കോഴിക്കോട്: കല്ലാമലയുടെ ചരിത്രപശ്ചാത്തലം അന്വേഷിച്ചുനടക്കുകയാണ് യുവകോൺഗ്രസ്സുകാർ. പയ്യന്നൂരിലും കോഴിക്കോട്ടും നടന്ന ഉപ്പുസത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം തുടങ്ങി സ്വാതന്ത്ര്യസമരകാലത്ത് നടന്ന ഐതിഹാസിക സമരങ്ങൾ ഈ സ്ഥലങ്ങളെ ചരിത്രപ്രസിദ്ധമാക്കി. ഇതുപോലെ എന്തെങ്കിലും സമരങ്ങൾ നടന്ന പ്രദേശമാണോ കല്ലാമല എന്ന് അന്വേഷിച്ചുപോയ യുവകോൺഗ്രസ്സുകാർക്ക് എത്തും പിടിയും കിട്ടുന്നില്ല. നിയമസഭ,ലോകസഭ സീറ്റുകൾ മാത്രമല്ല രാജ്യസഭാസീറ്റുവരെ ഉദാരമായി ഘടകകക്ഷികൾക്ക് വിട്ടുകൊടുത്ത കോൺഗ്രസ് നേതൃത്വം ഇപ്പോൾ വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല സീറ്റ് കാത്തുസൂക്ഷിക്കാൻ കാണിക്കുന്ന ജാഗ്രത എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

ഇടത് കൺവീനർ എ. വിജരാഘവന്റെ താത്ത്വിക ശൈലിയിൽ വിലയിരുത്തിയാൽ കല്ലാമലയിൽ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തർക്കശാസ്ത്രപരമായി ശരിയാണ്. മുൻ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന്റെ സമീപനമാവട്ടെ യുക്തിഭദ്രമായി പരിശോധിച്ചാൽ തെറ്റെന്ന് പറയാനും കഴിയില്ല. അങ്ങനെ രണ്ടുപേരും കല്ലാമലയുടെ കാര്യത്തിൽ ശരിയാണ് പറയുന്നത് എന്നതാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ വിഷമത്തിലാക്കുന്നത്.

രണ്ടുതവണ വടകരയിൽനിന്ന് എം.പി.യും കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളിയുടെ ജന്മനാടാണ് വടകര. ആ വടകരയിലെ ബ്ലോക്ക് പഞ്ചായത്തിലേക്ക് സീറ്റ് ധാരണ ഉണ്ടാക്കുമ്പോൾ ചുരുങ്ങിയ പക്ഷം തന്നെ അറിയിക്കുകയെങ്കിലും ചെയ്യണ്ടേ എന്നാണ് പ്രസിഡന്റിന്റെ ചോദ്യം. ജില്ലയിൽ ഒരിടത്തും സ്ഥാനാർഥിയാക്കാൻ ആരുടെയും പേര് നിർദേശിച്ചിട്ടില്ല. പിതാവും സ്വാതന്ത്ര്യസമരസേനാനിയുമായ പരേതനായ മുല്ലപ്പള്ളി ഗോപാലൻ മുതൽ ഇപ്പോൾ താനടക്കമുള്ള കോൺഗ്രസ്സുകാർ വോട്ടുചെയ്യുന്ന ബൂത്ത് ഉൾപ്പെടുന്ന സീറ്റ് ആർ.എം.പി.ക്ക് വിട്ടുകൊടുക്കുമ്പോൾ ഡി.സി.സി. അഭിപ്രായം തേടേണ്ടതല്ലേ. ആർ.എം.പി.ക്ക് സീറ്റ് വിട്ടുകൊടുത്ത ധാരണ പത്രങ്ങളിലൂടെയാണ് പ്രസിഡന്റ് അറിയുന്നത്. സീറ്റ് ചർച്ചയ്ക്ക് നേതൃത്വം നൽകിയവരിൽ പ്രസിഡന്റിന്റെ വിശ്വസ്തനായ കെ.പി.സി.സി. സെക്രട്ടറിയുമുണ്ട്. കെ.പി. ജയകുമാറിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച സ്ഥിതിക്ക് സാഹചര്യം മനസ്സിലാക്കി അയയേണ്ട ബാധ്യത ആർ.എം.പി.ക്കില്ലേ. തുടക്കം മുതൽ ആർ.എം.പി.യോട് അങ്ങേയറ്റം താത്‌പപര്യം കാണിച്ചിട്ടുള്ള തന്നെ വേദനിപ്പിക്കുന്ന തരത്തിൽ അവർ വാശിപിടിക്കാമോ? ഇതെല്ലാമാണ് തർക്കശാസ്ത്രപരമായി പ്രസിഡന്റിന്റെ മനസ്സിൽ ഉയരുന്ന ചോദ്യങ്ങൾ.

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കോൺഗ്രസ് പ്രതിനിധികൾ ഉണ്ടാക്കിയ ധാരണപ്രകാരമാണ് സീറ്റ് ആർ.എം.പി.ക്ക് നൽകിയത് എന്നാണ് യുക്തിഭദ്രമായി കെ. മുരളീധരൻ സൂചിപ്പിക്കുന്നത്. കല്ലാമല കോൺഗ്രസിന് വേണമെന്ന് ഇത്ര നിർബന്ധമുണ്ടായിരുന്നെങ്കിൽ ചർച്ചയ്ക്ക് പോയവരോട് ധാരണ ഉണ്ടാക്കരുത് എന്ന് നിർദേശിക്കാമായിരുന്നില്ലെ? ധാരണ ഇല്ലെങ്കിൽ ആർ.എം.പി. അവിടെ പത്രിക നൽകുമായിരുന്നില്ലല്ലോ. രേഖാമൂലമുള്ള ധാരണപ്രകാരം പത്രിക നൽകിയ ആർ.എം.പി.യെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയുമെന്നാണ് മുരളീധരൻ ചോദിക്കുന്നത്.

സങ്കീർണമായ കല്ലാമല വിഷയത്തിൽ പരിഹാരം ഇല്ലാതെ ഏഴുദിവസം പിന്നിട്ടു. മുമ്പ്‌ ചിക്ക്മഗളൂരിൽ ഇന്ദിരാഗാന്ധിക്കെതിരേ സ്ഥാനാർഥിയെ നിർത്തിയില്ലെന്ന കാരണത്താലാണ് എ.കെ. ആന്റണി രാജിവെച്ചത്. കല്ലാമലയുടെ പേരിൽ ആരെങ്കിലും രാജിവെച്ചുകളയുമെന്നൊന്നും ആരും കരുതേണ്ട. തിരഞ്ഞെടുപ്പിന് ശേഷം നടക്കാനിരിക്കുന്ന വാദപ്രതിവാദങ്ങളെല്ലാം കല്ലാമലയെ ചൊല്ലിയായിരിക്കും എന്ന് തീർച്ച.

വാശിയോടെ ഇരു വിഭാഗവും

വടകര : വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിൽ സ്ഥാനാർഥി തർക്കം തുടരവേ യു.ഡി.എഫ്. - ആർ.എം.പി.ഐ. നേതൃത്വത്തിലുള്ള ജനകീയ മുന്നണി സ്ഥാനാർഥി സി. സുഗതനും കോൺഗ്രസ് സ്ഥാനാർഥി കെ.പി. ജയകുമാറും പ്രചാരണം ശക്തമാക്കി. ഇരുവിഭാഗവും പിന്നോട്ടില്ലെന്ന ശക്തമായ സൂചന നൽകിയാണ് പ്രചാരണം. യു.ഡി.എഫ്. - ആർ.എം.പി. ധാരണ പ്രകാരം കല്ലാമല സീറ്റ് ആർ.എം.പി. ക്കാണ് നൽകിയത്. ഇതിന് വിരുദ്ധമായി കോൺഗ്രസ് സ്ഥാനാർഥി കൂടി രംഗത്തുവന്നതോടെയാണ് തർക്കം ഉടലെടുത്തത്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഈ സ്ഥാനാർഥിക്ക് പിന്തുണയും നൽകി . ഇതോടെ വിഷയം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. പ്രശ്നപരിഹാരം യു.ഡി.എഫിന് വിട്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. ഇതിനിടെയാണ് ഇരുവിഭാഗവും പ്രചാരണം ശക്തമാക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി കെ.പി. ജയകുമാർ വീടുകൾ കയറിയുള്ള പ്രചാരണമാണ് നടത്തുന്നത്. വോട്ട് ചോദിക്കുന്നതിനൊപ്പം മത്സരിക്കാനിടയായ സാഹചര്യവും വിശദീകരിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഈ വിഭാഗം അവകാശപ്പെട്ടു. സി. സുഗതനു വേണ്ടി ആർ.എം.പി.യും മുസ്‌ലിം ലീഗും കോൺഗ്രസുമെല്ലാം സജീവമാണെന്ന് ജനകീയമുന്നണിയും അവകാശപ്പെട്ടു. പ്രചാരണത്തിൽ ഏറെ മുന്നേറാനും സാധിച്ചിട്ടുണ്ട്. എതിർഭാഗം രണ്ടു വിഭാഗങ്ങളായി പ്രചാരണം നടത്തുന്നതോടെ വിജയം ഉറപ്പായെന്നാണ് എൽ.ഡി.എഫ്. നിഗമനം.

കെ. മുരളീധരൻ ഇന്ന് ജനകീയ മുന്നണി വേദിയിൽ

: കല്ലാമല വിഷയമുണ്ടാക്കിയ പ്രതിസന്ധി കോൺഗ്രസിൽ പരിഹരിക്കാതെ കിടക്കവെ കെ. മുരളീധരൻ എം.പി. വ്യാഴാഴ്ച കുഞ്ഞിപ്പള്ളിയിൽ ജനകീയ മുന്നണി സ്ഥാനാർഥി സംഗമത്തിൽ പങ്കെടുക്കും. വൈകീട്ട് അഞ്ചുമണിക്കാണ് പരിപാടി. കല്ലാമലയിൽ കെ.പി.സി.സി. പ്രസിഡന്റ് ജനകീയ മുന്നണിക്കെതിരേ നിലപാടെടുത്ത സാഹചര്യത്തിൽ മുരളീധരൻ ജനകീയ മുന്നണി പരിപാടിയിൽ പങ്കെടുക്കുന്നത് ശ്രദ്ധേയമാകും. നേരത്തേ കല്ലാമലയിലെ കോൺഗ്രസ് സ്ഥാനാർഥിത്വത്തിൽ മുല്ലപ്പള്ളിക്കെതിരേ മുരളി രംഗത്തുവന്നിരുന്നു.