നാദാപുരം: ‘വോട്ടുവേണോ, ഞങ്ങൾക്ക് കളിസ്ഥലം വേണം..’ തിരഞ്ഞെടുപ്പിലേക്ക് നാടുനീങ്ങുമ്പോൾ യുവത്വത്തിന്റെ പ്രധാന ആവശ്യം ഇതാണ്. ഒന്നും രണ്ടും സ്ഥലങ്ങളിലല്ല വടകര താലൂക്കിന്റെ വിവിധഭാഗങ്ങളിൽ യുവത്വം കക്ഷിരാഷ്ട്രീയത്തിനുമപ്പുറം മുഴക്കുന്നത് ഈ മുദ്രാവാക്യമാണ്. നല്ലൊരു കളിസ്ഥലമില്ലാത്ത ഒട്ടേറെ തദ്ദേശസ്ഥാപനങ്ങൾ താലൂക്കിന്റെ വിവിധഭാഗങ്ങളിലുണ്ട്.

മറ്റെല്ലാം വികസിക്കുമ്പോഴും ഈ മേഖലയ്ക്ക് അവഗണനയാണ്. ഇതോടെയാണ് യുവാക്കൾ തങ്ങളുടെ ആവശ്യങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴിയും ബാനർകെട്ടിയുമെല്ലാം സ്ഥാനാർഥികളിടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. കളിസ്ഥലം നൽകുമോ എങ്കിൽ പാർട്ടി നോക്കാതെ വോട്ടുനൽകാമെന്നാണ് ഇവരുടെ വാഗ്ദാനം.

വാണിമേൽ, ചെക്യാട്, എടച്ചേരി, നാദാപുരം ഗ്രാമപ്പഞ്ചായത്തുകളിലെല്ലാം കളിസ്ഥലവുമായി ബന്ധപ്പെട്ടുള്ള ചർച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്.

എടച്ചേരി ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഉയർത്തിയ ബാനറിലെ വാക്കുകൾ ഇങ്ങനെയാണ്. ‘‘നിങ്ങൾക്ക് വോട്ട് വേണോ..? എന്നാൽ ഞങ്ങൾക്ക് കളി സ്ഥലം വേണം. പറ്റുമോ നിങ്ങൾക്ക്, ഞങ്ങളുടെ വോട്ട് കളിസ്ഥലം തരുന്നവർക്ക്. ഡിസംബർ 14 വരെ അവസരം.’’ എടച്ചേരി മേഖലയിൽ ഗ്രൗണ്ടില്ലാത്തതിൽ മനംമടുത്ത യുവാക്കളുടെ ഒരു വൻനിരതന്നെയാണ് ഗ്രൗണ്ടിനായി വിവിധ സ്ഥാനാർഥികളുടെ മുമ്പാകെയെത്തുന്നത്.

വാണിമേൽ ഗ്രാമപ്പഞ്ചായത്തിലെ ചേലമുക്കിലെ യുവാക്കളാണ് പൈങ്ങോൽ പുഴയോരം നവീകരണത്തിന്റെ ഭാഗമായി മൈതാനം കവർന്നതിനെതിരേ രംഗത്ത് വന്നത്. യുവാക്കളുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് 33 ലക്ഷം രൂപ ചെലവഴിച്ചുളള നവീകരണപ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണ്. മൈതാനം സംരക്ഷിക്കാൻ തിരഞ്ഞെടുപ്പിൽ ഏതറ്റം വരെയും പോകുമെന്നാണ് യുവാക്കളുടെ പ്രഖ്യാപനം. വാണിമേൽ ഗ്രാമപ്പഞ്ചായത്തിലെ കൊപ്രക്കളം മൈതാനം അക്വയർ ചെയ്യണമെന്ന ആവശ്യമാണ് ഭൂമിവാതുക്കൽ അങ്ങാടിയുമായി ബന്ധപ്പെട്ടുളള നാലുവാർഡുകളിലെ തിരഞ്ഞെടുപ്പ് വിഷയം. നേരത്തേ ഗ്രാമപ്പഞ്ചായത്ത് മൈതാനം അക്വയർ ചെയ്യാനുളള നടപടി ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ യുവാക്കൾ കളിസ്ഥലം കാര്യമായി ഉന്നയിച്ചതോടെ സ്ഥാനാർഥികളും കളി കാര്യമായി എടുത്തിരിക്കുകയാണ്. എടച്ചേരി ജില്ലാപഞ്ചായത്ത് യു.ഡി.എഫ്. സ്ഥാനാർഥി എം.പി. ജാഫറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമായും കളിക്കളം നൽകുമെന്ന പ്രഖ്യാപനവുമായാണ്. മൈതാനത്തിന്റെ ആവശ്യകത വിശദീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ ഫോട്ടോയും വീഡിയോയും യു.ഡി.എഫ്. പ്രചരിപ്പിക്കുന്നുണ്ട്. ചെക്യാട് ഗ്രാമപ്പഞ്ചായത്തിലെ ഒട്ടേറെ സ്ഥാനാർഥികൾ കുട്ടികളുടെ കളിക്കളം സന്ദർശിച്ച് ഫോട്ടോയെടുത്ത് സാമൂഹികമാധ്യമങ്ങളിലൂടെ വഴി പ്രചരിപ്പിക്കുന്നുണ്ട്.

കോടികൾ മുടക്കി നാദാപുരം ഗ്രാമപ്പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം പണിതത് യു.ഡി.എഫിന്റെ പ്രചാരണ ആയുധമാണ്. എന്നാൽ അശാസ്ത്രീയമായി നിർമിച്ച സ്റ്റേഡിയത്തിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ്. പ്രചാരണം നടത്തുന്നത്. വടകരയിൽ എൽ.ഡി.എഫിന്റെ പ്രധാന പ്രചാരണായുധം നാരായണനഗറിൽ പണിയുന്ന ആധുനിക ഇൻഡോർ സ്റ്റേഡിയമാണ്. എന്നാൽ യു.ഡി.എഫ്. ഇതിനെ നേരിടുന്നത് അന്താരാഷ്ട്രനിലവാരത്തിലുള്ള വലിയ സ്റ്റേഡിയം വടകരയിൽ അട്ടിമറിച്ചുവെന്ന് പറഞ്ഞാണ്.