്നം തിരഞ്ഞെടുക്കുമ്പോഴും മുന്നണി സ്ഥാനാർഥികളുടേതിന് സമാനമായി തോന്നിക്കുന്ന ചിഹ്നങ്ങളാണ് അപരന്മാർ പലരും തിരഞ്ഞെടുക്കുക. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും നിർണായകമാണെന്നിരിക്കെ പ്രധാന രാഷ്ട്രീയക്കാരുടെ നെഞ്ചിടിപ്പ് കൂട്ടാൻ അപരൻമാർക്കാവും.

നന്മണ്ട അഞ്ചാം വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ബഷീർ കുണ്ടായിക്കെതിരേ ബഷീർ കുട്ടിക്കണ്ടി സ്വതന്ത്രനായി രംഗത്തുണ്ട്. എൻ.സി.പി.യുടെ തിരഞ്ഞെടുപ്പ് ചിഹ്നം ക്ലോക്കും സ്വതന്ത്രന്റേത് മോതിരവുമാണ്. ആറാം വാർഡിലെ കോൺഗ്രസ്‌ സ്ഥാനാർഥി എം.പി. രാജന് (കൈപ്പത്തി) എതിരായി കോട്ട് ചിഹ്നത്തിൽ എൻ.പി. രാജനും ഏഴാം വാർഡിൽ സി.പി.എം. സ്ഥാനാർ‌ഥി നിലോത്ത് ബിന്ദുവിനെതിരേ ആന്റിന ചിഹ്നത്തിൽ മറ്റൊരു ബിന്ദുവുമുണ്ട് രംഗത്ത്. പന്ത്രണ്ടാം വാർഡിൽ ‌എൽ.ഡി.എഫ്. സ്ഥാനാർഥിക്കെതിരേ മറ്റൊരു അബ്ദുൾ അസീസും പതിനഞ്ചാം വാർഡിൽ യു.ഡി.എഫിലെ ടി.എം. മിനിക്കെതിരേ കാരറ്റ് ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ടി.കെ. മിനിയും പതിനാറാം വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.കെ. രാജൻ മാസ്റ്റർക്കെതിരേ മോതിരം ചിഹ്നത്തിൽ ടി.കെ. രാജനും മത്സരിക്കുന്നു.