കോഴിക്കോട് : ‘നഗരമാറ്റത്തിന് ഒ.സി.യോടൊപ്പം’ എന്നതായിരുന്നു ബുധനാഴ്ച ഡി.സി.സി. ഓഫീസിലെ രാജീവ്ഗാന്ധി ഹാളിലെ പരിപാടി. പാർട്ടിക്കാർക്ക് ഒ.സി.യെന്നാൽ ഉമ്മൻചാണ്ടിയാണ്.

പുതുമയുള്ള പരിപാടിക്ക് പത്തുമണിയോടെ നേതാവെത്തുമ്പോൾ ഹാൾ തിങ്ങിനിറഞ്ഞിരുന്നു. കോവിഡ് നിബന്ധനകളെല്ലാം ആവേശക്കാറ്റിൽ പറന്നുപോയി. നിറചിരിയോടെ സ്ഥാനാർഥികളെ തൊട്ടും തലോടിയും തോളിൽത്തട്ടിയും ഹസ്തദാനംചെയ്തും മുൻമുഖ്യമന്ത്രി വേദിയിലേക്ക്.

തലയിൽ അലക്ഷ്യമായി തലോടിയൊതുക്കി നഗരത്തിന് പുതിയ മുദ്രാവാക്യം സമ്മാനിച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി- ‘വികസനം നയിക്കട്ടെ. രാഷ്ട്രീയം പിന്നെയാവാം’.

നാല്പതാണ്ടോളം നഗരം ഭരിച്ച സി.പി.എം. ഈ നഗരത്തെ വികസനകാര്യത്തിൽ ഏറെ പിന്നിലാക്കിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പുരാതനമായ ഈ നഗരത്തിന് കാലോചിതമായി ഏറെ മുന്നേറാനുണ്ട്. സി.പി.എം. അതിന് തടസ്സമുണ്ടാക്കുകയാണ്. മറ്റു നഗരങ്ങൾ വളരെ വേഗത്തിൽ വളർന്നു.

കേന്ദ്രത്തിൽ മഹാത്മാഗാന്ധി പറഞ്ഞതിനെല്ലാം കടകവിരുദ്ധമായ നിലപാട് സ്വീകരിച്ച് നരേന്ദ്രമോദി ഏകാധിപതിയെപ്പോലെ ഭരിക്കുന്നു. സ്വന്തം അജണ്ട മാത്രം നടപ്പാക്കുന്നു. ഇവിടെയും, കാര്യങ്ങൾ വ്യത്യസ്തമല്ല. ‘ഞങ്ങൾക്ക് അധികാരമുണ്ട്, അതുകൊണ്ട് എന്തുമാവാം’ എന്നതാണ് ചിന്ത.

സാധാരണക്കാരുടെ ജീവിതം സർക്കാർ തീർത്തും ദുസ്സഹമാക്കി. ജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങി വിഷമിക്കുകയാണ്. റേഷൻ കാർഡിൽ പേരു ചേർക്കാൻ പോലും അവർ നൂറുപ്രാവശ്യം ഓഫീസുകൾ കയറിയിറങ്ങണം. താൻ ജനസമ്പർക്കപരിപാടിയിലൂടെ ഉദ്യോഗസ്ഥരെ ജനങ്ങളുമായി അടുപ്പിച്ചെങ്കിൽ ഇപ്പോൾ വിപരീതദിശയിലാണ് കാര്യങ്ങൾ- ഉമ്മൻചാണ്ടി കത്തിക്കയറി.

കോർപ്പറേഷനിലെ എല്ലാ വാർഡുകളിലെയും സ്ഥാനാർഥികളുടെ ചിത്രവും വിവരണവും എൽ.ഇ.ഡി. വീഡിയോ വോളിൽ പ്രദർശിപ്പിച്ചു. യു.ഡി.എഫ്. പ്രകടനപത്രിക ഉടനെ പുറത്തിറക്കുമെന്നും പ്രഖ്യാപനമുണ്ടായി.

യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷനായി. ടി. സിദ്ദിഖ്, കെ.പി. അനിൽകുമാർ, പി.എം. നിയാസ്, കെ. പ്രവീൺകുമാർ, കെ.സി. അബു, ഉമ്മർ പാണ്ടികശാല, എം.സി. മായീൻ ഹാജി, എൻ.സി. അബൂബക്കർ, കെ.പി. ബാബു, പി. ഉഷാദേവി, ഐ. മൂസ, കെ.എം. അഭിജിത്ത്, കെ. മൊയ്തീൻ കോയ തുടങ്ങിയവർ പങ്കെടുത്തു.