കോഴിക്കോട് : എൽ.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തിയാൽ കോഴിക്കോടിനെ ഇന്ത്യയിലെ മികച്ച കോർപ്പറേഷനാക്കി മാറ്റുമെന്ന് എം.വി. ശ്രേയാംസ് കുമാർ എം.പി. പറഞ്ഞു. എ. പ്രദീപ് കുമാർ എം.എൽ.എ. നയിക്കുന്ന എൽ.ഡി.എഫ്. കോഴിക്കോട് ടൗൺ ഏരിയാ പ്രചാരണജാഥയുടെ സമാപനസമ്മേളനം പുതിയ കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ എൽ.ഡി.എഫ്. ഭരണകാലത്തുതന്നെ നഗരത്തിന്റെ സൗന്ദര്യവത്കരണമുൾപ്പടെയുള്ള വികസനപ്രവർത്തനങ്ങൾ യാഥാർഥ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമേ നൂതനപദ്ധതികൾ ആവിഷ്കരിച്ച് ഇന്ത്യയിലെ മികച്ച കോർപ്പറേഷനാക്കി മാറ്റുന്നതിനായുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കോർപ്പറേഷനിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതടക്കമുള്ള പദ്ധതികളാണ് പൂർത്തീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ബി.ജെ.പി.യും ഒരേ തൂവൽപ്പക്ഷികളാണ്. തങ്ങളെ എതിർക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തളർത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. കിഫ്ബിയെ എതിർക്കുന്നത് പ്രതിപക്ഷത്തിന് വികസനം ആവശ്യമല്ലാത്തതുകൊണ്ടാണോയെന്നും എം.പി. ചോദിച്ചു. വികസനം വരുമ്പോൾ അതിനെ അംഗീകരിക്കുന്നതാണ് രാഷ്ട്രീയമര്യാദയെന്നും എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷനിൽ രാഷ്ട്രീയംനോക്കാതെയാണ് വാർഡുകളിലെ വികസനങ്ങൾ നടപ്പാക്കുന്നതെന്ന് എ. പ്രദീപ്കുമാർ എം.എൽ.എ. പറഞ്ഞു. എന്നിട്ടും വെള്ളയിൽ വാർഡ് വികസനമുരടിപ്പ് നേരിടുകയാണ്. അത് മാറണമെന്നും അതിനായി ഇടതു കൗൺസിലർ വിജയിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളയിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പി.ടി. റാഫി അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോ.സെക്രട്ടറി പി. നിഖിൽ, അഡ്വ. രവീന്ദ്രനാഥ്, വെള്ളയിൽ വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.