‘തേരി പ്യാരി പ്യാരി സൂരത്ത് കോ ..’ : തനിമ മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് ഓർമകളിൽ റഫി ആരാധന ഇരമ്പുന്നുനന്മണ്ട : ‘തേരി പ്യാരി പ്യാരി സൂരത്ത് കോ ..’ റഫി ഗാനം നീട്ടിപ്പാടിയപ്പോൾ ബോംബെക്കാരനായ കമ്യൂണിസ്റ്റ് നേതാവ് മിറാജിക്കറിന്റെ അഭിനന്ദനം കിട്ടിയതാണ് തനിമ മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് ഓർമകളിൽ നിറം പിടിച്ചു നിൽക്കുന്നത്.

പെട്ടിപ്പാട്ടും മൈക്ക് സെറ്റുമായി നടക്കുന്ന കാലം, നരിക്കുനിയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിന് മൈക്ക് സെറ്റുമായി പോയതായിരുന്നു മുഹമ്മദ്. പ്രസംഗിക്കാനെത്തേണ്ട മിറാജിക്കർ അല്പം വൈകിയപ്പോൾ നാട്ടിലുള്ള പാട്ടുകാർക്ക് പാടാൻ അന്നതൊരു സുവർണാവസരമായിരുന്നു. പലരും പാടിയപ്പോൾ യുവാവായ തനിമ മുഹമ്മദും ഒരു റഫി ഗാനം ആലപിച്ചു. പാട്ടിനിടയിലാണ് മിറാജിക്കർ എത്തിയത്. പാട്ടുകേട്ട അദ്ദേഹം പുറത്തുതട്ടി അഭിനന്ദിച്ചത് ഇന്നും ഓർമയിൽ തിളങ്ങിനിൽക്കുന്നു. യുവാക്കളിലേറെപ്പേരും തന്നെപ്പോലെ റഫിയുടെ കടുത്ത ആരാധകരായതിനാൽ അന്ന് നല്ല കൈയടിയാണ് ലഭിച്ചത്.

കല്യാണവീടുകളിൽ പുതുക്കപ്പാട്ട് പാടിയിരുന്ന ഉമ്മയ്ക്കൊപ്പം പാടാൻപോയാണ് മുഹമ്മദിനും പാട്ടിൽ കമ്പം കയറിയത്. പിന്നെ പെട്ടിപ്പാട്ടെന്ന് നാട്ടിൽ വിളിക്കുന്ന ഗ്രാമഫോൺ സ്വന്തമാക്കാനായി ആഗ്രഹം. ആഗ്രഹങ്ങൾ പാരമ്യതയിലെത്തിയപ്പോൾ വാങ്ങിക്കൂട്ടിയത് ആറ് ഗ്രാമഫോണും ആയിരക്കണക്കിന് റിക്കാഡുകളുമാണ്. സൗന്ദര രാജനും മുത്തുസ്വാമി ദീക്ഷിതരുടെയും സൈഗാളിന്റെയും മുഹമ്മദ് റഫിയുടെയും ഉൾപ്പെടെ ഹിന്ദി, മലയാളം, തമിഴ് ഗാനങ്ങളുടെ വലിയൊരു ശേഖരത്തിനുടമയായി. ഇപ്പോഴും എറെ താത്‌പര്യത്തോടെ കാത്ത് സൂക്ഷിക്കുന്ന ആയിരക്കണക്കിന് റെക്കോഡുകളും നാല് ഗ്രാമഫോണും തന്റെ പക്കലുണ്ടെന്ന് മുഹമ്മദ്‌ പറയുന്നു. മൈക്ക് സെറ്റിനോട് പ്രണയം തോന്നിയപ്പോൾ 1962-ൽ കക്കോടിയിൽനിന്ന് ഒരു ‘സെക്കൻഡ് ഹാൻഡ്’ വാങ്ങുകയായിരുന്നു. ഒരേക്കറിലധികം സ്ഥലം വാങ്ങാമായിരുന്ന എഴുന്നൂറ് രൂപ കൊടുത്താണ് അന്നത് മുഹമ്മദ് സ്വന്തമാക്കിയത്.