ബാലുശ്ശേരി : തിരഞ്ഞെടുപ്പ് കാലത്ത് ഏതൊക്കെ വിഷയങ്ങയങ്ങൾ ഉയർത്തി പ്രചാരണം നടത്തണമെന്ന് ഓരോ മുന്നണിയും മുൻകൂട്ടി തീരുമാനിക്കാറാണ് പതിവ്. പക്ഷേ, ഇത്തവണ മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളെ മറികടന്ന് പുതിയ സംഭവങ്ങൾ പഞ്ഞമില്ലാതെ നടക്കുമ്പോൾ ഗ്രാമങ്ങളിലും ചർച്ചകൾ മാറിമറിയുകയാണ്.

റോഡ്, സ്കൂൾ, പെൻഷൻ, എന്നിവ മുൻനിർത്തി വികസനം ചർച്ചയാക്കാനാണ് എൽ.ഡി.എഫ്. ശ്രമമെങ്കിൽ വികസന മുരടിപ്പിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർത്തി വോട്ടർമാരിലേക്ക് ഇറങ്ങാനാണ്‌ യു.ഡി.എഫ്. ശ്രമം. അഴിമതി വിഷയം ഉയർത്തിക്കൊണ്ടുവരാനാണ് ബി.ജെ.പി. ക്യാമ്പ് ശ്രദ്ധിക്കുന്നത്. രാഷ്ട്രീയചർച്ചകൾ സജീവമാവുമ്പോഴും പൊതുരാഷ്ട്രീയത്തെക്കാൾ വ്യക്തികൾക്ക് കൂടുതൽ പ്രാധാന്യം കിട്ടുന്നതിനാൽ അടിത്തട്ടിൽ നേരിട്ടിറങ്ങിയുള്ള പ്രചാരണത്തിലാണ് മൂന്ന് മുന്നണികളും.

ബാലുശ്ശേരി, പനങ്ങാട്, ഉള്ളിയേരി, നടുവണ്ണൂർ, കോട്ടൂർ, എന്നീ അഞ്ച് പഞ്ചായത്തുകളും നിലവിൽ എൽ.ഡി.എഫ്. ആണ് ഭരിക്കുന്നത്. ഇതിൽ പനങ്ങാടും ഉള്ളിയേരിയും കോട്ടൂരും ഇളക്കം തട്ടാത്ത ഇടതുകോട്ടയായി കണക്കാക്കാമെങ്കിലും നടുവണ്ണൂരിലും ബാലുശ്ശേരിയിലും ഭരണം പിടിക്കാനാണ് യു.ഡി.എഫ്. ശ്രമം. യു.ഡി.എഫും. എൽ.ഡി.എഫും ഒപ്പത്തിനൊപ്പം നിൽക്കുന്ന നടുവണ്ണൂരിൽ കാര്യങ്ങൾ ഫോട്ടോ ഫിനിഷിലേക്കുതന്നെ എത്തുമെന്ന് മുന്നണികൾക്കറിയാം.

നടുവണ്ണൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയ വാർഡിൽ വിജയമാണ് ബി.ജെ.പി. പ്രതീക്ഷിക്കുന്നത്. യു.ഡി.എഫും എൽ.ഡി എഫും 8-8 ൽ നിൽക്കുന്ന നടുവണ്ണൂരിൽ ശക്തമായ മത്സരത്തിന് തയ്യാറായി ബി.ജെ.പി. കൂടിയുണ്ട്. എൽ.ഡി.എഫും. യു.ഡി.എഫും 9-6 എന്ന നിലയിലുള്ള ബാലുശ്ശേരിയിൽ കോൺഗ്രസിൽനിന്ന് ബി.ജെ.പി. കൊണ്ടുപോയ രണ്ട് വാർഡുകൾ തിരികെ പിടിച്ച് പഞ്ചായത്ത് പിടിക്കാനാണ് യു.ഡി.എഫ്. ശ്രമം.

പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമുള്ള ബാലുശ്ശേരിയിൽ ഇത്തവണ പ്രസിഡന്റായിരുന്ന രൂപലേഖ കൊമ്പിലാടിനെ തന്നെ വീണ്ടും രംഗത്തിറക്കി ഭരണ തുടർച്ചയുടെ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ക്യാമ്പ്. നിലവിൽ യു.ഡി.എഫ്. ഭരിക്കുന്ന കൂരാച്ചുണ്ടിലാകട്ടെ ശക്തമായ മത്സരത്തിനാണ് എൽ.ഡി.എഫ്. ശ്രമം.