വടകര : കോൺഗ്രസിനും യു.ഡി.എഫിനും മുന്നിൽ കല്ലുപോലെ നിന്ന 'കല്ലാമല പ്രതിസന്ധി'ക്ക് പരിഹാരമായതോടെ യു.ഡി.എഫിനും ജനകീയമുന്നണിക്കും ആശ്വാസം. പത്തുദിവസത്തോളമായി വടകര ബ്ലോക്ക് പരിധിയിലെ ജനകീയമുന്നണി കൂട്ടുകെട്ടിന് നെഞ്ചിടിപ്പേറ്റിയ വിഷയമായിരുന്നു കല്ലാമല പ്രതിസന്ധി. യു.ഡി.എഫും ആർ.എം.പിയും ചേർന്നുള്ള ജനകീയമുന്നണി സ്ഥാനാർഥിക്കു പുറമേ കെ.പി.സി.സി പ്രസിഡന്റിന്റെ പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥി വന്നതോടെ ആശയക്കുഴപ്പമുണ്ടായത് ഒരു ഡിവിഷനിൽ മാത്രമല്ല, ബ്ലോക്ക് പഞ്ചായത്തിലാകെയും ബ്ലോക്കിനു കീഴിലെ നാല് ഗ്രാമപ്പഞ്ചായത്തുകളിലുമായിരുന്നു.

പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആർ.എം.പിയും യു.ഡി.എഫും പുറമേ വ്യക്തമാക്കുമ്പോഴും നേതാക്കളുടെ ഉള്ളിലെല്ലാം ആശങ്കയുണ്ടായിരുന്നു. വെറുമൊരു റിബൽ സ്ഥാനാർഥി എന്നതിലുപരി കെ.പി.സി.സി. അധ്യക്ഷന്റെ പിന്തുണയുള്ള സ്ഥാനാർഥിയായതിനാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ദൂരവ്യാപകമാകുമെന്നുറപ്പായിരുന്നു.

ഒടുവിൽ പ്രശ്‌നം പരിഹരിക്കാൻ കെ.പി.സി.സി. അധ്യക്ഷൻ തന്നെ മുൻകൈയെടുത്തതോടെ ജനകീയമുന്നണി സഖ്യത്തിന്റെ തകർച്ച തന്നെയാണ് ഒഴിവായത്.

വ്യാഴാഴ്ച രാവിലെയും കോൺഗ്രസ് സ്ഥാനാർഥി കെ.പി. ജയകുമാറും സംഘവും വോട്ടുപിടിക്കാനായി വീടുകൾ കയറിയിരുന്നു. ഇതിനിടെയാണ് പ്രചാരണം നിർത്താൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സന്ദേശമെത്തിയത്. ഇതോടെതന്നെ സ്ഥാനാർഥി പിന്മാറുകയാണെന്ന സൂചന കിട്ടി. പിന്നീട് കോഴിക്കോട്ട് നടന്ന പത്രസമ്മേളനത്തിൽ സ്ഥാനാർഥി പിൻമാറുന്നതായി മുല്ലപ്പള്ളി പ്രഖ്യാപിച്ചു. കോൺഗ്രസ് സ്ഥാനാർഥി പിൻമാറിയ പശ്ചാത്തലത്തിൽ ഇനി ജനകീയമുന്നണി സ്ഥാനാർഥിക്കു വേണ്ടി രംഗത്തിറങ്ങുമെന്ന് കെ.പി. ജയകുമാറിന്റെ പ്രചാരണത്തിന് നേതൃത്വം നൽകിയ കെ.പി.സി.സി സെക്രട്ടറി സുനിൽ മടപ്പള്ളി പറഞ്ഞു.

ഈയൊരു ഡിവിഷനിൽ മാത്രമാണ് പ്രശ്‌നമുണ്ടായിരുന്നത്. സി.പി.എമ്മിന്റെ പരാജയം ഉറപ്പാക്കുകയാണ് ആത്യന്തികമായ ലക്ഷ്യം. കെ.പി.സി.സി. പ്രസിഡന്റെയും ലക്ഷ്യം അതാണ്. ഇതിനൊപ്പം നിൽക്കുമെന്നും സുനിൽ വ്യക്തമാക്കി.

2010-ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുതൽ തുടങ്ങിയതാണ് ആർ.എം.പിയും യു.ഡി.എഫും തമ്മിലുള്ള നീക്കുപോക്ക്. 2010-ലും 2015-ലും പക്ഷേ, ചില വാർഡുകളിൽ മാത്രമായി അത് ഒതുങ്ങിനിന്നു. ആർ.എം.പി. മത്സരിക്കുന്ന ചില വാർഡുകളിൽ യു.ഡി.എഫ്. മത്സരിക്കാതിരിക്കുന്ന രീതിയായിരുന്നു അത്. അതേസമയം യു.ഡി.എഫ്. മത്സരിച്ച ഒട്ടേറെ വാർഡുകളിൽ ആർ.എം.പി. മത്സരിക്കുകയും ചെയ്തിരുന്നു.

ഇത് എൽ.ഡി.എഫ്. വിരുദ്ധവോട്ടുകൾ വിഭജിച്ചുപോകാനും ആത്യന്തികമായി എൽ.ഡി.എഫിന്റെ വിജയത്തിനും വഴിയൊരുക്കി എന്ന നിഗമനത്തിലാണ് ഇത്തവണ വടകര ബ്ലോക്കിലും അഴിയൂർ, ഒഞ്ചിയം, ചോറോട്, ഏറാമല പഞ്ചായത്തുകളിലും എല്ലാ വാർഡിലും ധാരണ ഉണ്ടാക്കാൻ യു.ഡി.എഫും ആർ.എം.പിയും തീരുമാനിച്ചത്.

ജനകീയമുന്നണി എന്ന പേരിൽ ഇത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ഇതിനുശേഷമാണ് കല്ലാമല വിഷയം ഉയർന്നുവന്നതും ജനകീയമുന്നണിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടതും. നേതൃത്വത്തിന്റെ നിർദേശം അനുസരിക്കും

പ്രചാരണം നിർത്താൻ നിർദേശം കിട്ടിയിരുന്നു. ഇതുപ്രകാരം പ്രചാരണം നിർത്തിയിട്ടുണ്ട്. പിന്മാറണമെന്ന് ഔദ്യോഗികമായ അറിയിപ്പ് കിട്ടിയിട്ടില്ല. നേതൃത്വം പറയുന്നതു പ്രകാരം പ്രവർത്തിക്കും. ഭാവികാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.

കെ.പി. ജയകുമാർ ഒപ്പം പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു

കെ.പി. ജയകുമാർ പിന്മാറിയ സാഹചര്യത്തിൽ ജനകീയമുന്നണി സ്ഥാനാർഥിയായ എനിക്കുവേണ്ടി രംഗത്തിറങ്ങണമെന്ന് ജയകുമാറിന്റെ കൂടെയുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ഈ സാഹചര്യത്തിൽ വിജയം കൂടുതൽ അനായാസമാകും.

സി. സുഗതൻ

(ആർ.എം.പി. സ്ഥാനാർഥി)