കൊടുവള്ളി : തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാനമുന്നണികളിലെ സ്ഥാനാർഥികൾക്ക് അപരന്മാർ രംഗത്തുവരുന്നത് സാധാരണ പതിവാണ്. എന്നാൽ, കൊടുവള്ളിയിലെ സ്ഥിതി വ്യത്യസ്തമാണ്. സ്വതന്ത്രന്മാർക്കെതിരേയും ഇവിടെ അപരന്മാർ രംഗത്തുണ്ട്.

കൊടുവള്ളി നഗരസഭയിൽ ആകെയുള്ള 36-ൽ 18 ഡിവിഷനുകളിലും മുന്നണി സ്ഥാനാർഥികൾക്ക് ഭീഷണി ഉയർത്തി അപരന്മാർ മത്സരിക്കുന്നുണ്ട്.

ഡിവിഷൻ രണ്ട് വാവാട് വെസ്റ്റിലെ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെ സ്ഥാനാർഥികളുടെ പേര് ഒന്നായത് ഇരുവിഭാഗത്തെയും ആശങ്കപ്പെടുന്നു. ഐ.എൻ.എലിലെ കെ.പി. ബഷീറും മുസ്‌ലിം ലീഗിലെ ബഷീർ വി.പി.യുമാണ് ഏറ്റുമുട്ടുന്നത്.

ഡിവിഷൻ 32 ആനപ്പാറയിൽ യു.ഡി.എഫിലെ പരപ്പിൽ ഹംസക്കെതിരേ രണ്ട് അപര സ്ഥാനാർഥികൾ രംഗത്തുണ്ട്. ഓടക്കുഴൽ ചിഹ്നത്തിൽ ഒരു ഹംസയും ട്രംപറ്റ് ചിഹ്നത്തിൽ ഹംസ കെ.കെ.യുമാണ് അപരന്മാരായിട്ടുള്ളത്. ഇവിടെ എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി. നാസർകോയ തങ്ങൾക്ക് ആന്റിന ചിഹ്നത്തിൽ അബ്ദുൽനാസർ അപരനായി മത്സരിക്കുന്നുണ്ട്.

കരുവൻപൊയിൽ ഈസ്റ്റിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് കെ.കെ.യ്ക്ക്‌ എതിരായി രണ്ട് സിദ്ദീഖുമാർ അപരന്മാരായി രംഗത്തുണ്ട്. എൽ.ഡി.എഫിലെ വായോളി മുഹമ്മദ് മാസ്റ്ററും യു.ഡി.എഫിലെ ടി.കെ.പി. അബൂബക്കറുമാണ് ഇവിടെത്തെ പ്രധാന സ്ഥാനാർഥികൾ. ചുണ്ടപ്പുറം ഡിവിഷനിൽ സ്വതന്ത്രനായി മത്സരിക്കുന്ന കാരാട്ട് ഫൈസലിനും അപരനുണ്ട്. മൊബൈൽഫോൺ ചിഹ്നത്തിൽ മത്സരിക്കുന്ന കാരാട്ട് ഫൈസലിനെതിരേ ആപ്പിൾ ചിഹ്നത്തിലാണ് ഇവിടെ കെ. ഫൈസൽ എന്ന അപരനെ നിർത്തിയിരിക്കുന്നത്.

ഏഴ് ഡിവിഷനുകളിൽ എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും സ്ഥാനാർഥികൾക്ക് ഭീഷണിയായി അപരന്മാരുണ്ട്.

കളരാന്തിരി സൗത്ത്, പട്ടിണിക്കര, മാനിപുരം, കരീറ്റിപറമ്പ്, മുക്കിലങ്ങാടി, ചുള്ളിയാട്മുക്ക്, എരഞ്ഞോണ ഡിവിഷനുകളിലാണ് ഇരുമുന്നണികൾക്കും ഭീഷണിയുയർത്തി അപരനാമ സ്ഥാനാർഥികൾ നിഴൽയുദ്ധം നടത്തുന്നത്.