കൊടുവള്ളി: തിരഞ്ഞെടുപ്പ് പ്രചാരണമെന്നാൽ നല്ല ഈണത്തിലുള്ള പാട്ടുകൾകൂടിയാണ്. അതിനാൽ സ്ഥാനാർഥിത്വം ഉറപ്പായിക്കഴിഞ്ഞാൽ പിന്നെ സ്ഥാനാർഥികൾ പാട്ടിനായി പാട്ടെഴുത്തുകാരെ തേടിയിറങ്ങും. എന്നാൽ, കിഴക്കോത്ത് പഞ്ചായത്തിലെ ഒമ്പതാംവാർഡിലെ ഇടതുസ്ഥാനാർഥിയായ ഇ.കെ. അഷ്റഫിന് പാട്ടെഴുത്തുകാരെയും പാടുന്നവരെയും തേടിയിറങ്ങി സമയംകളയേണ്ട കാര്യമില്ല. കാരണം പാട്ടെഴുതാനും പാടാനും കുടുംബത്തിൽതന്നെ ആളുകളുണ്ട്.

അഷ്റഫിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ പാട്ടുകളെഴുതിയത് അഷ്റഫിന്റെ സഹോദരിയുടെ മകനും പാട്ടെഴുത്തുകാരനുമായ അഷ്റഫ് വാവാടാണ്. പാട്ടുകൾ പാടിയതാകട്ടെ അഷ്റഫിന്റെ മക്കളായ ഫാത്തിമ നദയും ഖദീജ ഹാദിയയും അഷ്റഫിന്റെ മാതാവിന്റെ സഹോദരി പുത്രന്റെ മകനും പാട്ടുകാരനുമായ അദീബ് ഫർഹാനും ചേർന്നാണ്. റെേക്കാഡിങ് നടത്തിയത് അഷ്റഫിന്റെ ബന്ധുവിന്റെ മകനായ റാഷിദ് സബാനാണ്.

അഷ്റഫ് വാവാടിന്റെ രചനയിൽ ഇതിനകം ഓട്ടേറെ പ്രചാരണ പാരഡിഗാനങ്ങളാണ് പുറത്തിറങ്ങിക്കഴിഞ്ഞത്. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്കെല്ലാം പാട്ടുകൾ എഴുതിയിട്ടുണ്ട്. തുടർച്ചയായി മൂന്നുതവണ സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാംസ്ഥാനം നേടിയ അദീബ് ഫർഹാനാണ് പാട്ടുകളേറെയും പാടിയത്. ഫാത്തിമ നദ, ഖദീജ ഹാദിയ എന്നിവർ സംഗീത വിദ്യാർഥികളാണ്.