കാരശ്ശേരി : സാധാരണ വാശിയേറിയ തിരഞ്ഞെടുപ്പുപ്രചാരണങ്ങളിൽ വ്യത്യസ്തമുന്നണികളും പാർട്ടികളും ബോർഡുകളും ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നത് പ്രത്യേകം പ്രത്യേകം സ്ഥലങ്ങൾ വേർതിരിച്ചാണ്. ഇതിനുള്ള ഇടം വളരെ നേരത്തേ ബുക്കുചെയ്യുന്നതും പതിവ്. ഒരു പാർട്ടിയോ മുന്നണിയോ കൈവശപ്പെടുത്തിയ സ്ഥലത്ത് എതിരാളികൾ പ്രചാരണ പോസ്റ്ററോ ബോർഡോ വെച്ചാൽ തർക്കങ്ങളും കീറിനശിപ്പിക്കലും സംഘർഷംവരെയുമുണ്ടാകാം.

എന്നാൽ, കുമാരനെല്ലൂരുകാരെ ഇതിനുകിട്ടില്ല. തിരഞ്ഞെടുപ്പിൽ വാശിക്കൊരു കുറവുമില്ല. പക്ഷേ, നാട്ടിലെ സൗഹൃദവും സ്നേഹബന്ധങ്ങളും തകരരുതെന്ന വാശിയിലും ഒരുകുറവുമില്ല. ഇവിടെ പ്രചാരണബോർഡുകളും ബാനറുകളും പോസ്റ്ററുകളുമൊക്കെ കക്ഷി, മുന്നണി വേർതിരിവില്ലാതെ ഒത്തൊരുമയോടെ നിലയുറപ്പിക്കും. എൽ.ജെ.ഡി. സ്ഥാനാർഥിയുടെ വീട്ടുപടിയും പറമ്പും എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുമുൾപ്പെടുന്ന അങ്ങാടിയുടെ ഒരുവശം നിറയെ മൂന്നു മുന്നണിസ്ഥാനാർഥികളുടെ പ്രചാരണബോർഡുകളും ബനറുകളും ഇടകലർന്ന് നിരന്നുകാണാം. കുമാരനെല്ലൂർ ബ്ലോക്ക് ഡിവിഷനിലേക്ക് എൽ.ഡി.എഫിനുവേണ്ടി മത്സരിക്കുന്ന എൽ.ജെ.ഡി. സ്ഥാനാർഥി രാജിത മൂത്തേടത്തിന്റെ വീടിന്റെ കവാടവും പറമ്പും ഉൾപ്പെടുന്ന സ്ഥലത്താണ് എല്ലാ മത്സരാർഥികളുടെയും പരസ്യ പോസ്റ്ററുകളും ബാനറും കൊടികളും തിക്കിത്തിരക്കുന്നത്.

തൊട്ടടുത്ത എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് പരിസരത്തും സമാനകാഴ്ചകാണാം. രജിതയുടേതിനൊപ്പം ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. ജമീല, യു.ഡി.എഫ്. സ്ഥാനാർഥി പി. ബൾക്കീസ്, യു.ഡി.എഫ്. ബ്ലോക്ക് സ്ഥാനാർഥി റീനാ പ്രകാശ്, ഗ്രാമപ്പഞ്ചായത്ത് എൻ.ഡി.എ. സ്ഥാനാർഥി ഷിൽജ വി.പി., എൽ. ഡി.എഫിലെ ശ്രുതി കമ്പളത്ത്, വിപിൻ ബാബു, യു.ഡി.എഫിലെ സാഹിന നാസർ, ജംഷിദ് ഒളകര എന്നിവരുടെയെല്ലാം പോസ്റ്റർമാലകളും ബോർഡുകളുമൊമൊക്കെയുണ്ട് ഇക്കൂട്ടത്തിൽ.