വടകര : കല്ലാമല ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ രൂപപ്പെട്ട തർക്കം പരിഹരിക്കാതെ കിടക്കവെ കെ. മുരളീധരൻ എം.പി. ഞായറാഴ്ച വടകര പാർലമെന്റ് മണ്ഡലത്തിൽ പ്രചാരണത്തിനെത്തി.

കൂത്തുപറമ്പിലും മണിയൂർ പഞ്ചായത്തിലുമാണ് എം.പി. പ്രചാരണം നടത്തിയത്. കല്ലാമല ഡിവിഷൻ ഉൾപ്പെടുന്ന ഭാഗത്ത് പ്രചാരണത്തിന് പോകുമോ എന്ന ചോദ്യത്തിന് ‘‘സമയമുണ്ടല്ലോ’’ എന്നായിരുന്നു മറുപടി.

ആ ഭാഗത്തെ ഗ്രാമപ്പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണം നടത്തുമെന്നും മുരളീധരൻ മാതൃഭൂമിയോടു പറഞ്ഞു. ഒരാഴ്ച പിന്നിട്ട തർക്കം പരിഹരിക്കാനുള്ള ചുമതല സംസ്ഥാന യു.ഡി.എഫ്. നേതൃത്വത്തിന് വിട്ടെങ്കിലും ഇതുവരെ പ്രശ്നപരിഹാരത്തിനുള്ള ഫോർമുല തെളിഞ്ഞിട്ടില്ല.

ജനകീയ മുന്നണി സ്ഥാനാർഥിയും കോൺഗ്രസ് സ്ഥാനാർഥിയും തമ്മിൽ സൗഹൃദമത്സരം, ഏതെങ്കിലും സ്ഥാനാർഥി പിന്മാറൽ തുടങ്ങിയ സാധ്യതകളെല്ലാം പരിശോധിച്ചിരുന്നു. എന്നാൽ ഇരുവിഭാഗവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ആ രീതിയിൽതന്നെ പ്രചാരണവും ശക്തമാവുകയാണ്.

തീരുമാനം എന്തായാലും അത് വലിയ പൊട്ടിത്തെറിയുണ്ടാക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.